16.10.10

ബംഗ്ലൂര്‍ ജയിലില്‍ നിന്നും കേരളത്തിലെ വോട്ടര്‍മാരോട് അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അഭ്യര്‍ത്ഥന

എന്റെ ബഹുമാന്യ സഹോദരീ സഹോദരന്മാര്‍ക്ക്,

നമ്മുടെ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പ്രദേശത്ത് നിന്നും മത്സരിക്കുന്ന പി.ഡി.പി.സ്ഥാനാര്‍ഥികളെ വോട്ടു ചെയ്തു വിജയിപ്പികണമെന്നു ഉണര്ത്താനാണ് ഞാന്‍ ഈ അഭ്യര്‍ത്ഥന നിങ്ങളിലേക്ക് എത്തിക്കുന്നത്.

എന്റെ പ്രിയ സഹോദരങ്ങള്‍ക്കോരുത്തര്‍ക്കും അറിയുന്നത് പോലെ കേരളത്തിലെ കഴിഞ്ഞ രണ്ടു തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലും ഞാന്‍ ജയിലില്‍ ആയിരുന്നു. അവിടെയിരുന്നു കൊണ്ട് ഇതുപോലെ ഒരു അഭ്യര്‍ത്ഥന നിങ്ങളിലെതിച്ചത് ഓര്‍ക്കുന്നുണ്ടാവും.നീണ്ട ഒന്‍പതര വര്‍ഷത്തെ തടവ്‌ ജീവിതത്തിന്റെ പീഢനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം 2007 ഓഗസ്റ്റ് ഒന്നിന് തീര്‍ത്തും നിരപരാധിയാണെന്ന കോടതി വിധിയിലൂടെ ജയില്മോചിതാനായപ്പോള്‍ നിങ്ങളും ഞാനും കരുതിയത് ഇനിയൊരിക്കലും ഇങ്ങനെ ഒരു പീഢനം  ഏറ്റുവാങ്ങേണ്ടിവരില്ലായിരിക്കുമെന്നാണ്. പക്ഷെ ഒരു പതിറ്റാണ്ട് കാലത്തോളം എന്നെ ജയിലില്‍ അടച്ചിട്ടും തൃപ്തി വരാതിരുന്ന ഫാസിസ്റ്റ് ഭീകരര്‍ വീണ്ടും ഇക്കഴിഞ്ഞ റമദാന്‍ മാസത്തില്‍ നോമ്പുകാരനായിരിക്കെ എന്നെ മറ്റൊരു കള്ളക്കേസ്സില്‍ കുടുക്കി ബംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ അടക്കുകയും ചെയ്തു. ഇവിടെ ആശുപത്രിയോട്‌ ചേര്‍ന്ന ഒരു സെല്ലില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിരീക്ഷണ കാമറക്കുമുന്നില്‍ എന്റെ ദിനരാത്രങ്ങള്‍ കഴിഞ്ഞുകൊണ്ടിരിക്കുന്നു.

നിരവധി പ്രമാദമായ കേസ്സുകളില്‍ പ്രതികളായ പാകിസ്ഥാന്കാരും, ആഫ്രിക്കക്കാരും, യൂറോപ്യന്‍കാരും ഉള്‍പ്പെടെ അയ്യായിരത്തോളം തടവുകാരുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജയിലുകളിലൊന്നായ ഇവിടെ സി.സി.കാമറ ഘടിപ്പിച്ചു ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്ന ഒരേ ഒരു സെല്ല് ഞാന്‍ താമസിക്കുന്ന സെല്ല് മാത്രമാണെന്നറിയുമ്പോള്‍ എങ്ങനെയാണ് എന്നെ ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് എന്റെ പ്രിയ സഹോദരങ്ങള്‍ക്ക്‌ മനസ്സിലാവുമല്ലോ ?ഇരുപത്തി ഒമ്പതാമത്തെ വയസ്സില്‍ വധശ്രമത്തെ അഭിമുഖീകരിക്കേണ്ടി വരികയും വലതുകാല്‍ മുറിച്ചുമാറ്റപ്പെടെണ്ടി  വന്നതും മുപ്പത്തി മൂന്നാമത്തെ വയസ്സില്‍ ഒറ്റക്കാലില്‍ ജീവിക്കുന്ന അവസ്ഥയില്‍ ഒരു പതിറ്റാണ്ടോളം ജയിലിലടച്ചു പീഡിപ്പിച്ചതും ട്രയല്‍ കോടതിയും ഹൈക്കൊടതിയുമെല്ലാം നിരപരാധി എന്ന് വിധിച്ചു ജയില്‍ മോചിതനാക്കിയിട്ടും പച്ചക്കള്ളങ്ങള്‍ ചമച്ചു വീണ്ടും അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു പീഡിപ്പിക്കുന്നതുമെല്ലാം ഞാന്‍ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും മര്‍ദ്ദിത-പീഡിത സമൂഹങ്ങളുടെ കൂട്ടായ്മക്കായി ആത്മാര്‍ഥമായി ശ്രമിച്ചു എന്നുള്ള ഒറ്റക്കാരണം കൊണ്ടാണെന്ന യാദാര്‍ത്ഥ്യം എന്റെ പ്രിയ സഹോദരങ്ങള്‍ക്കറിയാവുന്നതാണ്.

മര്‍ദ്ദിത സഹോദരങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളുന്നുവെന്നതിന്റെ പേരില്‍ മാത്രം നിരന്തരമായ പീടനങ്ങള്‍ക്ക് എന്നെ വിധേയമാക്കിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ പ്രിയ സഹോദരീ സഹോദരന്മാര്‍  എന്നോടും എന്റെ പ്രസ്ഥാനത്തോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ കാണണം. എന്റെ പ്രസ്ഥാനമായ പി.ഡി.പി.യുടെ പ്രതിനിധിയായി നിങ്ങളുടെ പ്രദേശത്ത് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ വോട്ടു നല്‍കി വിജയിപ്പികണമെന്നു ഞാന്‍ വിനയപൂര്‍വ്വം ഉണര്‍ത്തുന്നു. അതോടൊപ്പം നിങ്ങള്‍ ഓരോരുത്തരുടെയും ആത്മാര്‍ഥമായ പ്രാര്‍ത്ഥന ഈ സഹോദരന് വേണ്ടി എപ്പോഴുമുണ്ടാകണമെന്നു അഭ്യര്തിക്കുകയും ചെയ്യുന്നു.

പരപ്പന അഗ്രഹാര ജയിലില്‍ നിന്നും നിങ്ങളുടെ വിനീത സഹോദരന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി

No comments: