25.6.10

മഅ്ദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ല -തടിയന്റവിട നസീര്‍

 
കൊച്ചി: ബംഗളൂരു സ്‌ഫോടനക്കേസില്‍ താന്‍ മഅ്ദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് തടിയന്റവിട നസീര്‍. ബുധനാഴ്ച രാവിലെ കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരവെ ചാനല്‍കാമറയെ നോക്കിയാണ് നസീര്‍ ഇക്കാര്യം വിളിച്ചു പറഞ്ഞത്്. 'മഅ്ദനിക്കെതിരെ ഞാന്‍ മൊഴി കൊടുത്തിട്ടില്ല; തെറ്റായ കാര്യങ്ങളാണ് ഇത് സംബന്ധിച്ച് പ്രചരിക്കുന്നത്. പ്രതികള്‍ ആരാണ്, എന്താണ് സംഭവിച്ചത്, എന്താണ് കാട്ടിയത് എന്ന് മാധ്യമങ്ങള്‍ സത്യം അന്വേഷിക്കണം' എന്നിങ്ങനെ നസീര്‍ കാമറക്ക് മുമ്പാകെ വിളിച്ചുപറഞ്ഞു. കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡ് നീട്ടുന്നതിനാണ് തടിയന്റവിട നസീറിനെയും ഷഫാസിനെയും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയത്.

മഅ്ദനിയെ വീണ്ടും വേട്ടയാടരുത് -സാംസ്‌കാരിക പ്രവര്‍ത്തകര്‍

 
കോഴിക്കോട്: ആയുസ്സിന്റെ ഒരു ദശകത്തോളം ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷയനുഭവിക്കേണ്ടിവന്ന മഅ്ദനിക്ക് വീണ്ടും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ രംഗത്തുവരണമെന്ന് പ്രമുഖ സാംസ്‌കാരികനായകര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ 1998 മുതല്‍ പത്തുവര്‍ഷത്തോളം അന്യായമായി ജയിലിലടച്ച ശേഷം വിട്ടയച്ച മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസിന് കൈമാറാനുള്ള നീക്കം നടക്കുകയാണ്.
 
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള തടിയന്റവിട നസീറിന്റെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് മഅ്ദനിയെ ഈ കേസില്‍ പ്രതി ചേര്‍ത്തത്. എന്നാല്‍ മൊഴി നിഷേധിച്ച് നസീര്‍ നടത്തിയ പ്രസ്താവന കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ന്യൂനപക്ഷസമുദായങ്ങളില്‍ പെട്ട യുവാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും സംശയങ്ങളുടെ പേരില്‍ മാത്രം മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സാഹചര്യത്തില്‍ ഈ കേസിന്റെ കാര്യത്തിലും മാധ്യമങ്ങളും പൗരസമൂഹവും സജീവജാഗ്രത പുലര്‍ത്തണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 
സക്കറിയ, ബി.ആര്‍.പി ഭാസ്‌കര്‍, സി.ആര്‍. നീലകണ്ഠന്‍, ജെ. ദേവിക, ടി.ടി. ശ്രീകുമാര്‍, ഒ. അബ്ദുറഹ്മാന്‍, സിവിക് ചന്ദ്രന്‍, എ. വാസു, കെ.കെ. കൊച്ച്, എന്‍.പി. ചെക്കുട്ടി, അഡ്വ. പി.എ. പൗരന്‍, കെ.കെ. ബാബുരാജ്, സണ്ണി എം. കപിക്കാട്, എം.ബി മനോജ്, കെ. അംബുജാക്ഷന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്
മഅദനിക്കെതിരെ ഗൂഢാലോചന- പി.ഡി.പി


മലപ്പുറം: അബ്ദുള്‍നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തി നാടുകടത്താനുള്ള നീക്കം ഗൂഢാലോചനയാണെന്ന് പി.ഡി.പി. ജില്ലാ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. മഅദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് തടിയന്റവിട നസീര്‍ വ്യക്തമാക്കിയത് ഇതിനുള്ള തെളിവാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ വിവിധ രാഷ്ട്രീയ-മത-മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് 28ന് മലപ്പുറത്ത് ഉപവാസ സമരം നടത്തുമെന്ന് ജില്ലാ കൗണ്‍സില്‍ അറിയിച്ചു. കെ.പി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഷംസുദ്ദീന്‍, ശക്കീര്‍ പരപ്പനങ്ങാടി, നാസര്‍ പാണ്ടിക്കാട്, ഉമ്മര്‍ ഓമാനൂര്‍, സുള്‍ഫിക്കര്‍ അലി, മുഹമ്മദ് സഗീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.ഡി.പി. നിരാഹാരം തുടരുന്നു മഅദനിക്കെതിരെ താന്‍ മൊഴിനല്‍കിയിട്ടില്ലെന്ന് -

ശാസ്താംകോട്ട: മഅദനിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി അന്‍വാര്‍ശ്ശേരിക്ക് മുന്നില്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. അതേസമയം, സമരം സംസ്ഥാന വ്യാപകമായി ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പി.ഡി.പി. നേതൃത്വം.

പി.ഡി.പി. നേതാക്കളായ ഷാജികൃഷ്ണന്‍, മാര്‍സണ്‍, ചന്ദ്രന്‍ തുപ്പണത്ത് എന്നിവരാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്.

മഅദനിയുടെ അറസ്റ്റ് വാറണ്ടിന്റെ കാലാവധി നീട്ടിയ സാഹചര്യത്തില്‍ അന്‍വാര്‍ശ്ശേരി വ്യാഴാഴ്ച പൊതുവേ ശാന്തമായിരുന്നു. പി.ഡി.പി. പ്രവര്‍ത്തകരുടെ സാന്നിദ്ധ്യമുണ്ടെങ്കിലും പ്രകടനങ്ങള്‍ ഇല്ലായിരുന്നു
 
തടിയന്റവിട നസീര്‍, ബംഗ്ലൂര്‍ കേസ്സില്‍ പുതിയ വഴിത്തിരിവ്

കൊച്ചി: ബംഗളുരു സ്‌ഫോടനക്കേസില്‍ താന്‍ മഅദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് തടിയന്റവിട നസീര്‍ പറഞ്ഞു. ഇന്ന് രാവിലെ കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി തിരിച്ചു ജയിലിലേക്ക് കൊണ്ട് പോകും വഴിയാണ് ചാനല്‍കാമറയെ നോക്കിയാണ് നസീര്‍ ഇക്കാര്യം വിളിച്ചു പറഞ്ഞത്. 'മഅദനിക്കെതിരെ ഞാന്‍ മൊഴി കൊടുത്തിട്ടില്ല; തെറ്റായ കാര്യങ്ങളാണ് ഇത് സംബന്ധിച്ച് പ്രചരിക്കുന്നത്. പ്രതികള്‍ ആരാണ്, എന്താണ് സംഭവിച്ചത്, എന്താണ് കാട്ടിയത് എന്ന് മാധ്യമങ്ങള്‍ സത്യം അന്വേഷിക്കണം' എന്നിങ്ങനെയാണ് നസീര്‍ ചാനല്‍ കാമറക്ക് മുമ്പാകെ വിളിച്ചുപറഞ്ഞത്. നസീറിനെ ഈ വെളിപ്പെടുത്തല്‍ ബംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പുതിയ വഴിത്തിരിവ് സൃഷ്ട്ടിച്ചിരിക്കുകയാണ്. നസീര്‍ മൊഴി നല്‍കി എന്ന് ആരോപിച്ചാണ് അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ ബംഗ്ലൂര്‍ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. കുറ്റപത്രത്തിലെ വിചിത്രമായ കണ്ടുപിടുത്തങ്ങള്‍ വഴി ഇതിനകം തന്നെ വന്‍ വിവാദമായ ബംഗ്ലൂര്‍ കേസ് നസീറിന്റെ പുതിയ വെളിപ്പെടുത്തലോടെ മഅദനിയെ പ്രതി ചേര്‍ത്തതിനു പിന്നില്‍ ഗൂഡാലോചന നടന്നു എന്ന പി.ഡി.പി.യുടെ വാദം പരസ്യമായി വെളിപ്പെടുകയാണ് എന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
 
നസീറിന്റെ വെളിപ്പെടുത്തല്‍: മഅദനിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണം- പി.ഡി.പി.
 
ശാസ്താംകോട്ട: ബംഗളൂരു സ്‌ഫോടനക്കേസില്‍ അബ്ദുന്നാസിര്‍ മഅദനിക്കെതിരെ കര്‍ണാടക പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്ന് ഇന്നലെ ബംഗളൂരു സ്‌ഫോടനകേസ് പ്രതി തടിയന്റവിട നസീര്‍ വെളിപ്പെടുത്തിയതോടെ കര്‍ണാടക പൊലീസ് പ്രതിക്കൂട്ടിലായിരിക്കുകയാണെന്ന് പി.ഡി.പി. നുണകള്‍ക്കും പെരുംനുണകള്‍ക്കും മേല്‍ കെട്ടിപ്പൊക്കിയ കേസ് ഇതോടെ ചീട്ട്‌കൊട്ടാരം പോലെ തകരുകയാണെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
മാധ്യമപ്രവര്‍ത്തകരോട് ഇന്നലെ തടിയന്റവിട നസീര്‍ നടത്തിയ വെളിപ്പെടുത്തല്‍ കോടതി മുമ്പാകെയും ആവര്‍ത്തിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതോടെ പി.ഡി.പിയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അഭ്യുദയകാംക്ഷികളും ഉയര്‍ത്തിയ ആശങ്കകള്‍ മുഴുവന്‍ ശരിയാവുകയാണ്. ഈ സാഹചര്യത്തില്‍ മഅദനിക്കെതിരെ നല്‍കിയിരിക്കുന്ന കുറ്റപത്രം പുനഃപരിശോധനാവിധേയമാക്കി മഅദനിയെ കുറ്റവിമുക്തനാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടല്‍ ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 
പി.ഡി.പി.നേതാക്കളായ മൈലക്കാട് ഷാ, സംസ്ഥാന സെക്രട്ടറിമാരായ സുബൈര്‍ സബാഹി, സാബു കൊട്ടാരക്കര, മാഹിന്‍ ബാദുഷാ മൗലവി, അഡ്വ. വള്ളിക്കുന്നം പ്രസാദ്, സുനില്‍ഷാ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

21.6.10

മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര

Monday, June 21, 2010  - THIS ARTICLE FROM MADHYMAMA. SPECIAL THANKS FOR MADHYAMAM DAILY AND MR. A.R.

എ.ആര്‍



പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ പാര്‍പ്പിച്ച് മതിയാവോളം പീഡിപ്പിച്ച ശക്തികള്‍, കോയമ്പത്തൂര്‍ പ്രത്യേക കോടതിയും തുടര്‍ന്ന് മദ്രാസ് ഹൈകോടതിയും അദ്ദേഹം പൂര്‍ണമായി കുറ്റമുക്തനാക്കിയതില്‍ അങ്ങേയറ്റം അസ്വസ്ഥരും നിരാശരുമാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജയിലില്‍നിന്ന് പുറത്തുവന്ന മഅ്ദനി താനൊരിക്കലും പഴയ മഅ്ദനിയായിരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച്, വിവാദ വിധേയമായ പ്രസംഗ ശൈലിയും പ്രസ്താവനകളും പാടെ ഉപേക്ഷിച്ച് സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനവും ആത്മീയ ജീവിതവുമായി കഴിയുകയാണെന്നും എല്ലാവര്‍ക്കുമറിയാവുന്നതാണ്. തന്റെ ജീവന്‍ അപഹരിക്കാന്‍ ബോംബാക്രമണം നടത്തിയവരോട് പോലും ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടു തികച്ചും ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെങ്കിലും അദ്ദേഹം ക്ഷമിക്കുകയും കേസ് തെളിവില്ലാതെ കോടതി തള്ളുകയും ചെയ്തതാണ്.



എന്നിട്ടും മുമ്പ് നടന്ന ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിചേര്‍ത്ത് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ പൊലീസ്. അദ്ദേഹത്തിന് നേരെയുള്ള വധശ്രമക്കേസിലെ മുഴുവന്‍ പ്രതികളും ആര്‍.എസ്.എസുകാരായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അദ്ദേഹെത്ത കുറ്റമുക്തനാക്കിയതിനെതിരെ അപ്പീല്‍ ബോധിപ്പിച്ചതും ഹിന്ദുത്വ തീവ്രവാദികളായിരുന്നു. ഇപ്പോള്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി പൊലീസ് കസ്റ്റഡിയിലുള്ള തടിയന്റവിട നസീറിന്റെ മൊഴിയില്‍ മഅ്ദനിയുടെ പേര്‍ പരാമര്‍ശിച്ചതാണ് അദ്ദേഹത്തെ പ്രതിചേര്‍ത്ത് കുറ്റപത്രം തയാറാക്കാന്‍ കര്‍ണാടക പൊലീസിന്റെ ന്യായം. തടിയന്റവിടെ നസീര്‍ പൊലീസിന്റെ തന്നെ വെളിപ്പെടുത്തലനുസരിച്ച് ക്രിമിനലും തീവ്രവാദിയും ഭീകരനുമാണ്. അത്തരമൊരാളുടെ മൊഴി മുഖവിലക്കെടുത്ത് മറ്റൊരാളുടെ പേരില്‍ പ്രമാദമായ ചാര്‍ജുകള്‍ ചുമത്തി കേസെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്. സുപ്രീംകോടതി അത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കേസെടുക്കുന്നതാവട്ടെ എല്ലാവിധ ആരോപണങ്ങളില്‍നിന്നും കോയമ്പത്തൂര്‍ കോടതിയും മദ്രാസ് ഹൈകോടതിയും മുക്തനാക്കിയ അബ്ദുന്നാസിര്‍ മഅ്ദനി എന്ന മതപണ്ഡിതനെതിരെയും. ഇദ്ദേഹം ജയില്‍മുക്തനായ ശേഷമുള്ള കാലത്ത് ഏതെങ്കിലും സംഭവത്തില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കുവഹിച്ചതായി പൊലീസോ അന്വേഷണ ഏജന്‍സികളോ കണ്ടെത്തിയിട്ടുമില്ല. പിന്നെയോ? അദ്ദേഹം തന്നെ രണ്ട് പതിറ്റാണ്ട് മുമ്പ് പിരിച്ചുവിട്ട ഐ.എസ്.എസ് നിലവിലിരുന്ന കാലത്ത് അതില്‍ നസീര്‍ അംഗമായിരുന്നുവെന്നും അയാളെ മഅ്ദനി തീവ്രവാദം പരിശീലിപ്പിച്ചിരുന്നുവെന്നുമാണ് കേസ്! ആട്ടിന്‍കുട്ടിയെ പിടിച്ച ചെന്നായയുടെ ന്യായത്തെ തോല്‍പിക്കുന്ന ഈയാരോപണത്തിന് തുടര്‍ന്ന് പടച്ചുണ്ടാക്കിയ തെളിവുകളാണ് കൂടുതല്‍ അപഹാസ്യം. മഅ്ദനി തീവ്രവാദം പഠിപ്പിക്കാന്‍ നസീറിന് പുസ്തകങ്ങള്‍ നല്‍കിയത്രെ. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജിഹാദ് (അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം), സയ്യിദ് ഖുത്തുബിന്റെ 'വഴിയടയാളങ്ങള്‍' (മആലിമുന്‍ ഫിത്ത്വരീഖ്), ഹസനുല്‍ബന്നായുടെ ആത്മകഥ എന്നീ പുസ്തകങ്ങളാണു പോല്‍ തീവ്രവാദ പഠന സഹായികള്‍! മൂന്നു ഗ്രന്ഥങ്ങളും കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചതാണ്. മാര്‍ക്കറ്റില്‍ ലഭ്യവുമാണ്. ആര്‍ക്കും വാങ്ങി വായിച്ചുനോക്കാം.



1926 ഡിസംബറില്‍, ശുദ്ധി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് സ്വാമി ശ്രദ്ധാനന്ദയെ കൊന്ന കേസില്‍ ഒരു മുസ്‌ലിം യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഇന്നത്തേതുപോലെ അന്നും ഇസ്‌ലാമിലെ ജിഹാദ് വ്യാപകമായി വിമര്‍ശന വിധേയമായി. സൗമ്യനും സമാധാനപ്രേമിയും സഹിഷ്ണുവുമായ മഹാത്മാഗാന്ധി പോലും ഇങ്ങനെയാണ് പ്രതികരിച്ചത്. 'വാള്‍ വിധി നിര്‍ണായക ശക്തിയായ ഒരു കാലഘട്ടത്തിലാണ് ഇസ്‌ലാം ആവിര്‍ഭവിച്ചത്. ഇന്നും അതില്‍ നിര്‍ണായക ശക്തി വാള്‍ തന്നെ.' അന്ന് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോട് ഗാഢബന്ധം സ്ഥാപിച്ചിരുന്ന മുസ്‌ലിം പണ്ഡിത സംഘടനയായ ജംഇയ്യതുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ 'അല്‍ ജംഇയ്യത്തി'ന്റെ എഡിറ്ററായിരുന്നു ഇരുപത്തിമൂന്നുകാരനായ അബുല്‍ അഅ്‌ലാ മൗദൂദി. ഇസ്‌ലാമിന്റെ ജിഹാദ് ഇവ്വിധം തെറ്റിദ്ധരിക്കപ്പെട്ടതില്‍ അതീവ ദുഃഖിതനായി അദ്ദേഹം. 'യുദ്ധോത്‌സുകവും അനുയായികളെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്നതുമായ മതമാണ് ഇസ്‌ലാം' എന്ന പാശ്ചാത്യന്‍ പ്രചാരണത്തില്‍ മനംനൊന്ത് മൗദൂദി എഴുതിയ ബൃഹത് ഗ്രന്ഥമാണ് 'ഇസ്‌ലാമിലെ ജിഹാദ്'. ആദ്യം 'അല്‍ ജംഇയ്യത്തി'ല്‍ തന്നെയാണ് അത് ലേഖന പരമ്പരയായി പ്രസിദ്ധീകരിച്ചത്; പിന്നീട് ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കുകയായിരുന്നു. 500ല്‍പരം പുറങ്ങളുള്ള ഗ്രന്ഥം മുഴുവന്‍ വായിച്ചുതീര്‍ക്കുന്ന ആര്‍ക്കും കാണാവുന്ന കാര്യം തീവ്രവാദത്തിന് പ്രോല്‍സാഹനം നല്‍കുന്ന ഒരു വരിപോലും അതില്‍ ഇല്ലെന്നതാണ്. തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തില്‍ ജിഹാദിന്റെ സാക്ഷാല്‍ വിവക്ഷ വിവരിക്കുന്ന ഒരു ഗ്രന്ഥം അല്ലെങ്കില്‍ എങ്ങനെ തീവ്രവാദപരമാവും? ജമാഅത്തെ ഇസ്‌ലാമിയെ കിട്ടുന്ന ഏത് വടികൊണ്ടും അടിക്കാന്‍ സകലമാന ശക്തികളും കൈകോര്‍ത്ത ഒരു സന്ദര്‍ഭത്തില്‍ ആ സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു പ്രസാധനാലയം അതെങ്ങനെ പ്രസിദ്ധീകരിക്കും? പുസ്തകത്തിലെ നാലാം അധ്യായം (ഇസ്‌ലാമിന്റെ പ്രചാരണവും വാളും) മതത്തില്‍ ബലപ്രയോഗം പാടില്ലെന്നും ഇസ്‌ലാമിന്റെ പ്രചാരണം തീര്‍ത്തും സമാധാനപരമായിരിക്കണമെന്നും പ്രമാണങ്ങളും സംഭവങ്ങളുമുദ്ധരിച്ച് വിശദമാക്കുന്നതാണ്. ഈ പുസ്തകങ്ങള്‍ വായിച്ച ലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ടല്ലോ. അവരാരെങ്കിലും തീവ്രവാദികളായി മാറിയോ? മഅ്ദനി സ്വയം ഇപ്പറഞ്ഞ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടതാണ്. അദ്ദേഹമവ തടിയന്റവിട നസീറിന് കൊടുക്കാനുള്ള സാധ്യത അതിലും വിദൂരം. നസീര്‍ അത് വായിച്ച് പ്രചോദിതനായി എന്ന ആരോപണമാകട്ടെ പച്ചക്കള്ളവും. കാരണം അവയുടെ ഉള്ളടക്കം നടപ്പാക്കാന്‍ മഅ്ദനി നസീറിനോട് നിര്‍ദേശിച്ചുവെന്നാണ് കര്‍ണാടക പൊലീസിന്റെ ആരോപണം. എങ്കില്‍ ഒരു പരിപൂര്‍ണ സമാധാന പ്രിയനും സാത്വികനും ഭക്തനുമായ മുസ്‌ലിമായി നസീര്‍ മാറേണ്ടതായിരുന്നു. പ്രത്യേകിച്ചു ഹസനുല്‍ ബന്നായുടെ ആത്മകഥ കൂടിയുണ്ട് പുസ്തകങ്ങളുടെ കൂട്ടത്തില്‍. അസൂയാര്‍ഹമായ ജീവിത വിശുദ്ധിയിലൂടെ വളര്‍ന്ന സൂഫിവര്യനായിരുന്നു മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകനായ ഹസനുല്‍ബന്നാ. പില്‍ക്കാലത്ത് ബ്രദര്‍ഹുഡിന്റെ കടുത്ത ശത്രുവായി മാറിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിര്‍ പോലും ബന്നായോട് തികഞ്ഞ ആദരവ് പുലര്‍ത്തിയിരുന്നു. ഒരിക്കലും ബന്നായെ നാസിര്‍ തള്ളിപ്പറഞ്ഞിരുന്നില്ല. വായിക്കുന്നവരില്‍ വിപ്ലവവീര്യം വളര്‍ത്തുന്ന ചെഗുവേരയുടെ ഡയറിയല്ല ഹസനുല്‍ ബന്നായുടെ ആത്മകഥ. തമാശ ഇവിടെ അവസാനിക്കുന്നില്ല. മൗദൂദിയെയും ബന്നായെയും സയ്യിദ് ഖുത്തുബിനെയും തടിയന്റവിടെ നസീറിനെ കൊണ്ട് വായിപ്പിച്ച മഅ്ദനി തന്നെയാണത്രെ പിന്നീടയാളെ നൂരിഷാ ത്വരീഖത്തില്‍ ചേര്‍ത്തത്!! ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള നൂരിഷാ ത്വരീഖത്ത് മേല്‍പറഞ്ഞ ചിന്തകരെ ഒരര്‍ഥത്തിലും അംഗീകരിക്കുന്നവരല്ല. മൗദൂദിയുടെ ഒരനുയായിയും ഒരുതരം ത്വരീഖത്തിലും ചേരുകയുമില്ല. മഅ്ദനിയാവട്ടെ, ഈജിപ്തിലെ ദസൂഖി ത്വരീഖത്തിലാണ് വിശ്വസിക്കുന്നതെന്ന് തുറന്ന് പറഞ്ഞയാളാണ്. പക്ഷേ, നമ്മുടെ പൊലീസിനും അന്വേഷണ ഏജന്‍സികള്‍ക്കുമെന്ത് ത്വരീഖത്ത്, എന്ത് പുസ്തകം? മതേതര നാട്യക്കാരും സ്ഥാപിത രാഷ്ട്രീയ താല്‍പര്യക്കാരും മാധ്യമങ്ങളിലൂടെ നിരുത്തരവാദപരമായി എഴുതിപ്പിക്കുന്ന ചവറുകളില്‍നിന്ന് ആവശ്യമായ ഭാഗം പകര്‍ത്തിയെടുത്ത്, തടിയന്റവിടെ നസീറിനെ പോലുള്ള പുള്ളികളുടെ വായില്‍ തിരുകിക്കൊടുത്ത് രേഖപ്പെടുത്തുന്ന മൊഴികളാണ് തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. തികച്ചും യുക്തിശൂന്യവും അവിശ്വാസ്യവുമായ രേഖകളാണെന്നറിഞ്ഞുകൊണ്ടുതന്നെ, മുന്‍വിധിയോടെ ചുമത്തിയ ഗൂഢാലോചന, രാജ്യദ്രോഹം, ഭീകരബന്ധം തുടങ്ങിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇതൊക്കെ ആവശ്യമായി നിയമപാലകര്‍ കരുതുന്നു. പ്രതികളാക്കപ്പെടുന്നവരെ പിന്നീട് കോടതികള്‍ കുറ്റമുക്തരാക്കിയാലും വര്‍ഷങ്ങളോളം കേസ് നീട്ടിക്കൊണ്ടുപോവാനും ജയിലില്‍ പീഡിപ്പിക്കാനും ഇത് തന്നെ ധാരാളം മതിയല്ലോ. ജാമ്യവും പരോളും അനുവദിക്കുന്ന പ്രശ്‌നവുമില്ല.



പ്രഥമദൃഷ്ട്യാതന്നെ മനുഷ്യാവകാശ ധ്വംസനപരവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമായ ഈ നാടകത്തിനെതിരെ ജനാധിപത്യ വിശ്വാസികളും മനുഷ്യ സ്‌നേഹികളും കൂട്ടായി ശബ്ദമുയര്‍ത്തേണ്ടതുണ്ട്. വികലാംഗനും രോഗിയും മതപണ്ഡിതനും രാഷ്ട്രീയ നേതാവുമായ മഅ്ദനിയെ പൂര്‍വ വിരോധത്തിന്റെ പേരില്‍ നശിപ്പിക്കാനുള്ള നീക്കം തികഞ്ഞ നീതിനിഷേധമാണ്. നിയമം നിയമത്തിന്റെ വഴി നോക്കട്ടെ എന്ന ചിലരുടെ കൈകഴുകല്‍ തികച്ചും അപ്രസക്തമാണ് ഇക്കാര്യത്തില്‍. കാരണം നിയമത്തിന്റെ വഴിയല്ല, നിയമത്തിന്റെ നഗ്‌നമായ ദുര്‍വിനിയോഗമാണ് നടക്കുന്നത്. ആശയ സമരവും സംവാദവുമാണ് ജനാധിപത്യത്തിന്റെ വഴി; അധികാര ദുര്‍വിനിയോഗവും ഭരണകൂട ഭീകരതയുമല്ല. സ്‌റ്റേറ്റ് ടെററിസത്തിലൂടെ തീവ്രവാദം തളരുകയല്ല, വളരുകയേ ചെയ്യൂ. ദേശീയ മനുഷ്യാവകാശ കമീഷനും ന്യൂനപക്ഷ കമീഷനും പൗരാവകാശ സംഘടനകളും അടിയന്തരമായി ഇടപെടേണ്ട മാനുഷിക പ്രശ്‌നമാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടേത്. തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം അബ്ദുന്നാസിര്‍ മഅ്ദനിയുടെമേല്‍ വെച്ചുകെട്ടുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടിയത് രാജ്യത്തിന്റെ നൈതികബോധത്തെ തൊട്ടുണര്‍ത്തേണ്ടതാണ്.

'പ്രശസ്തനായൊരു മുസ്‌ലിമായത് കൊണ്ടുമാത്രം തെളിവില്ലാത്ത കേസുകളില്‍ മഅ്ദനിയെ ഉള്‍പ്പെടുത്തുന്നതിനെ' രാജ്യത്തെ തലമുതിര്‍ന്ന ഈ മനുഷ്യാവകാശ പോരാളി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നൂറുകണക്കിന് ന്യൂനപക്ഷ സമുദായക്കാര്‍ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 5000ത്തില്‍പരം വര്‍ഗീയാക്രമണ കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതായ മറുവശം കൂടി കണക്കിലെടുക്കുമ്പോഴാണ് പകപോക്കലിന്റെ ക്രൂരതയുടെ ആഴം വ്യക്തമാവുക. പണം വാങ്ങി കലാപം നടത്തിക്കൊടുക്കുന്ന കൊടും ക്രിമിനലായ പ്രമോദ് മുത്തലിക്കിന്റെ പേരിലുള്ള 18 കേസുകളുമുണ്ട് പിന്‍വലിക്കപ്പെടുന്ന പട്ടികയില്‍! നിയമം അതിന്റെ വഴിക്ക് നടക്കട്ടെ, അല്ലേ?

20.6.10

മദനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചത്-പി.ഡി.പി.
 
കാസര്‍കോട്: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്കെതിരെ ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെടുത്തിയിട്ടുള്ള കേസ് കെട്ടിചമച്ചതാണെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി ആരോപിച്ചു. മദനിക്ക് നീതി ലഭിക്കാന്‍ മുഴുവന്‍ ജനങ്ങളും മതേതര പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണമെന്ന് പി.ഡി.പി.ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.



ജില്ലാ പ്രസിഡന്റ് പി.എം.സുബൈര്‍ പടുപ്പ് മഅ്ദനി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ഐ.എസ്.സക്കീര്‍ ഹുസൈന്‍, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര ട്രഷര്‍, സയ്യിദ് ഉമറുല്‍ ഫാറുഖ് തങ്ങള്‍, ഖാലിദ് ബംബ്രാണ, ഹമീദ്കഞ്ചി ഇബ്രാഹിം, ഷാഫി ഹാജി അഡൂര്‍, ബഷീര്‍ അങ്കക്കളരി, സ്വാദിഖ് മുളിയടുക്കം, സി.എച്ച്.ജബ്ബാര്‍, അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി.ഡി.പി മേഖല സമരസംഗമവും പ്രതിഷേധ റാലിയും ഇന്ന്
മലപ്പുറം: മഅദനിയെ വീണ്ടും കേസില്‍ കുടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകീട്ട് മൂന്നിന് തിരൂരിലും മഞ്ചേരിയിലും മേഖലാ സമരസംഗമവും പ്രതിഷേധറാലിയും നടത്തുമെന്ന് പി.ഡി.പി ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. മഅദനിക്കും കുടുംബത്തിനും എതിരായ നരനായാട്ടിനെതിരെ മുഴുവന്‍ മനുഷ്യസ്‌നേഹികളും രംഗത്തിറങ്ങണമെന്നും പി.ഡി.പി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 
ജില്ലാ വൈസ് പ്രസിഡന്റ് ശശി പൂവന്‍ചിന, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പരമാനന്ദന്‍ മങ്കട, അയ്യപ്പന്‍ എ.ആര്‍. നഗര്‍, അനീഷ്‌കുമാര്‍ പൂക്കോട്ടൂര്‍, ടി.പി. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു
പി.ഡി.പി പ്രകടനം നടത്തി
പൊന്നാനി: മഅദനിയെ അറസ്റ്റുചെയ്ത് വീണ്ടും തുറുങ്കില്‍ അടയ്ക്കാനുള്ള നീക്കത്തിനെതിരെ പി.ഡി.പി മണ്ഡലംകമ്മിറ്റി പ്രകടനം നടത്തി. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും കേരളത്തിലെ വലത് രാഷ്ട്രീയ നേതാക്കന്മാരുടെയും ഗൂഢാലോചനയാണ് നീക്കത്തിന് പിന്നിലെന്ന് ആരോപിച്ചുകൊണ്ടായിരുന്നു പ്രകടനം. ടി. മുഹമ്മദ്ബാവ, കെ. ഷാജിമോന്‍, എം.എ. അഹമ്മദ്കബീര്‍, വി.പി. ഇമ്പിച്ചിക്കോയ തങ്ങള്‍, അസീസ് വെളിയംകോട്, മണമ്മല്‍ റഷീദ്, പി.എസ്.എ. അഷറഫ്, ഉമ്മില്‍ അബ്ദു, അക്ബര്‍ ചുങ്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

18.6.10

ബംഗളൂരു സ്‌ഫോടനം: ഒന്നാംപ്രതിയാക്കാന്‍ നീക്കമെന്ന് മഅ്ദനി

Thursday, June 17, 2010
കൊല്ലം: ബംഗളൂരു സ്‌ഫോടനക്കേസില്‍ തന്നെ ഒന്നാംപ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും 'കോയമ്പത്തൂരിന്റെ' തനിയാവര്‍ത്തനമാണ് രൂപപ്പെടുന്നതെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി.

ബംഗളൂരുകോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ള ജൂണ്‍ 23ന് മുമ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കുമെന്നാണ് അറിയുന്നത്. അപേക്ഷ നിരാകരിക്കപ്പെടുകയും കോടതിയില്‍ ഹാജരാകേണ്ട സാഹചര്യമുണ്ടാവുകയും ചെയ്താല്‍ ഹാജരാകും. നിയമത്തെ ബഹുമാനിച്ചുകൊണ്ടുള്ള നടപടികളേ തന്റെ ഭാഗത്തുനിന്നുണ്ടാവുകയുള്ളൂവെന്ന് അന്‍വാര്‍ശ്ശേരിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെടുകയാണെങ്കില്‍  ഒന്നാം പ്രതിയായിട്ടായിരിക്കുമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ നേരത്തെ  അഭിപ്രായപ്പെട്ടതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 31 ാം പ്രതിയായാണ് ചേര്‍ത്തതെങ്കിലും  ഒന്നാമതാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ സാക്ഷിയാക്കാനെന്നുപറഞ്ഞാണ് പിടിച്ചുകൊണ്ടുപോയത്.  ആദ്യം 86ാം പ്രതിയും തുടര്‍ന്ന് 18ാം പ്രതിയും ഒടുവില്‍ 14ാം പ്രതിയുമായി മാറി.  സുപ്രീംകോടതിയിലടക്കം കൊടുത്ത സത്യവാങ്മൂലങ്ങളില്‍ 'അല്‍ഉമ്മ'യുടെ ബുദ്ധികേന്ദ്രമെന്ന് വിശേഷിപ്പിച്ച് ഒന്നാംപ്രതിയെക്കാള്‍ മോശമായി കൈകാര്യം ചെയ്തു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സഹോദരന്‍ ജമാല്‍മുഹമ്മദിനെ സാക്ഷിയാക്കി ചേര്‍ത്തിട്ടുണ്ട്. അദ്ദേഹത്തിന് നോട്ടീസ് അയക്കുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. കോയമ്പത്തൂര്‍ സ്‌ഫോടന ക്കേസില്‍  കെ.പി. അബൂബക്കര്‍ ഹസ്രത്തിന്റെ മൊഴിയും ഇത്തരത്തില്‍ വ്യാജമായി രേഖപ്പെടുത്തിയിരുന്നു. സ്‌ഫോടനശേഷം ഒന്നാംപ്രതി തടിയന്റവിട നസീറിനുള്‍പ്പെടെ അന്‍വാര്‍ശ്ശേരിയില്‍ അഭയം കൊടുത്തുവെന്നും പറയുന്നു. നസീറുള്‍പ്പെടെയുള്ളവര്‍ക്ക് മൗദൂദിയുടെയും സെയ്ദ് ഖുതുബിന്റെയും പുസ്തകം നല്‍കിയ ശേഷം വായിച്ച് പഠിച്ച് നൂരിഷ ത്വരീഖത്തില്‍ ചേരാന്‍ പറഞ്ഞുവെന്നും പറയുന്നുണ്ട്. ഇ.എം.എസിന്റെ പുസ്തകം വായിപ്പിച്ച് മുസ്‌ലിം ലീഗില്‍ ചേരാന്‍ പറയുന്നതുപോലെയാണിത്. സ്‌ഫോടനക്കേസ് പ്രതികളില്‍ തീവ്രവാദചിന്താഗതി രൂപപ്പെടുത്തിയത് താനാണെന്നും ആരോപണമുണ്ട്. തടിയന്റവിട നസീറുമായി സ്‌ഫോടനത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു എന്നതടക്കം മലയാളികളായ പലരുടെയും സാക്ഷിമൊഴികള്‍ വ്യാജമായി സൃഷ്ടിച്ചതാണ്. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലുണ്ടായതിനെക്കാള്‍ അപകടകരമായ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന രീതി ഇന്റലിജന്‍സ് ബ്യൂറോക്കില്ലെന്ന കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ ഇപ്പോള്‍ ഹേമന്ത്കാര്‍ക്കറെയുടെ മരണം വരെയുള്ള സംഭവങ്ങളില്‍ ഐ.ബിയുടെ ഇടപെടലുകള്‍ പുസ്തകരൂപങ്ങളില്‍  പുറത്തുവന്നിട്ടുണ്ട്. താനുമായി ബന്ധപ്പെട്ട് ഐ.ബിയില്‍ നടന്ന നടപടികളെക്കുറിച്ച വിവരങ്ങള്‍ പൂര്‍ണമായി ലഭിച്ച ശേഷം ഇതിനെക്കുറിച്ച് പരാതി നല്‍കും. പി.ഡി.പി നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ലഭിച്ചത്. വഴിവിട്ടൊന്നും സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ആഗ്രഹിക്കുന്നില്ല.  തന്റെ ശാരീരിക അവശത കര്‍ണാടക സര്‍ക്കാറിനെ ബോധ്യപ്പെടുത്തുന്നതടക്കം ചിലനടപടികള്‍ സംസ്ഥാനസര്‍ക്കാറിന് ചെയ്യാന്‍കഴിയും. വി.എസ്. മുഖ്യമന്ത്രിയായ ശേഷം തമിഴ്‌നാട്ടില്‍ പോയി കരുണാനിധിയുമായിചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തനിക്ക് മെച്ചപ്പെട്ട ചികില്‍സ ലഭിച്ചത്.

പ്രതിഷേധ പ്രകടനങ്ങള്‍ മതപരമായ പരിധിക്കുള്ളില്‍ ഒതുക്കിനിര്‍ത്താന്‍ മുസ്‌ലിംചെറുപ്പക്കാര്‍ ശ്രമിക്കണമെന്ന്  മഅ്ദനി അഭ്യര്‍ഥിച്ചു. കഴിഞ്ഞദിവസം അന്‍വാര്‍ശ്ശേരിയില്‍ നടന്ന ആത്മാഹുതി ശ്രമം ഇസ്‌ലാമിക വീക്ഷണത്തിന് വിരുദ്ധമാണ്. പ്രതിഷേധങ്ങള്‍ ഒരൊറ്റയാളെപ്പോലും ബുദ്ധിമുട്ടിക്കാത്ത രീതിയിലായിരിക്കണം-അദ്ദേഹം പറഞ്ഞു.

അ്ദനി വേട്ട നീതി വ്യവസ്ഥയോടുള്ള വെല്ലുവിളി - മുസ്‌ലിം നേതാക്കള്‍

Thursday, June 17, 2010
തിരുവനന്തപുരം: ഒരുകാലത്ത് മഅ്ദനിയുടെ അനുയായിയും ഇപ്പോള്‍ അദ്ദേഹത്തിന്റെ ശത്രുവുമായ കസ്റ്റഡി പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം അബ്ദുന്നാസിര്‍ മഅ്ദനിയെ വേട്ടയാടി വീണ്ടും തുറുങ്കിലടയ്ക്കാനുള്ള നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രമുഖ മുസ്‌ലിം സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

മഅ്ദനി ജനാധിപത്യപരവും സമാധാനപൂര്‍ണവുമായ മാര്‍ഗം സ്വീകരിച്ചതിനാലാണ് പ്രസ്തുത പ്രതിയുള്‍പ്പെടെ ചിലര്‍ക്ക് അദ്ദേഹത്തോടുള്ള അമര്‍ഷം. കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് മഅ്ദനി കേസില്‍ ഒരു ബന്ധവുമില്ലെന്ന് ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കര്‍ണാടകയിലെ ബി.ജെ.പി പൊലീസിന്റെ ഗൂഢമായ ആസൂത്രണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ഗൂഢാലോചനയുമായി നിസഹകരിച്ച് ജനാധിപത്യ മൂല്യങ്ങള്‍ക്കും സമാധാനാന്തരീക്ഷത്തിനും ഭംഗം വരാതെ സൂക്ഷിക്കണമെന്ന് നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.

ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി, കേരള സുന്നീ ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വി.പി നസറുദ്ദീന്‍ എളമരം, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, മുസ്‌ലിം സംയുക്തവേദി സംസ്ഥാന പ്രസിഡന്റ് കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി, ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, കെ.എം.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

ഇത് കോയമ്പത്തൂര്‍ കേസിന്റെ തനിയാവര്‍ത്തനം: മഅ്ദനി

Thursday, June 17, 2010
കൊല്ലം: ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ തനിയാവര്‍ത്തനത്തിനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍  നാസര്‍ മഅ്ദനി പറഞ്ഞു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ മഅ്ദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കുമെന്നാണറിയുന്നത്.

'കോടതിയില്‍ ഹാജരാകേണ്ട സാഹചര്യമുണ്ടായാല്‍ ഹാജരാകും. കോടതിയോട് പൂര്‍ണ ബഹുമാനം നിലനലര്‍ത്തിക്കൊണ്ടുള്ള നടപടികള്‍ മാത്രമേ എന്റെ ഭാഗത്ത് നിന്നുണ്ടാകൂ.' മഅ്ദനി പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോയ്‌ക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും, അത് കിട്ടിയാല്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ബി ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഡിപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മനുഷ്യത്വപൂര്‍ണമായ സമീപനമുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതായും  മഅ്ദനി പറഞ്ഞു.  

മഅ്ദനി: മുസ്‌ലിം സംയുക്തവേദി പ്രതിഷേധിച്ചു

Thursday, June 17, 2010
കൊല്ലം: മഅ്ദനിയെ കള്ളക്കേസില്‍പെടുത്തി വീണ്ടും പീഡിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധറാലിക്ക് ശഹീര്‍ മൗലവി, സലീമുല്‍ഹാദി, ഷാജിറുദ്ദീന്‍ ദാഇ, പാച്ചല്ലൂര്‍ സലിം മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, അഹമ്മദ് കബീര്‍അമാനി, തഴവാ മുജീബ് റഹ്മാന്‍ മൗലവി, ബാദുഷാ മന്നാനി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധ യോഗം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷഹീര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കേരള മഹല്ല് ഇമാം ഐക്യവേദി ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം സംയുക്തവേദി ജനറല്‍ കണ്‍വീനര്‍ മൈലക്കാട് ഷാ, ദക്ഷിണകേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖമറുദ്ദീന്‍ മൗലവി, ഭാസുരേന്ദ്രബാബു, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ അഷറഫ് മൗലവി, കാഞ്ഞാര്‍ അഹമ്മദ് കബീര്‍ മൗലവി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി മൗലവി ഷാജിറുദ്ദീന്‍ ദാഇ, കെ.എം.വൈ.എഫ് സംസ്ഥാന സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, മുസ്‌ലിം യുവജനവേദി സംസ്ഥാന സെക്രട്ടറി സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി എന്നിവര്‍ സംസാരിച്ചു. 

അന്‍വാര്‍ശേരിയില്‍ നിരാഹാരം തുടരുന്നു

Friday, June 18, 2010
ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനിയെ വീണ്ടും ജയിലിലടക്കാനുള്ള നീക്കത്തിനെതിരെ അന്‍വാര്‍ശേരിയില്‍ പി.ഡി.പി നടത്തുന്ന നിരാഹാരസമരം രണ്ടാംദിവസം കൂടുതല്‍ ശക്തമായി.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രകടനം നടത്തുകയും നിരവധി പ്രമുഖര്‍ സമരസേനാനികളെ സന്ദര്‍ശിക്കുകയും ചെയ്തു.
മൈനാഗപ്പള്ളി മിലാദേ ഷെരീഫ് സ്‌കൂള്‍ കവലയില്‍ നിന്ന് തുടങ്ങിയ പ്രകടനം സമരനഗരിയില്‍ സമാപിച്ചു. പി.ഡി.പി ജില്ലാസെക്രട്ടറി സുനില്‍ഷാ, മണ്ഡലം പ്രസിഡന്റ് ഷാഹുല്‍ തെങ്ങുംതറ, സെക്രട്ടറി എ.എം. ബാദ്ഷ, മഹിളാനേതാക്കളായ ശ്രീജാമോഹന്‍, രഹ്‌ന, സീന കായംകുളം എന്നിവര്‍ നേതൃത്വം നല്‍കി. വൈകുന്നേരം പള്ളിശേരിക്കല്‍ നിന്ന്  സമരവേദിയിലേക്ക് 2000ഓളം പേര്‍ പങ്കെടുത്ത അനുഭാവപ്രകടനവും നടന്നു.
ജമാഅത്തെ ഇസ്‌ലാമി കേരളഘടകം സെക്രട്ടറി എച്ച്. ഷഹീര്‍ മൗലവി, ജില്ലാപരിസ്ഥിതി മനുഷ്യാവകാശ ഏകോപന സമിതി കണ്‍വീനര്‍ ഓടനാവട്ടം വിജയപ്രകാശ് എന്നിവര്‍ വ്യാഴാഴ്ച നിരാഹാരസത്യഗ്രഹികളെയും അബ്ദുന്നാസിര്‍ മഅ്ദനിയെയും സന്ദര്‍ശിച്ചു.
ഡോ. എം.എസ്. ജയപ്രകാശ് വെള്ളിയാഴ്ച അനുഭാവ നിരാഹാരസത്യഗ്രഹം അനുഷ്ഠിക്കുമെന്ന് സമരസമിതി അറിയിച്ചു.
പി.ഡി.പി സംസ്ഥാന വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ്, ജില്ലാവൈസ്‌പ്രസിഡന്റ് ഷാജി പത്തനാപുരം, കോട്ടയം ജില്ലാവൈസ്‌പ്രസിഡന്റ് കെ.ജെ. ദേവസ്യ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
കുന്നത്തൂര്‍ താലൂക്ക് മുസ്‌ലിം സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ശാസ്താംകോട്ടയില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. 27 മഹല്ല് ജമാഅത്തുകളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കും.




17.6.10

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷണത്തിന് പുതിയ ഏജന്‍സിയെ നിയോഗിക്കണം കുന്നത്തൂര്‍ മുസ്ലിം ജമാഅത്ത്


ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ സി.ആര്‍.പി.സി. 91 വകുപ്പനുസരിച്ച് സാക്ഷിമൊഴി എടുക്കുന്നതിനു മഅദനിയോടും സൂഫിയ മഅദനിയോടും ബാംഗ്ലൂരില്‍ ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനാരോഗ്യം കാരണം മഅദനിക്കും, എറണാകുളം ജില്ല വിട്ടുപോകാന്‍ കഴിയാത്തതിനാല്‍ സൂഫിയ മഅദനിക്കും ബാംഗ്ലൂരില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജൂണ്‍ 4 ന് എറണാകുളത്തെത്തിയ അന്വേഷണസംഘം ഇരുവരോടും ആശയ വിനിമയം നടത്തിയിരുന്നു. ഇതേ അന്വേഷണസംഘമാണ് മഅദനി പിടികിട്ടാപ്പുള്ളിയാണെന്നു കാണിച്ച് കഴിഞ്ഞദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ മഅദനിയെ പ്രതിയാക്കാനുള്ള ഗൂഡാലോചനയാണ് ഇതിനു പിന്നിലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

ജയില്‍ മോചിതനായശേഷം 24 മണിക്കൂറും സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് സുരക്ഷയിലാണ് മഅദനി ഉള്ളത്. മഅദനിയുടെയും ഭാര്യ സൂഫിയ മഅദനിയുടെയും ഫോണുകള്‍ നിരന്തരം ടാപ്പു ചെയ്യപ്പെടുന്നുണ്ട്. ഈ അവസ്ഥയില്‍ ജയില്‍മോചിതനായ മഅദനി കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്നും കമ്മിറ്റി പ്രസ്താവനയില്‍ ആരോപിക്കുന്നു.

അതിനാലാണ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് പുതിയൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമ്മിറ്റി ആവശപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് കുന്നത്തൂര്‍ താലൂക്ക് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച 4 ന് ശാസ്താംകോട്ടയില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും കമ്മിറ്റി ഭാരവാഹികളായ തുണ്ടില്‍ എ.ഹമീദ്കുട്ടി, മുഹമ്മദ് ഖുറൈശി, വൈ.ഷാജഹാന്‍, ഷാഹുദ്ദീന്‍ എ.പി. എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
മഅ്ദനി: മുസ്‌ലിം സംയുക്തവേദി പ്രതിഷേധിച്ചു


Thursday, June 17, 2010

കൊല്ലം: മഅ്ദനിയെ കള്ളക്കേസില്‍പെടുത്തി വീണ്ടും പീഡിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധറാലിക്ക് ശഹീര്‍ മൗലവി, സലീമുല്‍ഹാദി, ഷാജിറുദ്ദീന്‍ ദാഇ, പാച്ചല്ലൂര്‍ സലിം മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, അഹമ്മദ് കബീര്‍അമാനി, തഴവാ മുജീബ് റഹ്മാന്‍ മൗലവി, ബാദുഷാ മന്നാനി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതിഷേധ യോഗം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷഹീര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കേരള മഹല്ല് ഇമാം ഐക്യവേദി ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി അധ്യക്ഷത വഹിച്ചു.

മുസ്‌ലിം സംയുക്തവേദി ജനറല്‍ കണ്‍വീനര്‍ മൈലക്കാട് ഷാ, ദക്ഷിണകേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖമറുദ്ദീന്‍ മൗലവി, ഭാസുരേന്ദ്രബാബു, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ അഷറഫ് മൗലവി, കാഞ്ഞാര്‍ അഹമ്മദ് കബീര്‍ മൗലവി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി മൗലവി ഷാജിറുദ്ദീന്‍ ദാഇ, കെ.എം.വൈ.എഫ് സംസ്ഥാന സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, മുസ്‌ലിം യുവജനവേദി സംസ്ഥാന സെക്രട്ടറി സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി എന്നിവര്‍ സംസാരിച്ചു.