8.8.13

മഅദനിയുടെ ജാമ്യാപേക്ഷ നീട്ടി

Abdul_Nasar_Madaniബാംഗ്ലൂര്‍:ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി നീട്ടി. അടുത്ത ആഴ്ചത്തേക്കാണ് മാറ്റിയത്. മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ സുപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി.
പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലാണ് മഅ്ദനിയുടെ വിചാരണ നടക്കുന്നത്. അറസ്റ്റ് ചെയ്തിട്ട് മൂന്ന് വര്‍ഷമായെങ്കിലും ഒരു വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. ഇതുവരെ 60ഓളം പ്രോസിക്യൂഷന്‍ ഭാഗം സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളെ ഇനി വിസ്തരിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ജാമ്യ ഹരജി പരിഗണിച്ചപ്പോള്‍ മഅദനിക്കെതിരെ പ്രോസിക്യൂഷന്‍ ഗുരുതരമായ ആരോപണങ്ങള്‍ നടത്തിയിരുന്നു. മഅദനി സ്ഥിരം കുറ്റവാളിയാണെന്നും 50ലധികം സ്‌ഫോടനകേസുകളില്‍ പ്രതിയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

24.2.13

മഅ്ദനി: പി.ഡി.പി പ്രക്ഷോഭം ശക്തമാക്കുന്നു

വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് നയിക്കുന്ന സമര സന്ദേശ യാത്ര മേയ് 10 ന് കാസര്‍കോട്ടുനിന്ന് ആരംഭിക്കും. ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. മൂന്ന് മുതല്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ നിരാഹാരസമരം  ആരംഭിക്കുമെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയിലറയില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന അവസ്ഥയിലാണ് മഅ്ദനി കഴിയുന്നത്. ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍െറ കാഴ്ച 30 ശതമാനം മാത്രമാണ്. പ്രമേഹം വളരെ ഉയര്‍ന്ന അവസ്ഥയിലായതിനാല്‍ കണ്ണിന് ശസ്ത്രക്രിയ നടത്താനാകുന്നില്ല. കടുത്ത ശ്വാസതടസ്സവും അനുഭവിക്കുകയാണ്. ഇപ്പോള്‍ ഫലത്തില്‍ ആയുര്‍വേദ ചികിത്സയും അലോപ്പതി ചികിത്സയും ഇല്ലാത്ത അവസ്ഥയിലാണ്. ഈ അവസ്ഥയിലും അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയത് കടുത്ത അനീതിയാണ്.
‘ജീവന്‍ തരാം മഅ്ദനിയെ തരൂ’  എന്ന ആവശ്യവുമായി നടത്തുന്ന തുടര്‍ പ്രക്ഷോഭത്തിന്‍െറ ഭാഗമായി മണ്ഡലംതല പ്രചാരണ കണ്‍വെന്‍ഷനുകള്‍ തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. ജില്ലാതല കണ്‍വെന്‍ഷനുകള്‍ മാര്‍ച്ച് 16 മുതല്‍ 31 വരെയും നടക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ജനസഭകളും സംഘടിപ്പിക്കും. ഏപ്രില്‍ 15 ന് സംസ്ഥാനതല സമരസംഗമം എറണാകുളത്ത് നടത്തുമെന്നും പൂന്തുറ സിറാജ് അറിയിച്ചു. വൈസ് ചെയര്‍മാന്മാരായ സുബൈര്‍ സബാഹി, വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, നിസാര്‍ മത്തേര്‍, മുഹമ്മദ് റജീബ്  എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

19.2.13

ചെയര്‍മാനെ അഗര്‍വാള്‍ ആശുപത്രിയില്‍ 


പരിശോധനക്ക് വിധേയനാക്കി

ബംഗളൂരു: സൗഖ്യ ഹോളിസ്റ്റിക് ആന്‍ഡ് ഇന്‍റഗ്രേറ്റഡ് മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അഗര്‍വാള്‍ ഐ ഹോസ്പിറ്റലില്‍ പരിശോധനക്ക് വിധേയനാക്കി. നേരത്തേ ഫെബ്രുവരി 10ന് നടത്തിയ ഡയബറ്റിക് റെറ്റിനോപതി ചികിത്സയുടെ ഭാഗമായി വലത് കണ്ണിനു നടത്തിയ തിമിരനീക്ക ചികിത്സയുടെ പുരോഗതി വിലയിരുത്താനാണ് പരിശോധന നടത്തിയത്. 20 ശതമാനം കാഴ്ച ശക്തിയുള്ള ഇടതുകണ്ണിന് ലേസര്‍ ചികിത്സയും അന്ന് നടത്തിയിരുന്നു.
ചൊവ്വാഴ്ച്ച പതിനൊന്നുമണിയോടെ അഗര്‍വാള്‍ ആശുപത്രിയിലെത്തിയ മഅ്ദനി ചികിത്സക്കുശേഷം സൗഖ്യയിലേക്ക് മടങ്ങി. വലതുകണ്ണിന്‍െറ കാഴ്ച നേരിയതോതിലെങ്കിലും വീണ്ടെടുക്കാന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും വീണ്ടും ജയിലിലേക്ക് മടങ്ങുന്നതിനാല്‍ ഇത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
സൗഖ്യയിലെ ചികിത്സക്കുശേഷം വ്യാഴാഴ്ച മഅ്ദനി പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങും. സൗഖ്യ, അഗര്‍വാള്‍ കണ്ണാശുപത്രി, മണിപ്പാല്‍ മെഡിക്കല്‍ സെന്‍റര്‍ എന്നിവടങ്ങളില്‍ മഅ്ദനിക്ക് നല്‍കിയ പൂര്‍ണവിവരങ്ങളും ഇനി ചെയ്യേണ്ട ചികിത്സ സംബന്ധിച്ച നിര്‍ദേശങ്ങളുമടങ്ങിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്ന് പുറത്തിറക്കുമെന്ന് ഡോ.ഐസക് മത്തായി നൂറനാല്‍ പറഞ്ഞു.


31.1.13

മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ വിചാരണ വേഗത്തിലാക്കണം -ചെന്നിത്തല

മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ വിചാരണ  വേഗത്തിലാക്കണം -ചെന്നിത്തല
ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ‘മാനിഷാദ’ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: അകാരണമായി കര്‍ണാടക ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ വിചാരണ വേഗത്തിലാക്കാന്‍ ജുഡീഷ്യറി മുന്നോട്ടുവരണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ‘ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം’ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച മാനിഷാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഇന്ത്യന്‍ ജുഡീഷ്യറിയുടെ തെറ്റായ വശമാണ് മഅ്ദനിയുടെ ജയില്‍വാസത്തിലൂടെ പുറത്തെത്തുന്നത്. മാനസിക പീഡനങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് അദ്ദേഹം ജയിലില്‍ കഴിയുന്നത്. നിയമം നിയമത്തിന്‍െറ വഴിക്ക് പോകുന്നതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് നീതി കിട്ടേണ്ടതുണ്ട്. അതിന് എത്രയും വേഗം വിചാരണ നടത്തി വസ്തുത പുറത്തു കൊണ്ടുവരുകയാണ് വേണ്ടത്.  സംശയത്തിന്‍െറ പുറത്ത് അനന്തമായി ജയിലില്‍ അടക്കുന്നത് ന്യായീകരിക്കാനാവില്ല. മനുഷ്യത്വ പരമായ സമീപനം കര്‍ണാടക സര്‍ക്കാറിന്‍െറയും ജുഡീഷ്യറിയുടെയും ഭാഗത്തു നിന്നുണ്ടാകണം.  വിചാരണ വേഗം നടത്തേണ്ടത് കര്‍ണാടക കോടതിയുടെയും ഇന്ത്യന്‍ ജുഡീഷ്യറിയുടെയും  ഉത്തരവാദിത്തമാണ്-അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ നിയമം കാറ്റില്‍ പറത്തുകയാണെന്ന് മുഖ്യാതിഥി പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍  ആരോപിച്ചു. മഅ്ദനിയുടെ മോചനത്തിനുവേണ്ടിയുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ തുടരണം.നീതി എന്ന അവകാശം മഅ്ദനിക്ക് നിഷേധിക്കുകയാണെന്നും മോചനത്തിന് വേണ്ടി ഒറ്റക്കെട്ടായ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കാണ് മഅ്ദനിയുടെ ജയില്‍വാസം വിരല്‍ ചൂണ്ടുന്നതെന്ന് സി.പി.എം കാസര്‍കോട് ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ പറഞ്ഞു. അതിപ്രാകൃതമായ രീതിയിലാണ് രാജ്യത്ത് മനുഷ്യാവകാശം ഹനിക്കപ്പെടുന്നത്. 11 വയസ്സുള്ള കുട്ടിയെ കേരളത്തില്‍ ഭീകരവാദിയായി ചിത്രീകരിച്ച് പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കേരളം വേണ്ടത്ര ഉണര്‍ന്നില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മഅ്ദനിക്കുവേണ്ടി നടത്തുന്ന എല്ലാ ജനകീയ സമരങ്ങള്‍ക്കും സി.പി.എമ്മിന്‍െറ ഐക്യദാര്‍ഢ്യം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
മഅ്ദനിക്ക് വേണ്ടിയുള്ള സമരം മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള സമരമായി വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കരിനിയമങ്ങള്‍ക്കെതിരെയുള്ള ജനാധിപത്യ പോരാട്ടമായി ഈ സമരം മാറണം. മഅ്ദനിക്ക് നീതി നല്‍കുന്നതിന്‍െറ ആദ്യപടിയായി ജാമ്യം നല്‍കുകയാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു.
മനുഷ്യത്വത്തിന് നിരക്കാത്ത പ്രവൃത്തിയാണ് മഅ്ദനിയെ ജയിലിലടച്ച സംഭവമെന്ന്  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. അകാരണമായി മഅ്ദനിയെ തടവിലാക്കിയ സംഭവം രാജ്യത്തിനുതന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു.

13.1.13

മഅ്ദനിയെ ജയിലില്‍ ഇല്ലായ്മ ചെയ്യാന്‍ ഗൂഢശ്രമം -പി.ഡി.പി

കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിയെ ജയിലില്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ ആസൂത്രിതശ്രമങ്ങള്‍ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. മഅ്ദനിക്ക്  വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും  ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നുമാണ് കര്‍ണാടക പൊലീസ് സര്‍ക്കാറിനും കോടതികള്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍, അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍  പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനുകള്‍ മഅ്ദനിയുടെ ആരോഗ്യനില  അതീവഗുരുതരമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്്.
ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണം. ഇതിനു പിന്നിലെ ഗൂഢാലോചനെയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാറിന് നിവേദനം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് മഅ്ദനിയുടെ ചികിത്സ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ചികിത്സക്ക് ശേഷം അദ്ദേഹത്തെ ജയിലിലേക്കയച്ചാല്‍ ആരോഗ്യനില വീണ്ടും വഷളാവും. അതിനാല്‍ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണം. അതിനായി എല്ലാ കോണുകളില്‍നിന്നും സമ്മര്‍ദം ഉയരണം. മുസ്ലിംലീഗ് ഇക്കാര്യത്തില്‍ സ്വീകരിച്ച അനുകൂല നടപടികള്‍ക്ക് നന്ദി പറയാനും വീണ്ടും ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെടാനും പി.ഡി.പി പ്രതിനിധിസംഘം പാണക്കാട് സന്ദര്‍ശിക്കും. മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്നും സിറാജ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ  സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, നിസാര്‍ മത്തേര്‍, ജില്ലാ പ്രസിഡന്‍റ് എന്‍.കെ. മുഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.

7.1.13

പ്രവാസികള്‍ മഅദനിക്കു വേണ്ടി ശബ്ദിക്കണം 

-ജമീലാ പ്രകാശം എം.എല്‍.എ.



