3.6.12


മഅദനിയെ ജയിലിലാക്കിയതിനു പിന്നില്‍ എല്ലാ പാര്‍ട്ടിക്കാരും - എസ്.എ.ആര്‍.ഗീലാനി


കൊല്ലം:പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നും അദ്ദേഹത്തെ ജയിലില്‍ അടച്ചതിനു പിന്നില്‍ ഫാസിസ്റ്റ് ചായ്‌വുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ടെന്നും ന്യൂഡല്‍ഹി ജെ.എന്‍.യുവിലെ പ്രൊഫസറും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എസ്.എ.ആര്‍.ഗീലാനി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിചാരണക്ക് മുമ്പ് തന്നെ കുറ്റവാളിയാണെന്ന മുന്‍വിധിയാണ് മഅദനിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഒരു കുറ്റാരോപിതന് കിട്ടേണ്ട ജാമ്യം പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. മഅദനിക്കെതിരായ കേസുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം കെട്ടിച്ചമച്ചവയാണ്. രാഷ്ട്രീയപ്രേരിതമായ ഇത്തരം നടപടികള്‍ ജനാധിപത്യത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണ്.

ഏറെനാളായി ജയിലില്‍ കഴിയുന്ന മഅദനിയുടെ ആരോഗ്യനില വളരെ മോശമാണ്. രോഗങ്ങള്‍ മൂര്‍ച്ചിച്ച അവസ്ഥയില്‍ മാനുഷിക പരിഗണന അദ്ദേഹം അര്‍ഹിക്കുന്നുവെങ്കിലും വിചാരണ കോടതിയും ഹൈക്കോടതിയും ഒടുവില്‍ സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചു. ശരിയായ ചികിത്സ ലഭിക്കാത്തതുമൂലം അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. ഇടതുകണ്ണിന്റെ കാഴ്ചയും മങ്ങിവരികയാണ്. മഅദനിയുമായി ബന്ധപ്പെട്ട കേസിന്റെ വസ്തുത അന്വേഷിക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തക കെ.കെ.ശാഹിനക്കുണ്ടായ അനുഭവം എല്ലാവരും കണ്ടതാണ്. ഇതില്‍ നിന്ന് തന്നെ ആസൂത്രിത ശ്രമങ്ങളാണ് മഅദനിക്കെതിരെ നടക്കുന്നത് എന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒന്പതര വര്‍ഷം ജയിലില്‍ കിടന്ന മഅദനി നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു പുറത്തു വന്ന വ്യക്തിയാണ്. ഇപ്പോള്‍ മറ്റൊരു കേസില്‍ അദ്ദേഹം ഇരുമ്പഴിക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് നീതി ലഭിക്കേണ്ടത് രാജ്യത്തിന്റെയും നമ്മുടെ നീതിന്യായ വ്യവസ്ഥിയുടെയും മതേതര സങ്കല്‍പം നിലനില്‍ക്കേണ്ടതിന്റെയും ആവശ്യകതയാണ്. മഅദനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒരു വസ്തുതയുമില്ലെന്നു അദ്ദേഹത്തിന്റെ അഭിഭാഷകരോട് സംസാരിച്ചപ്പോള്‍ വ്യക്തമായെന്നും അദ്ദേഹത്തിനെതിരായ കേസില്‍ മുന്‍വിധികളല്ലാതെ മറ്റൊന്നുമില്ലെന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു.

പി.ഡി.പി. സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, സെക്രട്ടറി മുഹമ്മദ് റജീബ്, പി.ഡി.പി.കൊല്ലം ജില്ലാ പ്രസിഡണ്ട്‌ മൈലക്കാട് ഷാ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments: