28.7.09

മഅദനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആധികാരികമല്ല - സിറാജ്‌

തിരുവനന്തപുരം: മഅദനിയുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ആധികാരികമല്ലെന്ന്‌ പി.ഡി.പി. വര്‍ക്കിങ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ ആരോപണങ്ങളെല്ലാം പോലീസ്‌ അന്വേഷിക്കുകയും കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്‌. തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ മഅദനിയെ ജയിലിലടയ്‌ക്കണം. അല്ലെങ്കില്‍ അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത്‌ കല്ലുവെച്ച നുണകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങളാണ്‌ യു.ഡി.എഫിനെ വളര്‍ത്തിയത്‌. വരുന്ന പഞ്ചായത്ത്‌, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പി.ഡി.പി. അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച്‌ നിലപാട്‌ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഅദനിയുടെ ജയില്‍മോചന വാര്‍ഷികത്തിന്റെ ഭാഗമായി പി.ഡി.പി. സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ നീതിരത്‌ന അവാര്‍ഡിന്‌ ഈ വര്‍ഷം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ തിരഞ്ഞെടുത്തുവെന്നും സിറാജ്‌ അറിയിച്ചു. പ്രഥമ നീതിരത്‌ന അവാര്‍ഡ്‌ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ക്കായിരുന്നു.

No comments: