19.5.12


മഅദനിക്ക് സാമൂഹിക നീതി ആവശ്യപ്പെട്ട് പുതിയ സംഘടന രൂപീകരിക്കും : ഡോ. സെബാസ്റ്റ്യന്‍പോള്‍

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന മഅദനിക്ക് സാമൂഹിക നീതി ഉറപ്പാക്കാനായി പുതിയ സംഘടന രൂപവത്കരിക്കുന്നു. ഇതിനായി ജൂണ്‍ 26ന് കൊച്ചിയില്‍ ദേശീയ മനുഷ്യാവകാശ സമ്മേളനം നടത്തുമെന്ന് മുന്‍ എം.പി. ഡോ. സെബാസ്റ്റ്യന്‍പോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് മഅദനിക്ക് നേരെ നടക്കുന്നത്. ഇതിന് ദേശീയതലത്തില്‍ കാമ്പയിന്‍ നടത്താനാണ് പുതിയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന് നിയമസഹായത്തിനാണ് ഫോറം. എന്നാല്‍ പുതിയ കൂട്ടായ്മ അദ്ദേഹത്തിന് മനുഷ്യത്വപരമായ അവകാശങ്ങള്‍ നേടിക്കൊടുക്കാനാണ്. ഒരു കാല്‍ നഷ്ടപ്പെട്ട മഅദനിയുടെ അടുത്ത കാലിന്‍െറയും ചലനശേഷി നഷ്ടമായി വരികയാണ്. ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു.കടുത്ത പ്രമേഹരോഗിയാണ്. ആവശ്യമായ വൈദ്യസഹായം എത്തിക്കണമെന്ന് കോടതി നിര്‍ദേശമുണ്ടായിട്ടും അത് നടക്കുന്നില്ല. ഇതു മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശബ്ദം ഉയരേണ്ടത്. കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് നിയമസഭാ പ്രമേയം സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടലൊന്നും നടത്തിയില്ല എന്നും ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.


ജൂണ്‍ 26ന് ചേരുന്ന സമ്മേളനത്തില്‍ പ്രസ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഡ്ജു, അരുണാറോയ്, ബിനായറ്റ്‌സെന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ എസ്. സുവര്‍ണകുമാര്‍, അജിത് കുമാര്‍ ആസാദ്, സുബൈര്‍, ഭാസുരേന്ദ്രബാബു എന്നിവരും പങ്കെടുത്തു.

ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നില്‍ പി.ഡി.പി ഉപവസിക്കും


മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ സംരക്ഷണകാര്യത്തില്‍ കേരളസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി ഉപവാസം സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ സെക്രട്ടേറിയറ്റ് പടിക്കലാണ് ഉപവാസമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ അറിയിച്ചു.

ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനച്ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. യൂസഫ് പാന്ത്ര, ഗഫൂര്‍ വാവൂര്‍, അസീസ് വെളിയങ്കോട്, എന്‍.എ. സിദ്ധീഖ്, സറഫുദ്ധീന്‍ പെരുവള്ളൂര്‍, സുല്‍ഫിക്കര്‍അലി, അബ്ദുള്‍ബാരിര്‍ശാദ്, ജാഫറലി എന്നിവര്‍ പ്രസംഗിച്ചു

പി.ഡി.പി കത്ത് ശേഖരണ യാത്ര തുടങ്ങി



തിരൂരങ്ങാടി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഗവര്‍ണര്‍ക്ക് കത്തുകളയക്കുന്നതിനുള്ള പി.ഡി.പി.യുടെ കത്ത്‌ശേഖരണയാത്ര തിരൂരങ്ങാടി മണ്ഡലത്തില്‍ തുടങ്ങി. മദനിയുടെ ആരോഗ്യനിലയെക്കുറിച്ച് പഠിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് പി.ഡി.പി നേതാക്കള്‍ ആവശ്യപ്പെട്ടു. ജാഥാ ക്യാപ്റ്റന്‍ സലാം മൂന്നിയൂരിന് വേലായുധന്‍ വെന്നിയൂര്‍ പതാക കൈമാറി. എം.എ റസാഖ് ഹാജി, ഇബ്രാഹിം തിരൂരങ്ങാടി, ജലീല്‍ ആങ്ങാടന്‍, കെ.സി മൊയ്തീന്‍കുട്ടി, ഷറഫുദ്ധീന്‍ പെരുവള്ളൂര്‍, അബു സി.കെ നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments: