8.6.12


മഅദനിയും മഹാശ്വേതയും ; തോന്നുമ്പോള്‍ ചലിക്കുന്ന നാവുകളും

സുനില്‍ഷ  കൊല്ലം 
 മലയാളിയുടെ ചിന്താശേഷി നീളുന്നത്‌ മിക്കപ്പോഴും ഓര്‍മ്മകള്‍ക്ക്  അതിവേഗം പൂപ്പല്‍ ബാധിക്കുന്നിടം വരെ മാത്രമാണ്. മറവിയുടെ കാര്യത്തില്‍ നാം ചൂണ്ടിക്കാട്ടുന്നത് അരണ എന്ന ജന്തുവിനെ ആണെങ്കില്‍ അത് കേരളീയനെന്നു തിരുത്താന്‍ എവിടെ ആണ് അപേക്ഷ നല്‍കേണ്ടത്?                                                                                                                                  
        
 ഒഞ്ചിയം വളര്‍ത്തി, തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന്, ഒടുവില്‍ താന്‍ സ്വയം പ്രതീക്ഷിച്ചത് പോലെ കിരാതമായ ഒരു ആക്രമണത്താല്‍ വിട പറയേണ്ടി വന്ന ചന്ദ്രശേഖരന്‍ നമുക്ക്  ത്യാഗത്തിന്റെ ചോരപ്പൊട്ടാണ്. ആ കൊലപാതകത്തെ ഭൂമി മലയാളത്തില്‍ ഒരു കുഞ്ഞും ന്യായീകരിച്ചിട്ടില്ല. ഇടുക്കിക്കാരന്‍ മണിയാശാന്‍ പോലും ഉള്ളു കൊണ്ട് അതിനെ അംഗീകരിക്കണമെന്നില്ല.തന്റെ പാര്‍ട്ടിക്ക് വേണ്ടി അരുതാത്തത് പറഞ്ഞ എം.എം. മണി നിയമ നടപടികളെ നേരിടുന്ന വര്‍ത്തമാന കാലത്തില്‍, ചന്ദ്രശേഖരന്‍ വധം ഇളക്കി വിട്ട കോലാഹലം വിശകലനം ചെയ്യാനും മനുഷ്യാവകാശ നിഷേധങ്ങളില്‍ നമുക്കുള്ള നിലപാടുകള്‍ വ്യക്തമാക്കാനും നിഷ്പക്ഷത കൈ മുതലാക്കിയ മലയാളികള്‍ തയ്യാറാകണം. 
           
  കുറെ നാള്‍ മുന്‍പ്  പി.ഡി.പി. ചെയര്‍മാന്‍  അബ്ദുന്നാസിര്‍ മഅദനി  എന്ന പച്ച മനുഷ്യനെ ഉപ്പും മുളകും കൂട്ടി വേവിക്കാതെ തന്നെ കഴിച്ച് ഏമ്പക്കവും വിട്ടു രാഷ്ട്രീയത്തിലും  തൊഴില്‍ മേഖലയിലും റേറ്റിംഗ് കൂട്ടിയ ഒരു വിഭാഗം ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴും അത് സാഹചര്യങ്ങള്‍ക്കനുസരിച്ച്  തുടരുന്നു.ചില രാഷ്ട്രീയ നേതാക്കളും അവരുടെ പാഷാണപുരാണങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങിയിരുന്ന സ്വ. ലേ. മാരും  പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മാധ്യമ സിണ്ടിക്കേറ്റ് ) മാനുഷിക വിഷയങ്ങളില്‍ നിന്നും ക്ലീനായി ഓടിയൊളിക്കുന്ന സാംസ്കാരിക നായകരും അടക്കം ഓരോ വിഷയങ്ങളിലും മലയാളിയുടെ വിവേകം ഇക്കൂട്ടര്‍  വിലക്ക് വാങ്ങിയിരിക്കുന്നു.                                                                          
           
  അന്‍വാര്‍ശേരിയില്‍ ആന മുട്ടയുടെ വലിപ്പമുള്ള ബോംബുകളും കുതിരക്കൊമ്പ് കൊണ്ടുണ്ടാക്കിയ മാരകായുധങ്ങളും ശേഖരിച്ചു വച്ചിട്ടുണ്ട് എന്ന് നൂറായിരം ഭാഷകളില്‍ കമന്ററി കാച്ചി , വേണ്ടി വന്നാല്‍ തങ്ങളുടെ ഫയലില്‍ നേരത്തെ ഷൂട്ട്‌ ചെയ്തു വച്ചിരിക്കുന്ന ആയുധങ്ങളും  മുഖം മൂടി ഇട്ട ചെക്കന്മാരുടെ ചിത്രങ്ങളും ചേര്‍ത്ത് സമൂഹത്തെ ഭയപ്പെടുത്തി വന്നിരുന്നവര്‍   ഇപ്പോള്‍ സി.പി.എമ്മിന്റെ പിന്നാലെ വിടാതെ പിന്തുടരുകയാണ്. ഒരു മണിക്കൂര്‍ നേരം മഅദനിയോടൊപ്പം  കുറ്റിപ്പുറത്ത് പിണറായി വേദി പങ്കിട്ടതില്‍ വന്ന കുശുമ്പു  മൂത്ത്  "അയ്യോ കേരള നാട് ഇടിഞ്ഞു വീഴാന്‍ പോകുന്നെ" എന്ന് ആര്‍ത്തു വിളിച്ചു കരഞ്ഞവര്‍ "കേരളത്തിലെ കൊടും ഭീകരനെ" വൈകാതെ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ അനന്തമായ വിചാരണത്തടവുകാരനാക്കാന്‍ വല്ലാതെ പണി എടുക്കുക ആയിരുന്നു.       വികലാംഗനും   രോഗിയും കോയമ്പത്തൂര്‍ ജയിലിലെ വിചാരണത്തടവുകാരനായി, പത്താണ്ടുകാലം അന്യായമായി കൊടിയ പീഡനം അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ് അബ്ദുന്നാസിര്‍ മഅദനി. ഒടുവില്‍ നിരപരാധി എന്ന പട്ടവും വാങ്ങി എല്ലാ വേദനകളും ഉള്ളിലൊതുക്കി പുഞ്ചിരിയോടെ പുറത്തു വന്ന  ആ പൊതു പ്രവര്‍ത്തകനെ  വീണ്ടും അറസ്റ്റു   ചെയ്തപ്പോള്‍ മഹാശ്വേത അടക്കമുള്ള സാംസ്കാരിക സിംഹങ്ങള്‍ ഉറക്കമായിരുന്നോ?                                                                                                  

                    മഅദനിയുടെ തോളോട് തോള്‍ ചേര്‍ന്ന് കുറ്റിപ്പുറത്ത് മര്‍ദ്ദിത ജനതയെ അഭിസംബോധന ചെയ്ത പിണറായിക്കാരന്  ഒരു മുട്ടന്‍ പണി  അന്നേ സാമ്രാജ്യത്വ കഴുകന്മാര്‍ നീക്കി വച്ചിരിക്കാം.അവസരം കിട്ടുമ്പോള്‍ കഴുത്തിനു പിടിക്കാം എന്നവര്‍ സംഘടിതമായി തീരുമാനിച്ചിട്ടുമുണ്ടാകാം.മഅദനിയെ  തീവ്രവാദമുദ്ര കുത്തി എത്ര വട്ടം ജയിലില്‍ അടച്ചാലും ഒരു പക്ഷേ "സകലമനുഷ്യാവകാശങ്ങ ളുടെയും വിളനിലമായ ഗ്വാണ്ടാനാമയില്‍" തടവിലാക്കിയാലും "നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ" എന്ന ജനാധിപത്യ   പ്രതിബദ്ധത  ഉച്ചത്തില്‍ വിളമ്പുന്നവര്‍ ഈ നാട്ടില്‍ ഉണ്ടാകുമെന്ന് സാമ്രാജ്യത്വ ദാസന്മാര്‍ക്ക്  നന്നായി അറിയാമായിരുന്നു.     
            
 മഅദനിയുടെ  ചോര വിറ്റ്  വോട്ടാക്കി  ഇടതു പക്ഷം കഴിഞ്ഞ തവണ നേടിയത് നൂറിനടുത്ത സീറ്റുകളാ യിരുന്നു.മുഖ്യമന്ത്രിപദം ഏറ്റെടുത്ത വി.എസ്‌. മണിക്കൂറുകള്‍ക്കകം   മഅദനി സ്നേഹം തുളുമ്പിനില്‍ക്കുന്ന ഒരു പത്ര സമ്മേളനം നടത്തി. എന്തായിരുന്നു മുഖ്യമന്ത്രി എന്ന നിലയില്‍  ഒരു മണിക്കൂര്‍ നീണ്ടു നിന്ന ആ പത്ര സമ്മേളനത്തിന്റെ   നാല്പതു മിനിട്ടും വി.എസ്‌. പറഞ്ഞ മ അദനി പുരാണം. ഹോ... ഓര്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളുന്നു. അന്നേ വിവരമുള്ളവര്‍ പറഞ്ഞു ഇത് തട്ടിപ്പായിരിക്കും  എന്ന്. എന്തായാലും വി.എസ്‌. അന്ന് വാക്ക്  പാലിച്ചു. അത്യാവശ്യം ചികില്‍സയൊക്കെ കിട്ടാന്‍ ശ്രമങ്ങള്‍ നടത്തി.
          
 പക്ഷേ ഇവരുടെ ഒന്നും സഹായം ഇല്ലാതെ തന്നെ കോടതിയില്‍ നിരപരാധിത്വം തെളിയിച്ചു പുറത്തു വന്ന മഅദനിക്ക്  അദ്ദേഹം ആവശ്യപ്പെടാതെ തന്നെ ബി.കാറ്റഗറി സുരക്ഷ നല്‍കിയത് വി.എസ്‌. ഗവണ്‍മെന്റ് ആയിരുന്നു. അല്പകാലം കഴിഞ്ഞ് സാക്ഷാല്‍  വി.എസും  മഅദനിയും അന്‍വാര്‍ശേരിയില്‍ വച്ച് നടന്ന   മാനവ സൗഹാര്‍ദ്ദ സമ്മേളനത്തില്‍ രണ്ടു മണിക്കൂര്‍ നേരം വേദി പങ്കിട്ടു. ഒരു കോലാഹലവും എവിടെയും ഉണ്ടായില്ല. എന്തും വിളിച്ചു പറയുന്ന ചില  നേതാക്കള്‍ തങ്ങളുടെ വൃത്തികെട്ട നാവുകള്‍ കൊണ്ട് താലിബാന്‍ കേന്ദ്രമാണ് അന്‍വാര്‍ശേരി എന്ന് കഴിഞ്ഞ പാര്‍ലമെന്റ്   തെരഞ്ഞെടുപ്പു കാലത്ത് വിശേഷിപ്പിക്കുകയുണ്ടായി എന്നുള്ളത്   പില്‍ക്കാല ചരിത്രം.                                        
         
  "ആകാശം ഇടിഞ്ഞു വന്നാലും അവിടെ നില്‍ക്കട്ടെ എന്ന് പറയുന്ന നേതാവാണ്‌ പിണറായി " എന്നാണ് കുറ്റിപ്പുറത്ത് മഅദനി പ്രസംഗിച്ചത്.  മഅദനി പറഞ്ഞ ആ കാര്യം ശരിയാണെന്ന് പില്‍ക്കാല ചരിത്രം നമ്മെ ബോധ്യപ്പെ ടുത്തുന്നു.അദ്ദേഹം ഇതുവരെ മഅദനിയെ തള്ളിപ്പറഞ്ഞിട്ടില്ല   എന്നതാണ് വസ്തുത . "ദേ  ഭീകരവാദി... അതാ തീവ്രവാദി എന്നൊക്കെ   പറഞ്ഞു ഞങ്ങളെ വിരട്ടല്ലേ"  എന്ന് മാധ്യമങ്ങളോട് പറയാനുള്ള ആര്‍ജ്ജവം പിണറായി കാട്ടുകയും ചെയ്തു.  
                  
  ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്‍   കണ്ടാല്‍ മതി എന്ന  ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തുന്ന എല്‍.ഡി.എഫ്. ലെ തന്നെ  മഹാന്മാര്‍  വിദഗ്ദമായി സി.പി.എമ്മിനെ കുളിപ്പിച്ച് കിടത്തി. യഥാര്‍ഥത്തില്‍ അവര്‍ പിണറായിയെ തോല്‍പ്പിക്കാനുള്ള വാശിയില്‍ സ്വന്തം തറവാട് കുളം തോണ്ടി എന്ന് പറയാം. കുറ്റം   മുഴുവന്‍ മഅദനിക്കും! പാര്‍ലമെന്റ്   തെരഞ്ഞെടുപ്പു കാലത്തെ വി.എസി ന്റെ ചിരിയില്‍ അശ്ലീലത കലര്‍ന്നിരിക്കുന്നു എന്ന് സുകുമാര്‍ അഴീക്കോട്  പോലും പറയുക ഉണ്ടായി.
                   
