17.7.09

മലബാറിനോടുള്ള അവഗണന: പിഡിപി പ്രക്ഷോഭം പുനരാരംഭിക്കുന്നു

മലബാറിനോടുള്ള അവഗണന: പിഡിപി പ്രക്ഷോഭം പുനരാരംഭിക്കുന്നു
കൊച്ചി:റെയില്‍വേ, വിദ്യാഭ്യാസം, വ്യവസായം, ഗതാഗതം, ആരോഗ്യം തുടങ്ങിയ മുഴുവന്‍ മേഖലകളിലും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ മലബാറിനോട്‌ അനുവര്‍ത്തിച്ച്‌വരുന്ന അവഗണനക്കെതിരെ പിഡിപി നടത്തിക്കൊണ്ടിരുന്ന സമരം ശക്തമായിപുനരാരംഭിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ആഗസ്‌ത്‌ 12ന്‌ മലപ്പുറത്ത്‌ നടത്തുന്ന സമരപ്രഖ്യാപന സമ്മേളനത്തോടെയാണ്‌ പ്രക്ഷോഭം പുനരാരംഭിക്കുക. ആഗസ്‌ത്‌ 19ന്‌ മലബാറിന്‌വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ സഹകരിക്കാന്‍ താല്‌പര്യമുള്ള മുഴുവന്‍ സംഘടനകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കണ്‍വെന്‍ഷന്‍ കോഴിക്കോട്‌ നടത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ 3 ദിവസമായി എറണാകുളത്ത്‌ നടന്ന നേതൃയോഗത്തില്‍ ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനി അധ്യക്ഷത വഹിച്ചു. മലബാര്‍ പ്രദേശത്ത്‌ അധിവസിക്കുന്നവര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത്‌ മുഴുവന്‍ ആദിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക്‌ അറുതിവരുത്തുന്നതിന്‌ ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനും അവരുടെ ജീവിതനിലവാരത്തെ പറ്റി വിശദമായ പഠനം നടത്തുന്നതിനും അടിയന്തരമായി പ്രത്യേകം കമ്മീഷനെ ചുമതലപ്പെടുത്തണമെന്നും നേതൃയോഗം സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മലപ്പുറത്ത്‌ അലിഗര്‍ കാമ്പസ്‌ ആരംഭിക്കുന്നതിന്‌ കേന്ദ്രം ബജറ്റില്‍ വിലയിരുത്തിയ തുക നിര്‍ദിഷ്ട കാമ്പസിന്റെ ചുറ്റുമതില്‍ കെട്ടുന്നതിന്‌ പോലും തികയില്ലായെങ്കിലും ആ തുക നഷ്ടപ്പെടുന്നതിന്‌ മുമ്പ്‌ അലിഗര്‍ കാമ്പസിനോട്‌ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാരംഭിക്കുന്നതിന്‌ തയ്യാറാകണമെന്ന്‌ സംസ്ഥാന ഗവണ്‍മെന്റിനോട്‌ ശക്തമായി പാര്‍ട്ടിനേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉടനെ തന്നെ പാര്‍ട്ടി പ്രതിനിധി സംഘം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, റവന്യൂ മന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവരെ നേരില്‍ക്കണ്ട്‌ അഭിപ്രായം അറിയിക്കാന്‍ തീരുമാനിച്ചു.

No comments: