3.7.12

ബംഗളൂരു സ്ഫോടനം: വിചാരണ 23ന് തുടങ്ങും

പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുള്‍പ്പെടെ 32 പ്രതികളുള്ള ബംഗളൂരു സ്ഫോടന കേസിന്റെ വിചാരണ ജൂലൈ 23ന് തുടങ്ങും. ചൊവ്വാഴ്ച കേസ് പരിഗണിച്ച പ്രത്യേക കോടതിയാണ് വിചാരണ തീയതി നിശ്ചയിച്ചത്.
2008 ജൂലൈ 25ന് ബംഗളൂരു നഗരത്തെ നടുക്കിയ ഒമ്പതു സ്ഫോടനങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യ നാലെണ്ണത്തിലെ ഒന്നു മുതല്‍ നാലുവരെയുള്ള സാക്ഷികളെയാണ് തുടക്കത്തില്‍ വിസ്തരിക്കുക. ഇവര്‍ക്ക് സമന്‍സയക്കാന്‍ പ്രത്യേക കോടതി ജഡ്ജി എച്ച്. ആര്‍. ശ്രീനിവാസ് ഉത്തരവിട്ടു. മഅ്ദനിയെ കൂടാതെ സകരിയ്യ, മനാഫ്, താജുദ്ദീന്‍, മുജീബ് എന്നിവരാണ് കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായത്. തടിയന്റവിട നസീറുള്‍പ്പെടെയുള്ള പ്രതികള്‍ കേരളത്തിലായതിനാല്‍ ഹാജരായില്ല. കേസിലെ 29ാം പ്രതിയായ കുടക് വിരാജ് പേട്ട സ്വദേശി അബ്ദുല്‍ ഖാദറിനെതിരെ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങള്‍ കര്‍ണാടക ഹൈകോടതി റദ്ദാക്കി. തന്റെ വാദം കേള്‍ക്കാതെയാണ് കുറ്റം ചുമത്തിയതെന്ന് ചൂണ്ടിക്കാണിച്ച് അബ്ദുല്‍ ഖാദര്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതി വിധി. ഇദ്ദേഹത്തിന്റെ വാദം കേട്ടതിനുശേഷം ആവശ്യമാണെങ്കില്‍ മാത്രമേ കുറ്റം ചുമത്താവൂ എന്ന് ഹൈകോടതി നിര്‍ദേശം നല്‍കി.
കൂട്ടുപ്രതികളിലൊരാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തില്‍, അതില്‍ തീരുമാനമാവാതെ വിചാരണ തീയതി ജൂലൈ 23ന് തീരുമാനിച്ചത് തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകരായ അഡ്വ. ഉസ്മാനുള്‍പ്പെടെയുള്ളവര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

No comments: