മദനിയെ ബോംബെറിഞ്ഞ കേസില്‍ വിചാരണ ഒക്ടോബര്‍ 20ന്
കൊല്ലം: പി.ഡി.പി.നേതാവ് മദനിയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചെന്ന കേസിന്റെ വിചാരണ ഒക്ടോബര്‍ 20ന് ആരംഭിക്കും. 1992 ആഗസ്‌ത് ആറിനുണ്ടായ കേസില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിചാരണ തുടങ്ങുന്നത്. ഇതിനു മുന്നോടിയായി പ്രതിപ്പട്ടികയിലുള്ളവരെ ചൊവ്വാഴ്‌ച കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. മദനി ഐ.എസ്.എസ്.നേതാവായിരിക്കെ ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചതില്‍ വൈരാഗ്യം തോന്നിയ ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ബോംബെറിഞ്ഞുവെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. രാത്രി 8.45ന് മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരി മദ്രസയ്‌ക്കടുത്തായിരുന്നു മദനിക്കുനേരെ അക്രമം. ബോംബ് പൊട്ടി മദനിയുടെ വലതുകാല്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആര്‍.എസ്.എസ്.പ്രവര്‍ത്തകരായ എട്ടുപേരാണ് പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം എന്നിവയാണ് ഇവര്‍ക്കെതിരായ കുറ്റം. മൈനാഗപ്പള്ളി കടപ്പാമുറി സ്വദേശി ജഗന്നാഥപിള്ള, ഇടവനശ്ശേരി അജയന്‍ എന്ന അജയകുമാര്‍, കൊട്ടിയം തഴുത്തല രാമന്‍ എന്ന രാമചന്ദ്രന്‍, കൊട്ടിയം പറക്കുളം ബാലു എന്ന ബാലചന്ദ്രന്‍, തിരുവല്ല ഓതറ കൃഷ്‌ണകുമാര്‍, അഞ്ചാലുംമൂട് പനയം സി.കെ.ചന്ദ്രബാബു, ശൂരനാട് വേങ്ങ മുറിയില്‍ ഷാജി എന്ന ഷാജികുമാര്‍, മൈനാഗപ്പള്ളി വേങ്ങമുറിയില്‍ അപ്പായി എന്ന സുരേഷ് എന്നിവരാണ് യഥാക്രമം ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍. എട്ടാം പ്രതി സുരേഷ് മരിച്ചു. ഏഴാംപ്രതി ഷാജികുമാര്‍ കോടതിയില്‍നിന്ന് ജാമ്യം വാങ്ങി വിദേശത്താണ്. അഞ്ചാംപ്രതി കൃഷ്‌ണകുമാര്‍ എവിടെയെന്നറിയില്ല. ബാക്കി അഞ്ച് പ്രതികളാണ് കോടതിയില്‍ ഹാജരായത്. കുറ്റപത്രംകേട്ട പ്രതികള്‍ കുറ്റം നിഷേധിച്ചു. അഡീഷണല്‍ ഡിസ്‌ട്രിക്ട് ആന്‍ഡ് സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് കോടതി മൂന്നില്‍ എസ്.എസ്.വാസന്‍ മുമ്പാകെയാണ് വിചാരണ. ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികളെയാണ് ഒക്ടോബര്‍ 20ന് വിചാരണ ചെയ്യുന്നത്. മദനി രണ്ടാംസാക്ഷിയാണ്. നാലുമുതല്‍ ആറുവരെ സാക്ഷികളെ 22നും ഏഴുമുതല്‍ 10വരെയുള്ളവരെ 24നും വിചാരണ ചെയ്യും. ആകെ 66 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി.മുണ്ടയ്‌ക്കല്‍ കോടതിയില്‍ ഹാജരാകും. അഡ്വ. പ്രതാപചന്ദ്രന്‍, അഡ്വ. വിജയരാഘവന്‍ എന്നിവരാണ് പ്രതിഭാഗം അഭിഭാഷകര്‍.