പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതുവരെ കടുത്ത നിരീക്ഷണത്തില്‍ -മഅ്ദനി
Tuesday, September 7, 2010
ബംഗളൂരു: ബംഗളൂരു സെന്‍ട്രല്‍ ജയിലായ പരപ്പന അഗ്രഹാരയില്‍ കഴിയുന്ന താന്‍ കടുത്ത നിരീക്ഷണത്തിലാണെന്ന് 2008ലെ സ്‌ഫോടന പരമ്പര കേസില്‍ 31ാം പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് പോലും കാമറയുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച അഡ്വ. കാഞ്ഞിരമറ്റം സിറാജ് മുഖേനയാണ് ഇക്കാര്യം അറിയിച്ചത്.
റമദാനിലെ അവസാനിക്കുന്ന ദിനരാത്രങ്ങളിലും പെരുന്നാള്‍ നമസ്‌കാരാനന്തരവും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം.
തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമ പ്രചാരണങ്ങളും മറ്റുമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ തലേദിവസം ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് കേരളീയ സമൂഹത്തോട് പറഞ്ഞതിന് അപ്പുറം ഒരക്ഷരം പോലും അധികം ഒരു ഏജന്‍സിയോടും പറയാന്‍ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കോയമ്പത്തൂര്‍ ജയിലില്‍ പത്ത് വര്‍ഷത്തോളം കഴിഞ്ഞിരുന്നപ്പോഴും ഞാന്‍ താമസിച്ചിരുന്ന സെല്ലിനുള്ളില്‍ കാമറ ഘടിപ്പിച്ചിരുന്നില്ല.
എന്നാല്‍, ബംഗളൂരുവില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതടക്കം 24 മണിക്കൂറും സെല്ലിനുള്ളില്‍ ഘടിപ്പിച്ച കാമറയുടെ നിരീക്ഷണത്തിന് കീഴിലാണ്. ജയില്‍ ഡി.ജി.പിയുടെയും സൂപ്രണ്ടിന്റെയും മുറിയില്‍ തല്‍സമയം ദൃശ്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഇവ റെക്കോഡ് ചെയ്ത കാസറ്റുകള്‍ ആഴ്ചയില്‍ ഒരു ദിവസം ജയില്‍ ഡി.ജി.പിക്കും പൊലീസ് മേധാവികള്‍ക്കും കൈമാറുമത്രെ -മഅ്ദനി അഭിഭാഷകരോട് വ്യക്തമാക്കി. സെല്ലിന് മുന്നില്‍ 24 മണിക്കൂറും ആറ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ട്. സഹായത്തിനായി കോടതി നിര്‍ദേശപ്രകാരം അനുവദിച്ചിട്ടുള്ള ഒരാളോടല്ലാതെ മറ്റാേരാടും സംസാരിക്കാന്‍ അനുവാദമില്ല. നോമ്പുതുറക്കാന്‍ അടുക്കളയില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം അഴുക്കുപിടിച്ച കൈകള്‍ കൊണ്ടാണ് ഉദ്യോഗസ്ഥര്‍ തൊട്ടുപരിശോധിക്കുന്നത്. ആഴ്ചയില്‍ ഒരുദിവസമേ സന്ദര്‍ശകരെ അനുവദിക്കുന്നുള്ളൂ -മഅ്ദനി പറഞ്ഞു. ഇതൊക്കെയാണെങ്കിലും എന്റെ മനസ്സ് തികച്ചും ശാന്തമാണ്. ആര് ഒറ്റപ്പെടുത്തിയാലും എന്നെ ദൈവസാന്നിധ്യത്തില്‍ നിന്ന് അകറ്റാന്‍ കഴിയില്ലെന്ന ഉറപ്പുണ്ട്. അദൃശ്യമെങ്കിലും അതിശക്തമായ ആ സാന്നിധ്യത്തിന്റെ സമാധാനത്തിലും ശാന്തതയിലുമാണ് ഞാനുള്ളത്.
മുഴുവന്‍ കേരളീയരും എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കണം.
ഭരണകൂട ഭീകരതക്ക് വിധേയരായി കഠിനമായ പീഡനങ്ങളനുഭവിക്കുന്ന ലോകമെങ്ങുമുള്ള മുഴുവന്‍ പീഡിതരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമായി ഈദുല്‍ ഫിതറിനെ വിനിയോഗിക്കണമെന്ന് മഅ്ദനി അഭ്യര്‍ഥിച്ചു.
മഅ്ദനിയെ കാണാന്‍ മക്കളെത്തി
Tuesday, September 7, 2010
ബംഗളൂരു: പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടിന്റെ മുറിയില്‍ വികാര നിര്‍ഭരമായൊരു കൂടിക്കാഴ്ച. ബംഗളൂരു സ്‌ടേനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയുടെ മക്കളായ ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും വാപ്പച്ചിയെ കാണാനെത്തിയതായിരുന്നു രംഗം.
തിങ്കളാഴ്ച ഉച്ച പന്ത്രണ്ട് മണിയോടെയാണ് ഉമറും സലാഹുദ്ദീനും അഡ്വ. അക്ബറലി, പി.ഡി.പി സംസ്ഥാന സെക്രട്ടറി റജീബ് എന്നിവര്‍ക്കൊപ്പം മഅ്ദനിയെ കണ്ടത്. ജയിലിലെ സൂപ്രണ്ടിന്റ മുറിയിലായിരുന്നു കുടിക്കാഴ്ച.
വികാര നിര്‍ഭരമായിരുന്നു മൂവരുടെയും കണ്ടുമുട്ടല്‍. തേങ്ങലടക്കാന്‍ പ്രസപ്പെട്ട മക്കളെ മഅ്ദനി ആശ്വസിപ്പിച്ചു. വിഷമിക്കരുതെന്നും പഠനത്തില്‍ ശ്രദ്ധിക്കണമെന്നും മഅ്ദനി മക്കളോട് നിര്‍ശേദിച്ചു. അന്‍വാര്‍ശ്ശേരിയില്‍ ഖുര്‍ പഠനം നടത്തുകയാണ് രണ്ട് മക്കളും. ജയില്‍ സുപ്രണ്ടിന്റെ സാന്നിധ്യത്തില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
ഞായറാഴ്ച രാത്രിയാണ് ഉമറും സലാഹുദ്ദീനും റജീബിനൊപ്പം ബംഗളുരുവിലെത്തിയത്.മെജസ്റ്റിക്കില്‍ ഹോട്ടലില്‍ താമസിച്ചശേഷം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ജയിലിലേക്ക് തിരച്ചത്.
കൂടിക്കാഴ്ചക്കുശേഷം തിങ്കളാഴ്ച രാത്രി ഇരുവരും നാട്ടിലേട്ട് മടങ്ങി.
No comments:
Post a Comment