12.7.12

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ മനുഷ്യാവകാശസംഗമം ശനിയാഴ്ച

http://www.facebook.com/groups/344244035620553/

കൊല്ലം: ബംഗളൂരുവില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പിയുടെ ആഭിമുഖ്യത്തില്‍ 14ന് കൊല്ലത്ത് മനുഷ്യാവകാശ മഹാസമ്മേളനം നടത്തും. വൈകുന്നേരം നാലിന് പീരങ്കി മൈതാനത്ത് നടക്കുന്ന സമ്മേളനം തെഹല്‍ക മുന്‍ എഡിറ്ററും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അജിത് സാഹി ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. മുന്‍ മന്ത്രിമാരായ പി.കെ. ഗുരുദാസന്‍, സി. ദിവാകരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എ. നീലലോഹിതദാസന്‍ നാടാര്‍, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ബിഷപ് മാര്‍ ബസേലിയോസ്, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്ര ബാബു, ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അന്‍സാറുദ്ദീന്‍ എന്നിവര്‍ സംസാരിക്കും.
മഅ്ദനിയുടെ നിര്‍ദേശപ്രകാരം റാലി ഒഴിവാക്കിയിട്ടുണ്ടെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഅ്ദനിയുടെ കേസില്‍ ഇടപെടണമെന്നല്ല,അദ്ദേഹത്തിന് എത്രയും വേഗം ചികിത്സ ലഭ്യമാക്കാനുള്ള നടപടികളുണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നത്. കാഴ്ചശക്തിപോലും നഷ്ടമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇടക്കാല ജാമ്യമെങ്കിലും അനുവദിച്ച് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ അത്യാവശ്യമാണ്.
സുബൈര്‍ സബാഹി, സാബു കൊട്ടാരക്കര, ഇക്ബാല്‍ കരുവ, ഫൈസല്‍ കേരളപുരം, ബ്രൈറ്റ് സൈഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments: