13.1.13

മഅ്ദനിയെ ജയിലില്‍ ഇല്ലായ്മ ചെയ്യാന്‍ ഗൂഢശ്രമം -പി.ഡി.പി

കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിയെ ജയിലില്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ ആസൂത്രിതശ്രമങ്ങള്‍ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. മഅ്ദനിക്ക്  വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും  ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നുമാണ് കര്‍ണാടക പൊലീസ് സര്‍ക്കാറിനും കോടതികള്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍, അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍  പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനുകള്‍ മഅ്ദനിയുടെ ആരോഗ്യനില  അതീവഗുരുതരമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്്.
ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണം. ഇതിനു പിന്നിലെ ഗൂഢാലോചനെയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാറിന് നിവേദനം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് മഅ്ദനിയുടെ ചികിത്സ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ചികിത്സക്ക് ശേഷം അദ്ദേഹത്തെ ജയിലിലേക്കയച്ചാല്‍ ആരോഗ്യനില വീണ്ടും വഷളാവും. അതിനാല്‍ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണം. അതിനായി എല്ലാ കോണുകളില്‍നിന്നും സമ്മര്‍ദം ഉയരണം. മുസ്ലിംലീഗ് ഇക്കാര്യത്തില്‍ സ്വീകരിച്ച അനുകൂല നടപടികള്‍ക്ക് നന്ദി പറയാനും വീണ്ടും ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെടാനും പി.ഡി.പി പ്രതിനിധിസംഘം പാണക്കാട് സന്ദര്‍ശിക്കും. മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്നും സിറാജ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ  സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, നിസാര്‍ മത്തേര്‍, ജില്ലാ പ്രസിഡന്‍റ് എന്‍.കെ. മുഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.

No comments: