14.9.10

മഅ്ദനിയെ അനന്തമായ ജയില്‍വാസത്തിലേക്ക് തള്ളിവിടാന്‍ നീക്കം -ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം

Tuesday, September 14, 2010
കൊച്ചി: അന്യായമായി കര്‍ണാടക ജയിലില്‍ അടക്കപ്പെട്ട പി.ഡി.പി ചെയര്‍മാനും  ഇസ്‌ലാംമത പണ്ഡിതനുമായ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ പുതിയ കേസുകള്‍ കൂടി എടുത്ത് അനന്തമായ ജയില്‍വാസത്തിലേക്ക് തള്ളിവിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്റെ (ജെ.എം.എഫ്) കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.
ഏഴ് സ്‌ഫോടന പരമ്പര കേസുകളില്‍ കൂടി മഅ്ദനിയെ അന്യായമായി പ്രതിചേര്‍ത്ത് ജാമ്യം ലഭിക്കാനുള്ള അവകാശം പോലും അട്ടിമറിക്കാനാണ് നീക്കം . ഇതനുവദിക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ ശക്തമായ നിയമപോരാട്ടത്തോടൊപ്പം ജനകീയ പ്രതിഷേധവും രൂപപ്പെടേണ്ടതുണ്ടെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.  സെപ്റ്റംബര്‍ 30നകം കാസര്‍കോട്, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങളും സെമിനാറുകളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.ഇതിന് മുന്നോടിയായി ജെ.എം.എഫിന്റെ  ജില്ലാ, മണ്ഡലം തല കമ്മിറ്റികള്‍  30നകം വിപുലീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ജനാധിപത്യ സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമായി നടത്തിയ സാമ്പത്തിക സമാഹരണം വന്‍ വിജയമാക്കിയവരെ യോഗം നന്ദി അറിയിച്ചു.പല കാരണങ്ങളാല്‍ കഴിഞ്ഞയാഴ്ചകളില്‍ പിരിവ് നടക്കാതെപോയ പള്ളികളില്‍ വരുന്ന വെള്ളിയാഴ്ച കൂടി സാമ്പത്തിക സമാഹരണം നടത്താനും സെപ്റ്റംബര്‍ 17ന് നടക്കുന്ന ഫണ്ട് ശേഖരണത്തോടെ ബക്കറ്റ് കലക്ഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും യോഗം  തീരുമാനിച്ചു. ഫോറം ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റിയന്‍പോള്‍ ഉദ്ഘാടനം ചെയ്തു. 
വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമിതി രക്ഷാധികാരികളായ ടി.ആരിഫ് അലി, പൂന്തുറ സിറാജ്,  ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി,ട്രഷറര്‍ ജമാല്‍ മുഹമ്മദ്, വൈസ് ചെയര്‍മാന്മാരായ അഡ്വ. സജി കെ. ചേരമര്‍, വയലാര്‍ ഗോപകുമാര്‍, കണ്‍വീനര്‍മാരായ ഗഫൂര്‍ പുതുപ്പാടി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, കടക്കല്‍ ജുനൈദ്, മുഹമ്മദ് റജീബ്, സുബൈര്‍ സബാഹി എന്നിവര്‍ സംസാരിച്ചു

No comments: