4.1.12


മഅദനിയുടെ ജാമ്യാപേക്ഷ തള്ളിയത് നിര്‍ഭാഗ്യകരം- പി.ഡി.പി.


കൊല്ലം:പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള സുപ്രീംകോടതിവിധി നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മഅദനിക്ക്‌ മാത്രം നീതിയും ചികിത്സയും നിഷേധിച്ചത്‌ കേരളീയ സമൂഹം അംഗീകരിക്കില്ല.

കെട്ടിച്ചമച്ച കേസിന്റെ പേരില്‍ ഒന്നരവര്‍ഷമായി  മഅദനിയെ പീഡിപ്പിക്കുകയാണ്. ബംഗളൂരു സ്ഫോടനക്കേസുമായി  മഅദനിക്ക് ഒരു ബന്ധവുമില്ല. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് ഇറങ്ങിയ ദിവസം മുതല്‍ പൊലീസ് കാവലുള്ള  മഅദനി എങ്ങനെ ബംഗളൂരു സ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തുമെന്ന് സിറാജ് ചോദിച്ചു. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷം  മഅദനി നരകയാതന അനുഭവിച്ചു.  മഅദനിയെ നശിപ്പിച്ച് ജയിലില്‍തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിറാജ് പറഞ്ഞു.

വിചാരണ അട്ടിമറിക്കാനുള്ള ഗൂഡശ്രമമാണ്‌ നടക്കുന്നത്‌. കേസ്‌ അന്വേഷിക്കുന്ന പ്രത്യേക കോടതി ബംഗ്‌ളൂര്‍ ജയിലില്‍തന്നെയാണ്‌. ബാംഗ്ലൂരില്‍ മഅദനിക്ക് നീതിയും ചികിത്സയും ലഭിച്ചില്ല. വൃക്കരോഗംവരെ ബാധിച്ച മഅദനി ക്ഷീണിതനാണ്. മഅദനി തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. അല്ലാതെ ഉപാധിയോടെയുള്ള ജാമ്യംപോലും നല്‍കാതിരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

മഅദനിയുടെ കൂട്ടുപ്രതികളെ ബല്‍ഗാമിലേക്ക് അയച്ചശേഷം വിചാരണ അനന്തമായി നീട്ടുകയാണെന്നും സിറാജ് കുറ്റപ്പെടുത്തി. മഅദനിയുടെ നീതിക്കുവേണ്ടി നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം വരുംദിവസങ്ങളില്‍ പാര്‍ട്ടി ഏറ്റെടുത്തുനടത്തും. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച എറണാകുളത്ത് അടിയന്തര സംസ്ഥാനസമിതി നേതൃയോഗം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും സിറാജ് പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് സെക്രട്ടറി മൈലക്കാട് ഷാ, ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ഭാരവാഹികളായ ഇക്ബാല്‍ കുരുവ, ചവറ സതീശന്‍ തുടങ്ങിയവരും പങ്കെടുത്തു.

പി ഡി പി പ്രവര്‍ത്തകര്‍ കൊച്ചിയില്‍ റോഡ് ഉപരോധിച്ചു


കൊച്ചി: പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി ഡി പി പ്രവര്‍ത്തകര്‍ പാലാരിവട്ടം സിഗ്‌നലിന് സമീപം റോഡ് ഉപരോധിച്ചു. പ്രകടനമായെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ റോഡ് ഉപരോധിച്ചത്. ഉപരോധ സമരം ഒരു മണിക്കൂറിലേറെ നീണ്ടു. അസിസ്റ്റന്‍റ് കമീഷണര്‍ സുനില്‍ ജേക്കബിന്‍െറ നേതൃത്വത്തില്‍ സമരക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. പാലാരിവട്ടം സ്റ്റേഷനില്‍ എത്തിച്ച പ്രവര്‍ത്തകരെ പിന്നീട്ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിഷേധ സമരത്തിന്‌ ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ സെക്രട്ടറി നൌഷാദ് പറക്കാടന്‍, ജമാല്‍ കുഞ്ഞുണ്ണിക്കര   എന്നിവര്‍ നേതൃത്വം നല്‍കി.

മഅദനിക്ക് നീതി നിഷേധിക്കപ്പെടുന്നതില്‍  പ്രതിഷേധിച്ച് ബുധനാഴ്ച ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി നൌഷാദ് പറക്കാടന്‍ അറിയിച്ചു.
പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം ശക്തമാവുന്നു. നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ചെയര്‍മാന് ചികിത്സാര്‍ത്ഥം ജാമ്യം ലഭിക്കണമെന്ന ആവശ്യം നിരസിച്ചതിനെതിരെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പ്രമുഖ അഭിഭാഷകരും പരസ്യമായി അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചു.   പാര്‍ട്ടിയെയും നേതാക്കളെയും എക്കാലത്തും വിമര്‍ശിച്ചവര്‍ പോലും ജാമ്യ നിഷേധത്തിനെതിരെ ശക്തമായി രംഗത്ത്‌ വരുന്ന കാഴ്ചയാണ്.

ശാസ്താംകോട്ടയില്‍ പി.ഡി.പി. പ്രതിഷേധ പ്രകടനം നടത്തി

കൊല്ലം : അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചു പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പള്ളിശ്ശേരിക്കല്‍ കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം ശാസ്താംകോട്ടയില്‍ സമാപിച്ചു. വിചാരണത്തടവുകാരന് ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ അനുവദിക്കണമെന്നും കോയമ്പത്തൂര്‍ മോഡല്‍ ആവര്‍ത്തിക്കരുതെന്നും പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു. പ്രകടനത്തിന് എം.എം.ബാദുഷ, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മലപ്പുറം : പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച കര്‍ണാടക പ്രോസിക്യൂഷന്‍ നടപടിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. പൊന്നാനിയില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ചമ്രവട്ടം ജങ്ഷനില്‍ റോഡ്‌ ഉപരോധിച്ചു. പ്രകടനത്തിന് മണ്ഡലം ഭാരവാഹികളായ കെ. മൊയ്തുണ്ണി ഹാജി, അസീസ്, അക്ബര്‍ ചുങ്കത്ത്, എം.എ. അഹമ്മദ്കബീര്‍ എന്നിവര്‍ നേതൃത്വംനല്‍കി. മഅദനിക്കെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് പി.ഡി.പി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രകടനത്തിന് എം.എ. റസാഖ് ഹാജി, ഷഫീഖ് പാലൂക്ക്, കെ. ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സുപ്രീംകോടതി വിധി നിരാശാജനകമാണെന്ന് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തില്‍ എന്‍.എം. ജംഷീദ് അധ്യക്ഷനായി. സിദ്ദീഖ് മൂന്നിയൂര്‍, റാഫി പടിക്കല്‍, വി.പി. സലാം എന്നിവര്‍ പ്രസംഗിച്ചു.
കാസര്‍കോട്: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. 

ജില്ലാ പ്രസിഡന്റ് ഐ.എസ്.സക്കീര്‍ ഹുസൈന്‍, ജന. സെക്രട്ടറി റഷീദ് മുട്ടുന്തല,അസീസ് മുഗു, സാദിഖ് മുളിയടുക്കം തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.എം.സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു. 

ഈരാറ്റുപേട്ട: ബംഗളൂരു സ്‌ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഈരാറ്റുപേട്ട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സാധാരണക്കാര്‍ക്ക് കോടതികളില്‍ പോലും വിശ്വാസമില്ലാതായിത്തീരുന്ന സാഹചര്യമാണ് ഇത്തരം നടപടികളിലൂടെ ഉണ്ടായിത്തീരുന്നതെന്ന് സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് പി.എസ്. ഹക്കീം പറഞ്ഞു. കോടതി കുറ്റവാളികളെന്ന് പറഞ്ഞവര്‍ പോലും പുറത്ത് സൈ്വരവിഹാരം നടത്തുമ്പോള്‍ യാതൊരു കുറ്റവും തെളിയിക്കപ്പെടാത്ത വികലാംഗനായ ഒരാളെ ജാമ്യം പോലും നിഷേധിച്ച് തടങ്കലില്‍ പീഡിപ്പിക്കുന്നത് അന്യായമാണ്. യൂസുഫ് ഹിബ, വി.എ. ഹസീബ് എന്നിവര്‍ നേതൃത്വം നല്‍കി.

ന്യൂഡല്‍ഹി- ഒന്നരവര്‍ഷക്കാലമായി വിചാരണാ തടവുകാരാനായി ബാഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരുന്ന അബ്ദുന്നാസിര്‍ മഅ്ദിനയുടെ ജാമ്യ അപേക്ഷ തള്ളി കൊണ്ടുള്ള സുപ്രീം കോടതി വിധി മഅ്ദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് പി ഡി പി.അഭിപ്രായപ്പെട്ടു.ഒന്‍പതര വര്‍ഷം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ മഅ്ദനിയെ കുറ്റ വിമുക്തനാക്കിയ വസ്തുത പോലും സുപ്രീം കോടതി പരിഗണിച്ചില്ല .ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കപ്പെടാതെയാണ് മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ കുറ്റവിമുക്തനാക്കിയതെങ്കില്‍ അതേ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ബാഗ്ലൂര്‍ കേസിലും അദ്ദേഹത്തെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഭരണകൂട താല്പര്യങ്ങള്‍ക്ക് വഴങ്ങി പോലീസ് കെട്ടിച്ചമക്കുന്ന കള്ളകേസുകളിലെ സത്യവ്യസ്ഥ മനസ്സിലാക്കുന്നതില്‍ കോടതികള്‍ കൂടുതല്‍ ജാഗ്രത പലര്‍ത്തേണ്ടതുണ്ട് .ഇല്ലെങ്കില്‍ കടുത്ത മനുഷ്യവകാശധ്വംസനത്തിനും വ്യക്തി സ്വതാന്ത്ര്യവും ഹനിക്കുന്നതിനും ഇടവരുന്നതാണ്.ഗുരുതരമായ രോഗങ്ങള്‍ക്കടിമപ്പെട്ട് അര്‍ഹമായ ചികിത്സ ലഭ്യമാകതെ ദീര്‍ഘകാലമായി വിചാരണ തടവുകാരനായി കഴിഞ്ഞു വരുന്ന മഅ്ദനിയുടെ വിഷയത്തില്‍ പൊതു സമൂഹം ഗൗരവമായി ഇടപെടണമെന്ന് പി ഡി പി നയരൂപികരണ സമിതി ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലിയും ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും പ്രസ്താവനയില്‍ ആവിശ്യപ്പെട്ടു

1 comment:

Anonymous said...

ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ "ലവ് ജിഹാദ്" എന്ന ആശയത്തിലൂടെ കേരളത്തില്‍ വര്‍ഗ്ഗിയത വളര്‍ത്താന്‍ നോക്കിയാ തന്ത്രം പോലെ മറ്റൊരു വര്‍ഗ്ഗിയ തന്ത്രം ആണ് മദനി അറസ്റ്റും മദനി പീഡനവും.കേരളത്തില്‍ വര്‍ഗ്ഗിയതയിലൂടെ രാഷ്ട്രിയ അധികാര ലക്‌ഷ്യം പ്രാവര്‍ത്തികമാകാന്‍ ഉള്ള അവരുടെ ശ്രമ്തിണ്ടേ ഭാഗവും ആണ് അവരുടെതു.ഒരു നിരപരാധിയെ അപരാദിയായി ചിത്രികരിച്ചു അവരെ വേട്ടയാടുമ്പോള്‍ പല മുസ്ലിം സങ്കടനകളും അതിനെതിരെ പ്രതിശേടിക്കും.മദനിക്ക് സങ്കപരിവാറിലെ വര്‍ഗ്ഗിയ വാധികള്‍ക്കെതിരെ സംസാരിക്കുന്നത് ഒരു വിഭാഗതിന്നെതിരെയുല്ലതാക്കി മാറ്റി ഒരു വര്‍ഗ്ഗിയ ചായ ആദ്യമേ ഉള്ളത് കൊണ്ട് മുസ്ലിം സങ്കടനകള്‍ വര്‍ഗ്ഗിയ വധിയെ സംരക്ഷിക്കുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമം ആണ് മദനിയെ ജയിലില്‍ അടച്ചു അവര്‍ നേടാന്‍ ശ്രമിക്കുന്നത്.ആ പ്രധേശേധം ഒരു വര്‍ഗ്ഗിയ വാധിയെ സംരക്ഷിക്കാം ഉള്ളതാന് എന്ന് വരുത്തി തിര്‍ത്തു അവരിലേക്ക്‌ ആളെ കൂറ്റന്‍ ഉള്ള തന്ത്രം ആണ് സനക പരിവാര്‍ ശക്തികളുടെ ശ്രമം .ഈ സത്യം പിഡിപി നേതാകള്‍ എല്ലാ മദനി തെന്നെ ജനങള്‍ക്ക് മുന്നില്‍ പ്രസ്താവനയിലൂടെ അറിയിക്കേണ്ടതാണ്.കേരള നാടിന്‍റെ സാഹോദര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിടിച്ചരിയുക .വര്‍ഗ്ഗിയത വളര്‍ത്താന്‍ ഉള്ള അവരുടെ തന്ദ്രങ്ങളില്‍ വിഴാതിരിക്കുക.മദനി വിഷയം ഒരു വര്‍ഗ്ഗിയ പ്രശ്നം ആക്കി മാറ്റാന്‍ ശ്രമിക്കുന്ന അവരുടെ തന്ത്രം തിരിച്ചറിയുക .നമ്മുടെ നാടിന്‍റെയും രാജ്യത്തിന്‍റെയും സാഹോദര്യവും ആയിക്യവും കാത്തു സംരക്ഷിക്കുക .ലവ് ജിഹാദ് എന്ന കാല പ്രജരണത്തിന്റെ സത്യം എവിടെനിന്ന് എന്ന് മനസ്സിലാക്കാതെ അത് ഒരു മതവിഭാഗത്തില്‍ പെട്ടവരുടെ തലയില്‍ കെട്ടിവെച്ചു വളര്‍ത്താന്‍ കൂട്ട് നിന്ന മാധ്യമങ്ങള്‍ക്ക് എന്ത് രാജ്യ സ്നേഹം ആണുള്ളത് .എന്നാല്‍ സത്യങ്ങള്‍ പുറത്തു വന്നിട്ടും അത് പുറത്തു വിടാന്‍ പോലും തെയ്യാര്‍ ആക്കാത പത്രങ്ങള്‍ സത്യത്തില്‍ രാജ്യത്തിന്‍റെ മതെതതരത്വതിന്നു ഭംഗം വരുത്താന്‍ ശ്രമിച്ചവരെല്ലേ.കേരള ജനത വിധ്യസംഭാന്നാര്‍ ആയതു കൊണ്ടു മാത്രമാണ് ഈ പത്രങ്ങള്‍ പടര്‍ത്താന്‍ ശ്രമിച്ച വര്‍ഗ്ഗിയത വളരാതിരുന്നത്.ഈ രാജ്യത്തിന്‍റെ മതേതരത്വം കാത്തു സൂക്ഷിക്കാന്‍ നാം ഓരോ ഭാരതിയനും ഭാധ്യസ്ഥനാണ്.മാധ്യമങ്ങള്‍ക്ക് അതിന്നുള്ള ഭാധ്യതയും കൂടുതല്‍ ആണ്. . സങ്കപരിവാര്‍ വിഭാഗത്തിന്‍റെ ഇടയില്‍ സര്‍ക്കുലേഷന്‍ കുറയും കുറയുമെന്ന് കണ്ടു മാത്രമാണ് സത്യം പുറത്തു വന്നിട്ടും ചില പത്രങ്ങള്‍ ഒരു കോളത്തില്‍ മാത്രം ഒതുക്കി അതിനെ പ്രോത്സാഹിപ്പിച്ച മാധ്യമങ്ങള്‍ സത്യം പുറത്തു വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത് .ഇവര്‍ക്ക് എന്ത് രാജ്യ സ്നേഹം,എന്ത് പത്ര ദര്മ്മം.ഇവര്‍ക്കാരണം എത്രപേരില്‍ വര്‍ഗ്ഗിയ വിഷം കുത്തി വെച്ച് .ഈ പത്രങ്ങള്‍ ഇപ്പോള്‍ സത്യം പറഞ്ഞാലും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.നാടിന്‍റെ മതേതരത്വം കാത്തു സൂക്ഷിക്കാന്‍ ഈ പത്രങ്ങള്‍ക്കു കഴിയുമാറാവട്ടെ.സങ്ക പരിവാറിന്റെ വര്‍ഗ്ഗിയ തന്ദ്രങ്ങള്‍ തിരിച്ചറിയുക,വര്‍ഗ്ഗിയതയിലേക്ക് വീഴാതിരിക്കുക ,എന്ന ഈ സത്യം പിഡിപി പ്രവര്‍ത്തകരിലും നാട്ടുകാരിലും നോട്ടിസിലൂടെ,പത്ര പ്രസ്ഥാവനയിലൂടെയും ,ബ്ലോഗിലൂടെയും എത്തിക്കുക .അതിന്നു മദനി തെന്നെ മുന്‍കൈ എടുക്കുക.ജയ് ഹിന്ദ്‌