24.2.13

മഅ്ദനി: പി.ഡി.പി പ്രക്ഷോഭം ശക്തമാക്കുന്നു

വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് നയിക്കുന്ന സമര സന്ദേശ യാത്ര മേയ് 10 ന് കാസര്‍കോട്ടുനിന്ന് ആരംഭിക്കും. ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. മൂന്ന് മുതല്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ നിരാഹാരസമരം  ആരംഭിക്കുമെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയിലറയില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന അവസ്ഥയിലാണ് മഅ്ദനി കഴിയുന്നത്. ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍െറ കാഴ്ച 30 ശതമാനം മാത്രമാണ്. പ്രമേഹം വളരെ ഉയര്‍ന്ന അവസ്ഥയിലായതിനാല്‍ കണ്ണിന് ശസ്ത്രക്രിയ നടത്താനാകുന്നില്ല. കടുത്ത ശ്വാസതടസ്സവും അനുഭവിക്കുകയാണ്. ഇപ്പോള്‍ ഫലത്തില്‍ ആയുര്‍വേദ ചികിത്സയും അലോപ്പതി ചികിത്സയും ഇല്ലാത്ത അവസ്ഥയിലാണ്. ഈ അവസ്ഥയിലും അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയത് കടുത്ത അനീതിയാണ്.
‘ജീവന്‍ തരാം മഅ്ദനിയെ തരൂ’  എന്ന ആവശ്യവുമായി നടത്തുന്ന തുടര്‍ പ്രക്ഷോഭത്തിന്‍െറ ഭാഗമായി മണ്ഡലംതല പ്രചാരണ കണ്‍വെന്‍ഷനുകള്‍ തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. ജില്ലാതല കണ്‍വെന്‍ഷനുകള്‍ മാര്‍ച്ച് 16 മുതല്‍ 31 വരെയും നടക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ജനസഭകളും സംഘടിപ്പിക്കും. ഏപ്രില്‍ 15 ന് സംസ്ഥാനതല സമരസംഗമം എറണാകുളത്ത് നടത്തുമെന്നും പൂന്തുറ സിറാജ് അറിയിച്ചു. വൈസ് ചെയര്‍മാന്മാരായ സുബൈര്‍ സബാഹി, വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, നിസാര്‍ മത്തേര്‍, മുഹമ്മദ് റജീബ്  എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

No comments: