മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ വിചാരണ വേഗത്തിലാക്കണം -ചെന്നിത്തല
Published on Wed, 01/30/2013 - 23:01 ( 23 hours 17 min ago)
ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ‘മാനിഷാദ’ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: അകാരണമായി കര്‍ണാടക ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ വിചാരണ വേഗത്തിലാക്കാന്‍ ജുഡീഷ്യറി മുന്നോട്ടുവരണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ‘ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം’ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച മാനിഷാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ തെറ്റായ വശമാണ് മഅ്ദനിയുടെ ജയില്‍വാസത്തിലൂടെ പുറത്തെത്തുന്നത്. മാനസിക പീഡനങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് അദ്ദേഹം ജയിലില്‍ കഴിയുന്നത്. നിയമം നിയമത്തിന്‍െറ വഴിക്ക് പോകുന്നതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് നീതി കിട്ടേണ്ടതുണ്ട്. അതിന് എത്രയും വേഗം വിചാരണ നടത്തി വസ്തുത പുറത്തു കൊണ്ടുവരുകയാണ് വേണ്ടത്. സംശയത്തിന്‍െറ പുറത്ത് അനന്തമായി ജയിലില്‍ അടക്കുന്നത് ന്യായീകരിക്കാനാവില്ല. മനുഷ്യത്വ പരമായ സമീപനം കര്‍ണാടക സര്‍ക്കാറിന്‍െറയും ജുഡീഷ്യറിയുടെയും ഭാഗത്തു നിന്നുണ്ടാകണം. വിചാരണ വേഗം നടത്തേണ്ടത് കര്‍ണാടക കോടതിയുടെയും ഇന്ത്യന്‍ ജുഡീഷ്യറിയുടെയും ഉത്തരവാദിത്തമാണ്-അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ നിയമം കാറ്റില്‍ പറത്തുകയാണെന്ന് മുഖ്യാതിഥി പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. മഅ്ദനിയുടെ മോചനത്തിനുവേണ്ടിയുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ തുടരണം.നീതി എന്ന അവകാശം മഅ്ദനിക്ക് നിഷേധിക്കുകയാണെന്നും മോചനത്തിന് വേണ്ടി ഒറ്റക്കെട്ടായ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കാണ് മഅ്ദനിയുടെ ജയില്‍വാസം വിരല്‍ ചൂണ്ടുന്നതെന്ന് സി.പി.എം കാസര്‍കോട് ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ പറഞ്ഞു. അതിപ്രാകൃതമായ രീതിയിലാണ് രാജ്യത്ത് മനുഷ്യാവകാശം ഹനിക്കപ്പെടുന്നത്. 11 വയസ്സുള്ള കുട്ടിയെ കേരളത്തില്‍ ഭീകരവാദിയായി ചിത്രീകരിച്ച് പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കേരളം വേണ്ടത്ര ഉണര്‍ന്നില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മഅ്ദനിക്കുവേണ്ടി നടത്തുന്ന എല്ലാ ജനകീയ സമരങ്ങള്‍ക്കും സി.പി.എമ്മിന്‍െറ ഐക്യദാര്‍ഢ്യം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
മഅ്ദനിക്ക് വേണ്ടിയുള്ള സമരം മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള സമരമായി വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കരിനിയമങ്ങള്‍ക്കെതിരെയുള്ള ജനാധിപത്യ പോരാട്ടമായി ഈ സമരം മാറണം. മഅ്ദനിക്ക് നീതി നല്‍കുന്നതിന്‍െറ ആദ്യപടിയായി ജാമ്യം നല്‍കുകയാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു.
മനുഷ്യത്വത്തിന് നിരക്കാത്ത പ്രവൃത്തിയാണ് മഅ്ദനിയെ ജയിലിലടച്ച സംഭവമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. അകാരണമായി മഅ്ദനിയെ തടവിലാക്കിയ സംഭവം രാജ്യത്തിനുതന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു.
|
സാമൂഹിക നീതി മഅദനിയുടെ അവകാശം : പ്രേമചന്ദ്രന്
12 years ago
No comments:
Post a Comment