26.6.12


മനുഷ്യാവകാശ മഹാ സമ്മേളനം വിജയിപ്പിക്കുക - പി.ഡി.പി.
 
പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഖനതിനും നീതി നിഷേധത്തിനും എതിരെ, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്  ജൂലയ്‌ 14 ന് പി.ഡി.പി. സംസ്ഥാന കമ്മിറ്റി കൊല്ലത്ത്  നടത്തുന്ന മനുഷ്യാവകാശ മഹാ സമ്മേളനവും റാലി യും വന്‍വിജയമാക്കാന്‍ പി.ഡി.പി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ് ആഹ്വാനം ചെയ്തു. കാസര്ഗോഡ് ആലിയ ഓഡിറ്റോരിയത്തില്‍ നടന്ന പി.ഡി.പി. കാസര്ഗോഡ് ജില്ല സമ്മേളന പ്രചാരണ കണ്‍വെന്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

16.6.12

എയര്‍ ഇന്ത്യ: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം -പി.സി.എഫ്.


ജിദ്ദ: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ഉടന്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ശക്തമാക്കണമെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യാ സമരം മൂലം അവധിക്കാലത്ത് നാട്ടില്‍ പോകേണ്ട പതിനായിരക്കണക്കിന് പ്രവാസികള്‍ കടുത്ത ദുരിതത്തിലായിട്ടും ഈ വിഷയത്തിന് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത പ്രവാസികളോടുള്ള ക്രൂരതയാണ്. ഈ സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രവാസികള്‍ എയര്‍ ഇന്ത്യ ബഹിഷ്‌കരിച്ച് മറ്റു വിമാനസര്‍വീസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും പി.സി.എഫ്. ജിദ്ദ സെക്രട്ടറിയേറ്റ് ഓര്‍മപ്പെടുത്തി. 
പ്രസിഡന്റ് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ കമ്മിറ്റിയംഗം പി.എ. മുഹമ്മദ് റാസി ഉദ്ഘാടനം ചെയ്തു. സുബൈര്‍ മൗലവി, ഇ.എം. അനീസ്, ഷിഹാബ് പൊന്മള, ജാഫര്‍ മുല്ലപ്പള്ളി, നാസര്‍ ചെമ്മാട്. അബ്ദുള്‍ റശീദ് ഓയൂര്‍ എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും മുസ്തഫ പുകയൂര്‍ നന്ദിയും പറഞ്ഞു. 

മഅ്ദനി മാധ്യമങ്ങള്‍ നിസംഗത വെടിയണം: പൂന്തുറ സിറാജ്


തിരൂരങ്ങാടി: അബ്ദുന്നാസര്‍ മഅ്ദനിയുടെ ജയല്‍വാസം രണ്ട് വര്‍ഷം തികയുന്ന വേളയില്‍ കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളും മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും നിസംഗത വെടിയാത്തത് അപലപനീയമാണെന്ന് പൂന്തുറ സിറാജ് പറഞ്ഞു. രണ്ട് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മഅ്ദനിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകണം. ടി പി വധവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ ഇടതുമുന്നണിയുടെ തകര്‍ച്ചയിലേക്ക് വഴി തെളിയിക്കുന്നത് ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പി ഡി പി നടത്തുന്ന കത്തയക്കല്‍ പരിപാടിയുടെ മേഖല പ്രകടനങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ചെമ്മാട് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം എ റസാഖ് ഹാജി അധ്യക്ഷത വഹിച്ചു.

15.6.12


സി.പി.എം. ജനകീയാടിത്തറ വിപുലപ്പെടുത്തണം -പി.ഡി.പി.

തൊടുപുഴ:നെയ്യാറ്റിന്‍കര പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ സി.പി.എം. ഉള്‍ക്കാഴ്ചയോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് പി.ഡി.പി. ജനപ്രിയ മുഖ്യമന്ത്രിക്ക് കിട്ടിയ അംഗീകാരമാണ് ഇപ്പോഴത്തെ വിജയമെന്നും പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

മദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഗവര്‍ണര്‍ക്ക് ഒരുലക്ഷം നിവേദനം അയയ്ക്കും. മദനി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. പ്രതിനിധിസംഘത്തെ കര്‍ണാടകയിലേക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ജൂലായ് 14ന് കൊല്ലത്ത് മഹാസംഗമവും റാലിയും നടത്തുമെന്നും സിറാജ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍മേത്തര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എം.സുലൈമാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 

13.6.12

ആസൂത്രിതമായ  രാഷ്ട്രീയ- ഫാസിസ്റ്റ്-  ഭരണകൂട ഗൂണ്ടാലോചനയുടെ ഭാഗമായി ചെയര്‍മാനെ  ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട ബംഗളുരു കേസ് വിചാരണ തുടങ്ങി 

ബംഗളൂരു: ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി അടക്കമുള്ള പ്രതികള്‍ക്ക് കുറ്റം ചുമത്തുന്ന നടപടി ചൊവ്വാഴ്ച തുടങ്ങി. കേസിലെ മുഖ്യപ്രതികളായ തടിയന്റവിട നസീര്‍, ഷഫാസ്, സെയ്നുദ്ദീന്‍ എന്ന സത്താര്‍ ഭായി, സര്‍ഫറാസ് നവാസ് തുടങ്ങി 18 പ്രതികളെ വിവിധ ജയിലുകളില്‍ നിന്ന് പരപ്പന അഗ്രഹാര ജയിലിലെത്തിച്ചാണ് നടപടി തുടങ്ങിയത്. ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന മറ്റൊരു പ്രതിയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഹാജരാക്കി. കേസില്‍ വിചാരണ തുടങ്ങുന്നതിനു മുന്നോടിയായാണ് ജയിലിനകത്ത് സജ്ജീകരിച്ച പ്രത്യേക കോടതിയില്‍ ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് പ്രതികള്‍ക്കുമേല്‍ കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിച്ചത്.
ദേശദ്രോഹമുള്‍പ്പടെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങള്‍ പ്രതികള്‍ പൂര്‍ണമായി നിഷേധിച്ചു. ഒമ്പതു പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നടന്ന സ്ഫോടനങ്ങളില്‍ രണ്ടിടത്തെ കുറ്റപത്രങ്ങളാണ് വായിച്ചു കേള്‍പ്പിച്ചത്. മടിവാള, കോറമംഗല എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളെ തുടര്‍ന്ന് തയാറാക്കിയ കുറ്റപത്രങ്ങളിലെ കുറ്റങ്ങളാണ് ഇന്നലെ ചുമത്തിയത്. ബാക്കിയുള്ളവ ബുധനാഴ്ച വായിച്ചു കേള്‍പ്പിക്കും. ജഡ്ജിയുടെ വാക്കുകള്‍ പ്രതികള്‍ക്ക് മലയാളത്തില്‍ പരിഭാഷപ്പെടുത്തുന്നതില്‍ വന്ന കാലതാമസമാണ് ബുധനാഴ്ചയിലേക്ക് നടപടികള്‍ നീളാന്‍ കാരണം. ദേശദ്രോഹം, രാജ്യത്തിനെതിരെ ഗൂഢാലോചന, നിരോധിത സംഘടനകളില്‍ അംഗങ്ങളായി ഭീകരപ്രവര്‍ത്തനം, നിയമവിരുദ്ധ പ്രവൃത്തികള്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ഫോടക വസ്തുക്കളുടെ ഉപയോഗം, വധശ്രമം, മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമെ രണ്ടു പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കുറ്റവും മഅ്ദനിക്കെതിരെ ചുമത്തിയിട്ടുണ്ട്. മഅ്ദനി ഈ കുറ്റവും നിഷേധിച്ചു. മഅ്ദനിക്കുവേണ്ടി അഡ്വ. പി. ഉസ്മാന്‍ ഹാജരായി. നസീറിനുവേണ്ടി ബി.എ. ആളൂരും മറ്റുള്ളവര്‍ക്കായി പി.ടി. വെങ്കിടേഷ്, ജഗദീഷ് എന്നിവരും ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ഗോപിനാഥാണ് കോടതിയിലെത്തിയത്. കശ്മീരില്‍ കൊല്ലപ്പെട്ട നാലു മലയാളികളുള്‍പ്പടെ കേസില്‍ 32 പ്രതികളാണുള്ളത്.
മഅ്ദനി 31ാം പ്രതിയാണ്. ഇതില്‍ മഅ്ദനിയെ കൂടാതെ രണ്ടു പേര്‍ മാത്രമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലുള്ളത്. മറ്റുള്ളവര്‍ വിവിധ ജയിലുകളിലായി തടവിലാണ്. എട്ടുപേരെ ഇനിയും പിടികൂടാനുണ്ട്. 2008ല്‍ ജൂലൈ 25നാണ് ബംഗളൂരുവില്‍ ഒമ്പതിടങ്ങളിലായി സ്ഫോടനം നടന്നത്. സംഭവത്തില്‍ രണ്ടു പേര്‍ മിരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഅ്ദനിയുള്‍പ്പടെ 32 പ്രതികളാണ് കേസിലുള്ളത്.

8.6.12


മഅദനിയും മഹാശ്വേതയും ; തോന്നുമ്പോള്‍ ചലിക്കുന്ന നാവുകളും

സുനില്‍ഷ  കൊല്ലം 
 മലയാളിയുടെ ചിന്താശേഷി നീളുന്നത്‌ മിക്കപ്പോഴും ഓര്‍മ്മകള്‍ക്ക്  അതിവേഗം പൂപ്പല്‍ ബാധിക്കുന്നിടം വരെ മാത്രമാണ്. മറവിയുടെ കാര്യത്തില്‍ നാം ചൂണ്ടിക്കാട്ടുന്നത് അരണ എന്ന ജന്തുവിനെ ആണെങ്കില്‍ അത് കേരളീയനെന്നു തിരുത്താന്‍ എവിടെ ആണ് അപേക്ഷ നല്‍കേണ്ടത്?                                                                                                                                  
        
 ഒഞ്ചിയം വളര്‍ത്തി, തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന്, ഒടുവില്‍ താന്‍ സ്വയം പ്രതീക്ഷിച്ചത് പോലെ കിരാതമായ ഒരു ആക്രമണത്താല്‍ വിട പറയേണ്ടി വന്ന ചന്ദ്രശേഖരന്‍ നമുക്ക്  ത്യാഗത്തിന്റെ ചോരപ്പൊട്ടാണ്. ആ കൊലപാതകത്തെ ഭൂമി മലയാളത്തില്‍ ഒരു കുഞ്ഞും ന്യായീകരിച്ചിട്ടില്ല. ഇടുക്കിക്കാരന്‍ മണിയാശാന്‍ പോലും ഉള്ളു കൊണ്ട് അതിനെ അംഗീകരിക്കണമെന്നില്ല.തന്റെ പാര്‍ട്ടിക്ക് വേണ്ടി അരുതാത്തത് പറഞ്ഞ എം.എം. മണി നിയമ നടപടികളെ നേരിടുന്ന വര്‍ത്തമാന കാലത്തില്‍, ചന്ദ്രശേഖരന്‍ വധം ഇളക്കി വിട്ട കോലാഹലം വിശകലനം ചെയ്യാനും മനുഷ്യാവകാശ നിഷേധങ്ങളില്‍ നമുക്കുള്ള നിലപാടുകള്‍ വ്യക്തമാക്കാനും നിഷ്പക്ഷത കൈ മുതലാക്കിയ മലയാളികള്‍ തയ്യാറാകണം. 
           
  കുറെ നാള്‍ മുന്‍പ്  പി.ഡി.പി. ചെയര്‍മാന്‍  അബ്ദുന്നാസിര്‍ മഅദനി  എന്ന പച്ച മനുഷ്യനെ ഉപ്പും മുളകും കൂട്ടി വേവിക്കാതെ തന്നെ കഴിച്ച് ഏമ്പക്കവും വിട്ടു രാഷ്ട്രീയത്തിലും  തൊഴില്‍ മേഖലയിലും റേറ്റിംഗ് കൂട്ടിയ ഒരു വിഭാഗം ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴും അത് സാഹചര്യങ്ങള്‍ക്കനുസരിച്ച്  തുടരുന്നു.ചില രാഷ്ട്രീയ നേതാക്കളും അവരുടെ പാഷാണപുരാണങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങിയിരുന്ന സ്വ. ലേ. മാരും  പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മാധ്യമ സിണ്ടിക്കേറ്റ് ) മാനുഷിക വിഷയങ്ങളില്‍ നിന്നും ക്ലീനായി ഓടിയൊളിക്കുന്ന സാംസ്കാരിക നായകരും അടക്കം ഓരോ വിഷയങ്ങളിലും മലയാളിയുടെ വിവേകം ഇക്കൂട്ടര്‍  വിലക്ക് വാങ്ങിയിരിക്കുന്നു.                                                                          
           
  അന്‍വാര്‍ശേരിയില്‍ ആന മുട്ടയുടെ വലിപ്പമുള്ള ബോംബുകളും കുതിരക്കൊമ്പ് കൊണ്ടുണ്ടാക്കിയ മാരകായുധങ്ങളും ശേഖരിച്ചു വച്ചിട്ടുണ്ട് എന്ന് നൂറായിരം ഭാഷകളില്‍ കമന്ററി കാച്ചി , വേണ്ടി വന്നാല്‍ തങ്ങളുടെ ഫയലില്‍ നേരത്തെ ഷൂട്ട്‌ ചെയ്തു വച്ചിരിക്കുന്ന ആയുധങ്ങളും  മുഖം മൂടി ഇട്ട ചെക്കന്മാരുടെ ചിത്രങ്ങളും ചേര്‍ത്ത് സമൂഹത്തെ ഭയപ്പെടുത്തി വന്നിരുന്നവര്‍   ഇപ്പോള്‍ സി.പി.എമ്മിന്റെ പിന്നാലെ വിടാതെ പിന്തുടരുകയാണ്. ഒരു മണിക്കൂര്‍ നേരം മഅദനിയോടൊപ്പം  കുറ്റിപ്പുറത്ത് പിണറായി വേദി പങ്കിട്ടതില്‍ വന്ന കുശുമ്പു  മൂത്ത്  "അയ്യോ കേരള നാട് ഇടിഞ്ഞു വീഴാന്‍ പോകുന്നെ" എന്ന് ആര്‍ത്തു വിളിച്ചു കരഞ്ഞവര്‍ "കേരളത്തിലെ കൊടും ഭീകരനെ" വൈകാതെ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ അനന്തമായ വിചാരണത്തടവുകാരനാക്കാന്‍ വല്ലാതെ പണി എടുക്കുക ആയിരുന്നു.       വികലാംഗനും   രോഗിയും കോയമ്പത്തൂര്‍ ജയിലിലെ വിചാരണത്തടവുകാരനായി, പത്താണ്ടുകാലം അന്യായമായി കൊടിയ പീഡനം അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ് അബ്ദുന്നാസിര്‍ മഅദനി. ഒടുവില്‍ നിരപരാധി എന്ന പട്ടവും വാങ്ങി എല്ലാ വേദനകളും ഉള്ളിലൊതുക്കി പുഞ്ചിരിയോടെ പുറത്തു വന്ന  ആ പൊതു പ്രവര്‍ത്തകനെ  വീണ്ടും അറസ്റ്റു   ചെയ്തപ്പോള്‍ മഹാശ്വേത അടക്കമുള്ള സാംസ്കാരിക സിംഹങ്ങള്‍ ഉറക്കമായിരുന്നോ?                                                                                                  

                    മഅദനിയുടെ തോളോട് തോള്‍ ചേര്‍ന്ന് കുറ്റിപ്പുറത്ത് മര്‍ദ്ദിത ജനതയെ അഭിസംബോധന ചെയ്ത പിണറായിക്കാരന്  ഒരു മുട്ടന്‍ പണി  അന്നേ സാമ്രാജ്യത്വ കഴുകന്മാര്‍ നീക്കി വച്ചിരിക്കാം.അവസരം കിട്ടുമ്പോള്‍ കഴുത്തിനു പിടിക്കാം എന്നവര്‍ സംഘടിതമായി തീരുമാനിച്ചിട്ടുമുണ്ടാകാം.മഅദനിയെ  തീവ്രവാദമുദ്ര കുത്തി എത്ര വട്ടം ജയിലില്‍ അടച്ചാലും ഒരു പക്ഷേ "സകലമനുഷ്യാവകാശങ്ങ ളുടെയും വിളനിലമായ ഗ്വാണ്ടാനാമയില്‍" തടവിലാക്കിയാലും "നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ" എന്ന ജനാധിപത്യ   പ്രതിബദ്ധത  ഉച്ചത്തില്‍ വിളമ്പുന്നവര്‍ ഈ നാട്ടില്‍ ഉണ്ടാകുമെന്ന് സാമ്രാജ്യത്വ ദാസന്മാര്‍ക്ക്  നന്നായി അറിയാമായിരുന്നു.     
            
 മഅദനിയുടെ  ചോര വിറ്റ്  വോട്ടാക്കി  ഇടതു പക്ഷം കഴിഞ്ഞ തവണ നേടിയത് നൂറിനടുത്ത സീറ്റുകളാ യിരുന്നു.മുഖ്യമന്ത്രിപദം ഏറ്റെടുത്ത വി.എസ്‌. മണിക്കൂറുകള്‍ക്കകം   മഅദനി സ്നേഹം തുളുമ്പിനില്‍ക്കുന്ന ഒരു പത്ര സമ്മേളനം നടത്തി. എന്തായിരുന്നു മുഖ്യമന്ത്രി എന്ന നിലയില്‍  ഒരു മണിക്കൂര്‍ നീണ്ടു നിന്ന ആ പത്ര സമ്മേളനത്തിന്റെ   നാല്പതു മിനിട്ടും വി.എസ്‌. പറഞ്ഞ മ അദനി പുരാണം. ഹോ... ഓര്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളുന്നു. അന്നേ വിവരമുള്ളവര്‍ പറഞ്ഞു ഇത് തട്ടിപ്പായിരിക്കും  എന്ന്. എന്തായാലും വി.എസ്‌. അന്ന് വാക്ക്  പാലിച്ചു. അത്യാവശ്യം ചികില്‍സയൊക്കെ കിട്ടാന്‍ ശ്രമങ്ങള്‍ നടത്തി.
          
 പക്ഷേ ഇവരുടെ ഒന്നും സഹായം ഇല്ലാതെ തന്നെ കോടതിയില്‍ നിരപരാധിത്വം തെളിയിച്ചു പുറത്തു വന്ന മഅദനിക്ക്  അദ്ദേഹം ആവശ്യപ്പെടാതെ തന്നെ ബി.കാറ്റഗറി സുരക്ഷ നല്‍കിയത് വി.എസ്‌. ഗവണ്‍മെന്റ് ആയിരുന്നു. അല്പകാലം കഴിഞ്ഞ് സാക്ഷാല്‍  വി.എസും  മഅദനിയും അന്‍വാര്‍ശേരിയില്‍ വച്ച് നടന്ന   മാനവ സൗഹാര്‍ദ്ദ സമ്മേളനത്തില്‍ രണ്ടു മണിക്കൂര്‍ നേരം വേദി പങ്കിട്ടു. ഒരു കോലാഹലവും എവിടെയും ഉണ്ടായില്ല. എന്തും വിളിച്ചു പറയുന്ന ചില  നേതാക്കള്‍ തങ്ങളുടെ വൃത്തികെട്ട നാവുകള്‍ കൊണ്ട് താലിബാന്‍ കേന്ദ്രമാണ് അന്‍വാര്‍ശേരി എന്ന് കഴിഞ്ഞ പാര്‍ലമെന്റ്   തെരഞ്ഞെടുപ്പു കാലത്ത് വിശേഷിപ്പിക്കുകയുണ്ടായി എന്നുള്ളത്   പില്‍ക്കാല ചരിത്രം.                                        
         
  "ആകാശം ഇടിഞ്ഞു വന്നാലും അവിടെ നില്‍ക്കട്ടെ എന്ന് പറയുന്ന നേതാവാണ്‌ പിണറായി " എന്നാണ് കുറ്റിപ്പുറത്ത് മഅദനി പ്രസംഗിച്ചത്.  മഅദനി പറഞ്ഞ ആ കാര്യം ശരിയാണെന്ന് പില്‍ക്കാല ചരിത്രം നമ്മെ ബോധ്യപ്പെ ടുത്തുന്നു.അദ്ദേഹം ഇതുവരെ മഅദനിയെ തള്ളിപ്പറഞ്ഞിട്ടില്ല   എന്നതാണ് വസ്തുത . "ദേ  ഭീകരവാദി... അതാ തീവ്രവാദി എന്നൊക്കെ   പറഞ്ഞു ഞങ്ങളെ വിരട്ടല്ലേ"  എന്ന് മാധ്യമങ്ങളോട് പറയാനുള്ള ആര്‍ജ്ജവം പിണറായി കാട്ടുകയും ചെയ്തു.  
                  
  ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്‍   കണ്ടാല്‍ മതി എന്ന  ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തുന്ന എല്‍.ഡി.എഫ്. ലെ തന്നെ  മഹാന്മാര്‍  വിദഗ്ദമായി സി.പി.എമ്മിനെ കുളിപ്പിച്ച് കിടത്തി. യഥാര്‍ഥത്തില്‍ അവര്‍ പിണറായിയെ തോല്‍പ്പിക്കാനുള്ള വാശിയില്‍ സ്വന്തം തറവാട് കുളം തോണ്ടി എന്ന് പറയാം. കുറ്റം   മുഴുവന്‍ മഅദനിക്കും! പാര്‍ലമെന്റ്   തെരഞ്ഞെടുപ്പു കാലത്തെ വി.എസി ന്റെ ചിരിയില്‍ അശ്ലീലത കലര്‍ന്നിരിക്കുന്നു എന്ന് സുകുമാര്‍ അഴീക്കോട്  പോലും പറയുക ഉണ്ടായി.
                   
   ബി കാറ്റഗറി   സുരക്ഷയില്‍ കഴിഞ്ഞ ഒരാള്‍ എങ്ങനെ കിലോമീറ്ററുകള്‍ താണ്ടി, സംസ്ഥാന അതിര്‍ത്തികള്‍ കടന്ന്, പരസഹായത്തോടെ കുടകില്‍ പോയി എന്ന് ഇന്നും വി. എസ്‌. വ്യക്തമാക്കിയിട്ടില്ല. അങ്ങനെ പോയിട്ടുണ്ടെങ്കില്‍ അത് താങ്കളുടെ മന്ത്രി സഭയുടെ തന്നെ പരാജയം ആയിരുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ആരാണ് മറുപടി തരുന്നത്?  
                   
പുതിയ വാര്‍ത്തകള്‍ പ്രകാരം മഅദനി എന്ന പൊതു പ്രവര്‍ത്തകന്റെ കാഴ്ച നഷ്ട്ടപ്പെടുന്നു എന്നറിയാന്‍  കഴിയുന്നു. കേരളത്തില്‍   നിന്ന് അദ്ദേഹത്തെ  വീണ്ടും  കെട്ടുകെട്ടിച്ചിട്ടു  കൊല്ലം രണ്ടു തികയാന്‍ പോകുന്നു! ഇനിയും ഇതൊരു മനുഷ്യാവകാശ പ്രശ്നമായി മഹാശ്വേതാദേവിക്കും വി.എസ്‌. നും തോന്നുന്നില്ലേ? സാംസ്കാരിക നായകര്‍ക്കും മോഹന്‍ലാല്‍ അടക്കമുള്ള താര രാജാക്കന്മാര്‍ക്കും അനുഭവപ്പെടുന്നില്ലേ?   
                
  ഈ സന്ദര്‍ഭങ്ങള്‍   ഇവിടെ അവതരിപ്പിച്ചത് പത്രലേഖകരുടെ വി.എസിനോടുള്ള ചോദ്യത്തില്‍ നിന്നാണ്. താങ്കള്‍ എന്ത് കൊണ്ടാണ് കെ.കെ.രമയെ കാണാന്‍ വന്നതെന്ന     ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി വളരെ ഉദാത്തവും മനുഷ്യത്വപരവുമാണ്. 

     
  ഒരു വിധവയുടെ, ഭാര്യയുടെ, മാതാവിന്റെ ദുഖത്തില്‍ പങ്കു ചേരാന്‍ പാര്‍ട്ടി വിലക്കുകളെ മാനിക്കാതെ കടന്ന് ചെന്ന വി.എസ്‌.എന്തുകൊണ്ട് സൂഫിയ എന്ന മാതാവിനെ, ഭാര്യയെ കാണുന്നില്ല?

മൈനാഗപ്പള്ളിയിലെ തോട്ടുവാല്‍ മന്‍സിലില്‍ താമസിക്കുന്ന  അസുമാബീവി എന്ന മഅദനിയുടെ മാതാവിനെ കാണുന്നില്ല?

മകന് വേണ്ടിയും പാവങ്ങള്‍ക്ക് വേണ്ടിയും അധികാരികളുടെ വാതിലുകളില്‍ മുട്ടിവിളിച്ചു   ഒരു വശം തളര്‍ന്നു വീണു കിടക്കുന്ന മാതൃകാ അധ്യാപകനായ അബ്ദുസ്സമാദ് മാസ്റ്ററെ   കണ്ടില്ല?       

അന്‍വാറിലെ അനാഥ ക്കുഞ്ഞുങ്ങളുടെ ദുഃഖം കാണുന്നില്ല?

ഒഞ്ചിയത്തെ കണ്ണീരിനും അന്‍വാറിലെ കണ്ണീരിനും തുല്യ ഉപ്പുരസമല്ലേ? 

സലാഹുദ്ധീന്‍  അയ്യൂബിയും   ഉമര്‍ മുക്താറും ചന്ദ്ര ശേഖരന്റെ മകനെ പോലെ വികാര വിചാരങ്ങളുള്ള പാവം കുഞ്ഞുങ്ങളല്ലേ? 

പിണറായിക്ക്  തുറന്ന കത്തെഴുതിയ മഹാശ്വേതാദേവി അന്യായ തടങ്കല്‍ അനുഭവിക്കുന്ന നിരപരാധികളെ എന്തു കൊണ്ട് കാണുന്നില്ല?

മഅദനിയുടെ   കേസിന്റെ സത്യാവസ്ഥ തേടിപ്പോയ ഷാഹിന എന്ന പത്ര  പ്രവര്‍ത്തകയെ കള്ളക്കേസില്‍ കുടുക്കിയ കഥ അറിഞ്ഞില്ല ?

      ഇതൊക്കെ പറയാന്‍ ഈ നാട്ടില്‍ ഞങ്ങള്‍ കുറച്ചു പേരെ ഉള്ളൂ.. അധികാരത്തിന്റെ ചെങ്കോല്‍ ഒന്നും ഞങ്ങള്‍ക്ക്  കൈമാറേണ്ട.പാനപാത്രങ്ങള്‍ എല്ലാം നിങ്ങള്‍ എടുത്തോളൂ...

                 മുള്ളുവിരിച്ച പാതകളിലെ നഗ്നപാദ യാത്രികര്‍ക്കായി ആകാശത്തു കത്തിക്കാളുന്ന സൂര്യനും അതിനെ നിയന്ത്രിക്കുന്ന ദൈവവും മാത്രം.

ഒരിറ്റു നീരിനായി കുമ്പിള്‍ നീട്ടുമ്പോള്‍ ആ കൈകള്‍ തട്ടി മാറ്റാന്‍ പ്രജാപതിമാരും സാംസ്കാരിക നേതൃത്വവും തുനിയരുത്.

ഒരമ്മമാരും തനിക്കു പിറന്ന മക്കളുടെ വെട്ടിപ്പിളര്‍ന്നു വികൃതമാക്കിയ നിശ്ചേതന ശരീരങ്ങള്‍ കണ്ടു ഞെട്ടി ഉണരരുത്.  

ഭാര്യമാരെ   സങ്കടപ്പെരുമഴയില്‍  മുക്കി കിടാങ്ങള്‍ക്കൊപ്പം ഇറക്കി വിടരുത്.    

എല്ലാ പീഡിതരും എല്ലാ ജീവനുകളും തുല്യ വേദനയുടെ കമ്പളമാണ് പുതച്ചിരിക്കുന്നത്‌.

വാരിയെല്ല് കൊണ്ട് മൂടപ്പെട്ട ഹൃദയത്തിനുള്ളില്‍ അലിവിന്റെ  നറുമണം വീശാന്‍ ഓരോ കേരളീയനും മുന്നോട്ടു വരിക.     

ഓര്‍മ്മകള്‍ ഇടയ്ക്കു മുറിയുന്ന അല്‍ഷിമേഴ്സ് രോഗികളായി കേരളീയന്‍ മാറാതിരിക്കാന്‍ പ്രബുദ്ധത എന്ന മരുന്നു സേവിക്കുക...

മാനവികതക്കു വേണ്ടി അതിരുകളില്ലാതെ ഒന്നിക്കാന്‍ ഹൃദയ വിശാലത നാം ഓരോരുത്തരും കാണിക്കുക...                                      
അല്ലാത്തപക്ഷം അരണ ജനിക്കുന്നു... മരിക്കുന്നു...


വാല്‍ക്കഷ്ണം:-
മഅദനിയുടെ അന്യായ തടങ്കലിനെ   അനുകൂലിക്കുന്ന ഏതെങ്കിലും വ്യക്തികള്‍ ഉണ്ടെങ്കില്‍  അവരോടു  ഉണര്‍ത്താനുള്ളത് :

ഇന്റര്‍നെറ്റ്‌, നിറയെ വീഡിയോ ഗെയിം ഇന്‍ സ്റ്റാല്‍  ചെയ്ത കമ്പ്യൂട്ടര്‍ ,എല്‍.സി. ഡി. ടി വി., മൊബൈല്‍ ഫോണ്‍ ,വിഭവ സമൃദ്ധമായ ആഹാരം, എന്തും ചെയ്യാന്‍ സന്നദ്ധരായ പരിചാരകര്‍ തുടങ്ങിയവ ഒക്കെ തരാം. ഇതെല്ലാം ആസ്വദിച്ചു കൊണ്ട്  ഒരു മുറിയില്‍  അടച്ചു പൂട്ടി ഏകനായി ഇരുപത്തി നാല് മണിക്കൂര്‍ ഇരിക്കാന്‍  നിങ്ങള്‍ക്ക്‌ സാധിക്കുമോ? 

മാധ്യമ സുഹൃത്തുക്കളോട് ചോദിക്കുന്നു:

  ചികിത്സ ഇല്ലാതെ, കാഴ്ച ഇല്ലാതെ, പുറംലോകം കാണാതെ ഇരുട്ട്  ലോകത്തില്‍ ഒരു വ്യാഴവട്ടക്കാലം (പന്തീരാണ്ടു കൊല്ലം) പൂര്‍ത്തിയാക്കുന്ന മഅദനി അല്ല ന്യൂസ് മേക്കര്‍ എങ്കില്‍ പിന്നെ ആരാണ് ? 

3.6.12


മഅദനിയെ ജയിലിലാക്കിയതിനു പിന്നില്‍ എല്ലാ പാര്‍ട്ടിക്കാരും - എസ്.എ.ആര്‍.ഗീലാനി


കൊല്ലം:പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നും അദ്ദേഹത്തെ ജയിലില്‍ അടച്ചതിനു പിന്നില്‍ ഫാസിസ്റ്റ് ചായ്‌വുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ടെന്നും ന്യൂഡല്‍ഹി ജെ.എന്‍.യുവിലെ പ്രൊഫസറും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എസ്.എ.ആര്‍.ഗീലാനി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിചാരണക്ക് മുമ്പ് തന്നെ കുറ്റവാളിയാണെന്ന മുന്‍വിധിയാണ് മഅദനിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഒരു കുറ്റാരോപിതന് കിട്ടേണ്ട ജാമ്യം പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. മഅദനിക്കെതിരായ കേസുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം കെട്ടിച്ചമച്ചവയാണ്. രാഷ്ട്രീയപ്രേരിതമായ ഇത്തരം നടപടികള്‍ ജനാധിപത്യത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണ്.

ഏറെനാളായി ജയിലില്‍ കഴിയുന്ന മഅദനിയുടെ ആരോഗ്യനില വളരെ മോശമാണ്. രോഗങ്ങള്‍ മൂര്‍ച്ചിച്ച അവസ്ഥയില്‍ മാനുഷിക പരിഗണന അദ്ദേഹം അര്‍ഹിക്കുന്നുവെങ്കിലും വിചാരണ കോടതിയും ഹൈക്കോടതിയും ഒടുവില്‍ സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചു. ശരിയായ ചികിത്സ ലഭിക്കാത്തതുമൂലം അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. ഇടതുകണ്ണിന്റെ കാഴ്ചയും മങ്ങിവരികയാണ്. മഅദനിയുമായി ബന്ധപ്പെട്ട കേസിന്റെ വസ്തുത അന്വേഷിക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തക കെ.കെ.ശാഹിനക്കുണ്ടായ അനുഭവം എല്ലാവരും കണ്ടതാണ്. ഇതില്‍ നിന്ന് തന്നെ ആസൂത്രിത ശ്രമങ്ങളാണ് മഅദനിക്കെതിരെ നടക്കുന്നത് എന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒന്പതര വര്‍ഷം ജയിലില്‍ കിടന്ന മഅദനി നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു പുറത്തു വന്ന വ്യക്തിയാണ്. ഇപ്പോള്‍ മറ്റൊരു കേസില്‍ അദ്ദേഹം ഇരുമ്പഴിക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് നീതി ലഭിക്കേണ്ടത് രാജ്യത്തിന്റെയും നമ്മുടെ നീതിന്യായ വ്യവസ്ഥിയുടെയും മതേതര സങ്കല്‍പം നിലനില്‍ക്കേണ്ടതിന്റെയും ആവശ്യകതയാണ്. മഅദനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒരു വസ്തുതയുമില്ലെന്നു അദ്ദേഹത്തിന്റെ അഭിഭാഷകരോട് സംസാരിച്ചപ്പോള്‍ വ്യക്തമായെന്നും അദ്ദേഹത്തിനെതിരായ കേസില്‍ മുന്‍വിധികളല്ലാതെ മറ്റൊന്നുമില്ലെന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു.

പി.ഡി.പി. സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, സെക്രട്ടറി മുഹമ്മദ് റജീബ്, പി.ഡി.പി.കൊല്ലം ജില്ലാ പ്രസിഡണ്ട്‌ മൈലക്കാട് ഷാ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2.6.12


ജനാധിപത്യത്തിന്റെ തൂണുകള്‍ ദുര്‍ബ്ബലമാകുന്നു-

പ്രൊഫ. എസ്.എ.ആര്‍. ഗിലാനി


ശാസ്താംകോട്ട: ജനാധിപത്യത്തിന്റെ നാല് തൂണുകളും പൊള്ളയായിരിക്കുകയാണെന്നും ഈ തൂണുകള്‍ക്ക് നീതി നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്നും, മഅദനി വിഷയത്തില്‍ കോടതികള്‍ മുന്‍ വിധിയോടെ ആണ് കാര്യങ്ങള്‍ വിലയിരുത്തുന്നതെന്നും  ന്യൂഡല്‍ഹി ജെ.എന്‍.യു.വിലെ പ്രൊഫ. എസ്.എ.ആര്‍. ഗിലാനി പറഞ്ഞു. മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍ നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അബ്ദുല്‍ നാസര്‍ മദനിയുടെ കാര്യത്തില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറക്കുന്നു. വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന മദനിയ്ക്ക് ജാമ്യം നിഷേധിക്കുന്നത് അപഹാസ്യമാണ്. രാജ്യത്തിന്റെ പൊതുസ്വത്ത് കട്ടുമുടിച്ചവര്‍ക്കുപോലും ജാമ്യം ലഭിക്കുമ്പോള്‍ മദനിക്ക് മാത്രം അത് നിഷേധിക്കുകയാണ് - അദ്ദേഹം പറഞ്ഞു. 

ഡോ. സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷത വഹിച്ചു. ടി.ആരിഫലി മുഖ്യപ്രഭാഷണം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. മനുഷ്യാവകാശസന്ദേശം അവതരിപ്പിച്ചു. മദനിയുടെ സന്ദേശം പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വായിച്ചു. ദക്ഷിണ കേരള ജം ഇയത്തുല്‍ ഉലമ വര്‍ക്കിങ് ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ആലത്തൂര്‍ സിദ്ധാശ്രമം സ്വാമി വിശ്വാഭദ്രാനന്ദ ശക്തി ബോധി, ബസേലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കത്തോലിക്കാ ബാവ, ഭാസുരേന്ദ്രബാബു, നീലലോഹിത ദാസന്‍ നാടാര്‍, അഡ്വ. കെ.പി. മുഹമ്മദ്, ഡോ. ഹുസൈന്‍ മടവൂര്‍, അഡ്വ. എസ്.പ്രഹ്ലാദന്‍, ടി.എ. അബ്ദുസമദ്, മൈലക്കാട് ഷാ, മുഹമ്മദ് റജീബ് തുടങ്ങിയവര്‍ സംസാരിച്ചു. എം.എസ്. അഹമ്മദ് കബീര്‍ അമാനി സ്വാഗതവും ടി.എ. ഹസ്സന്‍ അന്‍വാര്‍ശ്ശേരി നന്ദിയും പറഞ്ഞു.