ജിദ്ദ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജയില്‍മോചനം ആവശ്യപ്പെട്ട് 'മഅദനിയെ തരൂ ജീവന്‍ തരാം' എന്ന മുദ്രാവാക്യം ഉയര്‍ത്തി പി.ഡി.പി. സംസ്ഥാനക്കമ്മിറ്റി നടത്തുന്ന മനുഷ്യാവകാശ കാമ്പയിന്റെയും സമരങ്ങളുടെയും ഗള്‍ഫ്തല ഉദ്ഘാടനം ജിദ്ദയില്‍ നടന്നു. പി.സി.എഫ്. ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശസംഗമത്തിന്റെ ഉദ്ഘാടനം കോവളം എം.എല്‍.എ. ജമീലാ പ്രകാശം ഓണ്‍ലൈന്‍വഴി ഉദ്ഘാടനംചെയ്തു. പിന്നാക്ക ദളിത് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വിമോചനത്തിനും അധികാരസ്ഥാനങ്ങളില്‍ മാറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും ശ്രമിച്ചതിന്റെ പേരിലാണ് മഅദനി നിരന്തരം ഇരയാക്കപ്പെടുന്നതെന്നും നിരന്തരമായ നീതിനിഷേധത്തിനും തുല്യതയില്ലാത്ത മനുഷ്യാവകാശധ്വംസനത്തിനും ഇരയായി മഅദനിയുടെ രണ്ടാം ജയില്‍വാസം മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന് സാമാന്യനീതിയും മനുഷ്യാവകാശവും ലഭ്യമാക്കാന്‍ മുഴുവന്‍ പ്രവാസികളും ശബ്ദമുയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ ഐ.ബി. ഉള്‍പ്പെടെയുള്ള ചില സംവിധാനങ്ങള്‍ രാജ്യത്തെ പ്രബല ന്യൂനപക്ഷവിഭാഗമായ മുസ്‌ലിം സമുദായത്തെ സംശയത്തോടെ നോക്കിക്കാണുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും അപമാനമാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഅദനി ഉള്‍പ്പെടെ നിരപരാധികളായ മുസ്‌ലിം സമുദായാംഗങ്ങളെ ഭീകരവിരുദ്ധനിയമത്തിന്റെ മറവില്‍ വര്‍ഷങ്ങളോളം വിചാരണയും ജാമ്യവും നല്‍കാതെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 
ശാരീരികമായി കടുത്ത അവശതയനുഭവിക്കുന്ന മഅദനിയുടെ ആരോഗ്യനില അതിഗുരുതരമാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്തവില നല്‍കേണ്ടി വരുമെന്നും, കര്‍ണാടക സര്‍ക്കാര്‍ മഅദനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കോടതികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംഗമത്തില്‍ സംബന്ധിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. മഅദനിക്ക് നീതി ലഭിക്കാന്‍വേണ്ടിയുള്ള പോരാട്ടത്തിന് സംഗമത്തില്‍ പങ്കെടുത്ത വിവിധ സംഘടനാനേതാക്കള്‍ തങ്ങളുടെ സംഘടനയുടെ പൂര്‍ണപിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. 
ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യാവകാശസംഗമത്തില്‍ പി.സി.എഫ്. സൗദി നാഷണല്‍ ജനറല്‍കണ്‍വീനര്‍ അഷറഫ് പൊന്നാനി അധ്യക്ഷതവഹിച്ചു. പി.സി.എഫ്. ജിദ്ദ ഘടകം ആക്ടിങ് സെക്രട്ടറി അബ്ദുല്‍റസാഖ് മാസ്റ്റര്‍ മമ്പുറം മഅദനിയുടെ സന്ദേശം വായിച്ചു. വിവിധ സംഘടനാനേതാക്കളായ വി.കെ. റഊഫ് (നവോദയ), പി.എം.എ. ജലീല്‍ (കെ.എം.സി.സി.) കുഞ്ഞാവുട്ടി എ. ഖാദര്‍ (ഐ.എം.സി.സി.), പി.എ. മുഹമ്മദ് റാസിം (പി.സി.എഫ്.), പി.എ. മുഹമ്മദ് (ജംഇയ്യത്തുല്‍ അന്‍സാര്‍), മുജീബ് എ.ആര്‍.നഗര്‍ (ഐ.സി.എഫ്.), ഷാനവാസ് വണ്ടൂര്‍ (ഐ.ഡി.സി.), സലാഹ് കാരാടന്‍ (ഇസ്ലാഹി സെന്റര്‍), സാദിഖലി തുവ്വൂര്‍ (തനിമ), മഹബൂബ് പത്തപ്പിരിയം (ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം), അഷറഫ് മൊറയൂര്‍ (ഫ്രട്ടേര്‍ണിറ്റി ഫോറം), സിറാജ് കൊല്ലം (കൊല്ലം ജില്ലാ പ്രവാസിസംഗമം), ഹാഫിസ് ഹുസൈന്‍ റഷാദി (അന്‍വാര്‍ കള്‍ച്ചറല്‍ഫോറം), നവാസ് (കരുനാഗപ്പള്ളി താലൂക്ക് സംഗമം) എന്നിവര്‍ സംസാരിച്ചു. സംഗമത്തില്‍ പി.സി.എഫ്. ജിദ്ദ ഘടകം പ്രസിഡന്റ് ദിലീപ് താമരക്കുളം സ്വാഗതവും ട്രഷറര്‍ അബ്ദുള്‍റഷീദ് ഓയൂര്‍ നന്ദിയും പറഞ്ഞു.