   ബി കാറ്റഗറി   സുരക്ഷയില്‍ കഴിഞ്ഞ ഒരാള്‍ എങ്ങനെ കിലോമീറ്ററുകള്‍ താണ്ടി, സംസ്ഥാന അതിര്‍ത്തികള്‍ കടന്ന്, പരസഹായത്തോടെ കുടകില്‍ പോയി എന്ന് ഇന്നും വി. എസ്‌. വ്യക്തമാക്കിയിട്ടില്ല. അങ്ങനെ പോയിട്ടുണ്ടെങ്കില്‍ അത് താങ്കളുടെ മന്ത്രി സഭയുടെ തന്നെ പരാജയം ആയിരുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ആരാണ് മറുപടി തരുന്നത്?  
                   
പുതിയ വാര്‍ത്തകള്‍ പ്രകാരം മഅദനി എന്ന പൊതു പ്രവര്‍ത്തകന്റെ കാഴ്ച നഷ്ട്ടപ്പെടുന്നു എന്നറിയാന്‍  കഴിയുന്നു. കേരളത്തില്‍   നിന്ന് അദ്ദേഹത്തെ  വീണ്ടും  കെട്ടുകെട്ടിച്ചിട്ടു  കൊല്ലം രണ്ടു തികയാന്‍ പോകുന്നു! ഇനിയും ഇതൊരു മനുഷ്യാവകാശ പ്രശ്നമായി മഹാശ്വേതാദേവിക്കും വി.എസ്‌. നും തോന്നുന്നില്ലേ? സാംസ്കാരിക നായകര്‍ക്കും മോഹന്‍ലാല്‍ അടക്കമുള്ള താര രാജാക്കന്മാര്‍ക്കും അനുഭവപ്പെടുന്നില്ലേ?   
                
  ഈ സന്ദര്‍ഭങ്ങള്‍   ഇവിടെ അവതരിപ്പിച്ചത് പത്രലേഖകരുടെ വി.എസിനോടുള്ള ചോദ്യത്തില്‍ നിന്നാണ്. താങ്കള്‍ എന്ത് കൊണ്ടാണ് കെ.കെ.രമയെ കാണാന്‍ വന്നതെന്ന     ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി വളരെ ഉദാത്തവും മനുഷ്യത്വപരവുമാണ്. 

     
  ഒരു വിധവയുടെ, ഭാര്യയുടെ, മാതാവിന്റെ ദുഖത്തില്‍ പങ്കു ചേരാന്‍ പാര്‍ട്ടി വിലക്കുകളെ മാനിക്കാതെ കടന്ന് ചെന്ന വി.എസ്‌.എന്തുകൊണ്ട് സൂഫിയ എന്ന മാതാവിനെ, ഭാര്യയെ കാണുന്നില്ല?

മൈനാഗപ്പള്ളിയിലെ തോട്ടുവാല്‍ മന്‍സിലില്‍ താമസിക്കുന്ന  അസുമാബീവി എന്ന മഅദനിയുടെ മാതാവിനെ കാണുന്നില്ല?

മകന് വേണ്ടിയും പാവങ്ങള്‍ക്ക് വേണ്ടിയും അധികാരികളുടെ വാതിലുകളില്‍ മുട്ടിവിളിച്ചു   ഒരു വശം തളര്‍ന്നു വീണു കിടക്കുന്ന മാതൃകാ അധ്യാപകനായ അബ്ദുസ്സമാദ് മാസ്റ്ററെ   കണ്ടില്ല?       

അന്‍വാറിലെ അനാഥ ക്കുഞ്ഞുങ്ങളുടെ ദുഃഖം കാണുന്നില്ല?

ഒഞ്ചിയത്തെ കണ്ണീരിനും അന്‍വാറിലെ കണ്ണീരിനും തുല്യ ഉപ്പുരസമല്ലേ? 

സലാഹുദ്ധീന്‍  അയ്യൂബിയും   ഉമര്‍ മുക്താറും ചന്ദ്ര ശേഖരന്റെ മകനെ പോലെ വികാര വിചാരങ്ങളുള്ള പാവം കുഞ്ഞുങ്ങളല്ലേ? 

പിണറായിക്ക്  തുറന്ന കത്തെഴുതിയ മഹാശ്വേതാദേവി അന്യായ തടങ്കല്‍ അനുഭവിക്കുന്ന നിരപരാധികളെ എന്തു കൊണ്ട് കാണുന്നില്ല?

മഅദനിയുടെ   കേസിന്റെ സത്യാവസ്ഥ തേടിപ്പോയ ഷാഹിന എന്ന പത്ര  പ്രവര്‍ത്തകയെ കള്ളക്കേസില്‍ കുടുക്കിയ കഥ അറിഞ്ഞില്ല ?

      ഇതൊക്കെ പറയാന്‍ ഈ നാട്ടില്‍ ഞങ്ങള്‍ കുറച്ചു പേരെ ഉള്ളൂ.. അധികാരത്തിന്റെ ചെങ്കോല്‍ ഒന്നും ഞങ്ങള്‍ക്ക്  കൈമാറേണ്ട.പാനപാത്രങ്ങള്‍ എല്ലാം നിങ്ങള്‍ എടുത്തോളൂ...

                 മുള്ളുവിരിച്ച പാതകളിലെ നഗ്നപാദ യാത്രികര്‍ക്കായി ആകാശത്തു കത്തിക്കാളുന്ന സൂര്യനും അതിനെ നിയന്ത്രിക്കുന്ന ദൈവവും മാത്രം.

ഒരിറ്റു നീരിനായി കുമ്പിള്‍ നീട്ടുമ്പോള്‍ ആ കൈകള്‍ തട്ടി മാറ്റാന്‍ പ്രജാപതിമാരും സാംസ്കാരിക നേതൃത്വവും തുനിയരുത്.

ഒരമ്മമാരും തനിക്കു പിറന്ന മക്കളുടെ വെട്ടിപ്പിളര്‍ന്നു വികൃതമാക്കിയ നിശ്ചേതന ശരീരങ്ങള്‍ കണ്ടു ഞെട്ടി ഉണരരുത്.  

ഭാര്യമാരെ   സങ്കടപ്പെരുമഴയില്‍  മുക്കി കിടാങ്ങള്‍ക്കൊപ്പം ഇറക്കി വിടരുത്.    

എല്ലാ പീഡിതരും എല്ലാ ജീവനുകളും തുല്യ വേദനയുടെ കമ്പളമാണ് പുതച്ചിരിക്കുന്നത്‌.

വാരിയെല്ല് കൊണ്ട് മൂടപ്പെട്ട ഹൃദയത്തിനുള്ളില്‍ അലിവിന്റെ  നറുമണം വീശാന്‍ ഓരോ കേരളീയനും മുന്നോട്ടു വരിക.     

ഓര്‍മ്മകള്‍ ഇടയ്ക്കു മുറിയുന്ന അല്‍ഷിമേഴ്സ് രോഗികളായി കേരളീയന്‍ മാറാതിരിക്കാന്‍ പ്രബുദ്ധത എന്ന മരുന്നു സേവിക്കുക...

മാനവികതക്കു വേണ്ടി അതിരുകളില്ലാതെ ഒന്നിക്കാന്‍ ഹൃദയ വിശാലത നാം ഓരോരുത്തരും കാണിക്കുക...                                      
അല്ലാത്തപക്ഷം അരണ ജനിക്കുന്നു... മരിക്കുന്നു...


വാല്‍ക്കഷ്ണം:-
മഅദനിയുടെ അന്യായ തടങ്കലിനെ   അനുകൂലിക്കുന്ന ഏതെങ്കിലും വ്യക്തികള്‍ ഉണ്ടെങ്കില്‍  അവരോടു  ഉണര്‍ത്താനുള്ളത് :

ഇന്റര്‍നെറ്റ്‌, നിറയെ വീഡിയോ ഗെയിം ഇന്‍ സ്റ്റാല്‍  ചെയ്ത കമ്പ്യൂട്ടര്‍ ,എല്‍.സി. ഡി. ടി വി., മൊബൈല്‍ ഫോണ്‍ ,വിഭവ സമൃദ്ധമായ ആഹാരം, എന്തും ചെയ്യാന്‍ സന്നദ്ധരായ പരിചാരകര്‍ തുടങ്ങിയവ ഒക്കെ തരാം. ഇതെല്ലാം ആസ്വദിച്ചു കൊണ്ട്  ഒരു മുറിയില്‍  അടച്ചു പൂട്ടി ഏകനായി ഇരുപത്തി നാല് മണിക്കൂര്‍ ഇരിക്കാന്‍  നിങ്ങള്‍ക്ക്‌ സാധിക്കുമോ? 

മാധ്യമ സുഹൃത്തുക്കളോട് ചോദിക്കുന്നു:

  ചികിത്സ ഇല്ലാതെ, കാഴ്ച ഇല്ലാതെ, പുറംലോകം കാണാതെ ഇരുട്ട്  ലോകത്തില്‍ ഒരു വ്യാഴവട്ടക്കാലം (പന്തീരാണ്ടു കൊല്ലം) പൂര്‍ത്തിയാക്കുന്ന മഅദനി അല്ല ന്യൂസ് മേക്കര്‍ എങ്കില്‍ പിന്നെ ആരാണ് ? 

No comments: