29.4.11


മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീംകോടതി


ന്യുദല്‍ഹി: ബംഗളൂരു സ്‌ഫോടനത്തില്‍ റിമാന്റില്‍ കഴിയുന്ന അബ്ദുന്നാസില്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മഅ്ദനിയുടെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.
മഅ്ദനി എട്ട് വര്‍ഷം ജയിലില്‍ കിടന്നതാണെന്നും ഒടുവില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍ കോടതിയെ അറിയിച്ചു. ബംഗളൂരു സ്‌ഫോടനത്തില്‍ തന്നെ ഒന്നും രണ്ടും കുറ്റപത്രത്തില്‍ മഅ്ദനിയുടെ പേര് ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും ശാന്തിഭൂഷന്‍ അഭ്യര്‍ഥിച്ചു.  അതേസമയം, അഹമ്മദാബാദ്, സൂറത്ത് സ്‌ഫോടനങ്ങളിലും മഅ്്ദനിക്ക് പങ്കുണ്ടെന്നും ഒരു കാലില്ലാത്തത് ഗൂഡാലോചനക്ക് തടസ്സമായില്ലെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. ജാമ്യപേക്ഷയെ കര്‍ണാടക എതിര്‍ത്തു.

തുടര്‍ന്ന് കേസ് മാറ്റിവെക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്

മഅദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീം കോടതി

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. മഅദനിയുടെ ആരോഗ്യ നില പരിഗണിച്ചാണിത്. ജാമ്യാപേക്ഷയില്‍ അടുത്ത ബുധനാഴ്ച തീരുമാനമെടുക്കുമെന്നും സുപ്രിംകോടതി ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധ മിശ്ര എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി കര്‍ണാടക സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഹരജി പരിഗണിക്കവെ കാലില്ലാത്ത ഒരാളെ എന്തിനാണു ജയിലില്‍ വച്ചുകൊണ്ടിരിക്കുന്നതെന്നും കോടതി കര്‍ണ്ണാടക സര്‍ക്കാറിനോട് ചോദിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷനാണ് മഅ്ദനിക്കു വേണ്ടി ഹാജരാവുന്നത്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് മഅദനിയെ ജയിലിലടച്ചത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരോഗ്യനില മോശമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മഅദനി സുപ്രിംകോടതിയെ സമീപിച്ചത്. ഫെബ്രുവരി 11ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ മാത്രമല്ല സൂറത്ത്, അഹമ്മദാബാദ് സ്‌ഫോടനങ്ങളിലും മഅദനിക്ക് പങ്കുണ്ടെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അതുകൊണ്ട് ജാമ്യം അനുവദിക്കരുതെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം തടവില്‍ കഴിഞ്ഞ മഅദനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നുവെന്നും ബംഗ്ലൂര്‍ സ്‌ഫോടനക്കേസിലും ആദ്യത്തെയും രണ്ടാമത്തെയും കുറ്റപത്രത്തില്‍ മഅദനിയുടെ പേരില്ലായിരുന്നുവെന്നും മഅദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
മൂന്നാമത്തെ കുറ്റപത്രത്തിലാണ് അദ്ദേഹത്തിന്റെ പേര് എഴുതിച്ചേര്‍ത്തത്. കാല്‍ നഷ്ടപ്പെട്ട് വീല്‍ ചെയറിലാണ് ഇപ്പോള്‍ അദ്ദേഹം കഴിയുന്നത്. ഹൃദയ രോഗിയായി മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. വരുന്ന ചൊവ്വാഴ്ച എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി മഅദനിയുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിച്ച ശേഷം ബുധനാഴ്ച വിധിയുണ്ടാകും.

No comments: