30.3.10

കെട്ടിച്ചമച്ച ലൌജിഹാദ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് മുസ്ലീം സമുദായത്തെ അപമാനിക്കുകയും മുസ്ലീങ്ങളുടെ വികാരങ്ങള്‍ വൃണപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ച് മലയാളമനോരമയ്ക്കും മാതൃഭൂമിക്കും എടവനക്കാട് മഹല്ലില്‍ വിലക്കേര്‍പ്പെടുത്തി. രണ്ട് മാസക്കാലത്തേക്കാണ് ഈ പത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എടവനക്കാട് മഹല്ലിലെ എല്ലാ മുസ്ലീം സംഘടനകളുമായും കൂടിയാലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു നീക്കത്തിന് തയ്യാറായതെന്ന് മഹല്ല് ഭാരവാഹികള്‍ പറയുന്നു. വിദ്യാഭ്യാസരംഗത്ത്‌ പുരോഗതിയിലേക്കു നീങ്ങുന്ന മുസ്ലീം സമുദായത്തെ തടയുന്നതുള്‍പ്പെടെ ഗൂഢോദ്ദേശ്യമാണു ലൗ ജിഹാദ്‌ കഥകള്‍ക്കു പിന്നിലെന്നു ജമാഅത്ത്‌ പ്രസിഡന്റ്‌ കെ എം അബ്ദുല്‍ മുജീബ്‌ അഭിപ്രായപ്പെടുന്നു.

“ഭീകരന്‍, തീവ്രവാദി, സ്ത്രീലമ്പടന്‍ എന്നിങ്ങനെയാണ് മനോരമയും മാതൃഭൂമിയും മുസ്ലീങ്ങളെ ചിത്രീകരിക്കുന്നത്. ലൗ ജിഹാദ്‌ കഥയുമായി മനോരമ പ്രസിദ്ധീകരിച്ച 'അവള്‍ ഇരയാണ്‌, അവിടെയും ഇവിടെയും' എന്ന പരമ്പര ഇരു പത്രങ്ങളുടെയും മുസ്ലീം സമുദായത്തിനോടുള്ള സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണ്‌.”

 
“പ്രണയത്തിന്റെ പേരില്‍ മതംമാറ്റത്തിന്‌ ആസൂത്രിത ശ്രമമെന്നു വാര്‍ത്ത നല്‍കി മുസ്ലിം യുവാക്കളെ ഭീകരരാക്കുകയാണു മാതൃഭൂമി ചെയ്തത്‌. ലൗ ജിഹാദിന്‌ തെളിവില്ലെന്ന ഡിജിപിയുടെ റിപോര്‍ട്ട്‌ വളച്ചൊടിച്ച്‌ വാസ്തവവിരുദ്ധമാക്കിയതും പത്രങ്ങളുടെ കാപട്യത്തിനു തെളിവാണ്‌. പ്രണയവിവാഹം പ്രത്യേക സമുദായത്തെ ലക്ഷ്യംവച്ചാണെന്ന ജസ്റ്റിസ്‌ ശശിധരന്‍ നമ്പ്യാരുടെ നിരീക്ഷണം മനോരമയും മാതൃഭൂമിയും മൂലയിലൊതുക്കി. മറ്റു സംഭവങ്ങളിലും ഈ പത്രങ്ങളുടെ നിലപാട്‌ വ്യത്യസ്തമായിരുന്നില്ല.” - അബ്ദുല്‍ മുജീബ്‌ പറയുന്നു.

ഒരു പ്രദേശത്തെ പ്രത്യേകസമുദായാംഗങ്ങള്‍ കേരളത്തിലെ രണ്ട് പ്രധാന പത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് കൌതുകത്തോടെയാണ് കേരളീയസമൂഹം കാണുന്നത്. ഈ പത്രങ്ങള്‍ക്ക് എടവനട്ടാട് മഹല്ലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറ്റ് സ്ഥലങ്ങളിലുള്ളവരും ഇതര സമുദായക്കാരും മാതൃകയാക്കിയാല്‍ പത്രപസിദ്ധീകരണ രംഗത്ത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാകും. എന്നാല്‍, ചില സമുദായങ്ങളെ താറടിച്ച് കാണിക്കാനുള്ള പത്രസ്ഥാപനങ്ങളുടെ ശ്രമത്തിന് ഇങ്ങിനെതന്നെയാണ് മറുപടി നല്‍കേണ്ടതെന്ന് വാദിക്കുന്നവരുമുണ്ട്

No comments: