ചെയര്‍മാനെ അഗര്‍വാള്‍ ആശുപത്രിയില്‍
പരിശോധനക്ക് വിധേയനാക്കി
ബംഗളൂരു: സൗഖ്യ ഹോളിസ്റ്റിക് ആന്‍ഡ് ഇന്‍റഗ്രേറ്റഡ് മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അഗര്‍വാള്‍ ഐ ഹോസ്പിറ്റലില്‍ പരിശോധനക്ക് വിധേയനാക്കി. നേരത്തേ ഫെബ്രുവരി 10ന് നടത്തിയ ഡയബറ്റിക് റെറ്റിനോപതി ചികിത്സയുടെ ഭാഗമായി വലത് കണ്ണിനു നടത്തിയ തിമിരനീക്ക ചികിത്സയുടെ പുരോഗതി വിലയിരുത്താനാണ് പരിശോധന നടത്തിയത്. 20 ശതമാനം കാഴ്ച ശക്തിയുള്ള ഇടതുകണ്ണിന് ലേസര്‍ ചികിത്സയും അന്ന് നടത്തിയിരുന്നു.
ചൊവ്വാഴ്ച്ച പതിനൊന്നുമണിയോടെ അഗര്‍വാള്‍ ആശുപത്രിയിലെത്തിയ മഅ്ദനി ചികിത്സക്കുശേഷം സൗഖ്യയിലേക്ക് മടങ്ങി. വലതുകണ്ണിന്‍െറ കാഴ്ച നേരിയതോതിലെങ്കിലും വീണ്ടെടുക്കാന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും വീണ്ടും ജയിലിലേക്ക് മടങ്ങുന്നതിനാല്‍ ഇത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
സൗഖ്യയിലെ ചികിത്സക്കുശേഷം വ്യാഴാഴ്ച മഅ്ദനി പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങും. സൗഖ്യ, അഗര്‍വാള്‍ കണ്ണാശുപത്രി, മണിപ്പാല്‍ മെഡിക്കല്‍ സെന്‍റര്‍ എന്നിവടങ്ങളില്‍ മഅ്ദനിക്ക് നല്‍കിയ പൂര്‍ണവിവരങ്ങളും ഇനി ചെയ്യേണ്ട ചികിത്സ സംബന്ധിച്ച നിര്‍ദേശങ്ങളുമടങ്ങിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്ന് പുറത്തിറക്കുമെന്ന് ഡോ.ഐസക് മത്തായി നൂറനാല്‍ പറഞ്ഞു.
No comments:
Post a Comment