മഅ്ദനിക്കെതിരായ ഭരണകൂട നീക്കം
ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അന്യായമായി ജയിലിലടക്കുകയും പൗരാവകാശം പോലും നിഷേധിക്കുകയും ചെയ്യുന്ന ഭരണകൂട നീക്കം ഉടന്‍ അവസാനിപ്പിക്കണമെന്ന് വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബംഗളൂരുവില്‍ നടന്ന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അന്യായമായി ജയിലിലടക്കപ്പെട്ടതിന് ശേഷവും മഅ്ദനിയെ വേട്ടയാടുന്നതിന് പിന്നില്‍ സങ്കുചിത ഭരണകൂട താല്‍പര്യങ്ങളാണുള്ളത്. അവകാശ നിഷേധത്തിനെതിരെയും വികസന ഭീകരതക്കെതിരെയും പൊരുതുന്നവരെ നേരിടാന്‍ സര്‍ക്കാറും കോര്‍പറേറ്റുകളും ചേര്‍ന്ന് കള്ളക്കേസുകള്‍ മെനയുകയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘടിതമായി നടത്തുന്ന നീക്കങ്ങളുടെ ഇരയാണ് മഅ്ദനി. മഅ്ദനിയെ അടിയന്തരമായി ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും കബ്ബണ്‍ പാര്‍ക്കിലെ എന്‍.ജി.ഒ ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
നാലു സെഷനുകളിലായി നടന്ന കണ്‍വെന്‍ഷന്‍ രാവിലെ 10.30ന് പ്രമുഖ കന്നട സംവിധായകന്‍ ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനില്‍ കര്‍ണാടകയിലെ പോസ്‌കോ വിരുദ്ധസമര നേതാക്കള്‍ കമ്പനിയില്‍ നിന്നും സര്‍ക്കാറില്‍ നിന്നും നേരിടുന്ന ജനാധിപത്യ വിരുദ്ധ അനുഭവങ്ങള്‍ പങ്കുവെച്ചു. ഭരണകൂട ഭീകരത, ആഗോളവത്കരണം, വര്‍ഗീയത, മാധ്യമ-ഭരണകൂട സമീപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു കണ്‍വെന്‍ഷന്‍. ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകരായ പ്രഫുല്ല സാമന്തറായ്, പ്രശാന്ത് പെയ്ക്‌റെ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.എല്‍. അശോക്, ഫാ. അജയ് സിങ്, ഡോ. കെ. മുഹമ്മദ് നജീബ്, മുന്‍ എം.പി സെബാസ്റ്റിയന്‍ പോള്‍, യു.എസ്. കുമാര്‍, ഷെരീഫ് കൊട്ടപ്പുറത്ത്, ഭാസുരേന്ദ്രബാബു, കവിത ശ്രീവാസ്തവ, സത്യസാഗര്‍ എന്നിവര്‍ സംസാരിച്ചു. കര്‍ണാടക വിദ്യാര്‍ഥി സംഘം, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, സമാനത മഹിളാ വേദിക, ജനശക്തി, കര്‍ണാടക കൊമ്മു സൗഹൃദ വേദിക, സ്റ്റുഡന്റ്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റ്, സ്ത്രീ ജാഗ്രത സമിതി തുടങ്ങിയ 20ഓളം സംഘടനകളുടെ നേതൃത്വത്തിലാണ് 'ഭരണകൂടവും വ്യാജ കേസുകളുടെ നിര്‍മിതിയും' എന്ന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.
No comments:
Post a Comment