മഅദനിയുടെ ചികിത്സ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി അഭിഭാഷകന്‍
ബാംഗ്ലൂര്‍ : പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ ചികിത്സ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി അഭിഭാഷകന്‍ അഡ്വ.പി. ഉസ്മാന്‍ പറഞ്ഞു. കോടതി നിര്‍ദേശപ്രകാരം മഅദനിക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയ സൗഖ്യ ഹോളിസ്റ്റിക് ട്രീറ്റ്‌മെന്റ് സെന്ററില്‍ തിങ്കളാഴ്ച സന്ദര്‍ശിച്ച അഭിഭാഷകന്‍ ഡോക്ടര്‍മാരുമായി ചികിത്സയുടെ പുരോഗതിയെക്കുറിച്ച് ചര്‍ച്ചചെയ്തു.
ഒരുവര്‍ഷത്തോളം ജയിലില്‍ ആവശ്യമായ ചികിത്സ ലഭിക്കാത്തതിന്റെ ദൂഷ്യഫലം മഅദനിയുടെ ശരീരത്തില്‍ പ്രകടമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായും അഭിഭാഷകന്‍ വ്യക്തമാക്കി. പ്രമേഹം, കഴുത്തുവേദന തുടങ്ങിയ നിരവധി രോഗങ്ങള്‍ അനുഭവിക്കുന്ന മഅദനിക്ക് 28 ദിവസത്തെ പഞ്ചകര്‍മ ചികിത്സയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. നാലാഴ്ച നീളുന്ന ചികിത്സക്കുശേഷം കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും അഭിഭാഷകനോട് അവര്‍ പറഞ്ഞു. ആശുപത്രിയുടെ അന്തരീക്ഷത്തിലും ചികിത്സാ രീതിയിലും മഅദനി സന്തുഷ്ടനാണെന്നും അഡ്വ. ഉസ്മാന്‍ അറിയിച്ചു.
മഅദനിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു തടവില്‍ കഴിയുന്ന കഴിയുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചകര്‍മ ചികിത്സക്കായാണ് വൈറ്റ് ഫീല്‍ഡിലെ സൌഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മഅദനിക്ക് 21 ദിവസത്തെ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നാണ് അറിയുന്നത്.
സഹായത്തിനായി ഒരു തടവുകാരനെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ സന്നാഹത്തോടെയുള്ള പ്രത്യേക മുറിയിലാണ് ചികിത്സ . സന്ദര്‍ശകരെ അനുവദിക്കുന്നില്ല. ആസ്പത്രി മാനേജിങ് ഡയറക്ടര്‍ ഡോ. മത്തായി ഐസക്കും ഡോ. ഷാജിയുമാണ് മഅദനിയെ പരിശോധിച്ചത്.
കോഴിക്കോട് മുക്കത്തിനു സമീപമുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ 2007-ല്‍ മഅദനിക്ക് ലഭ്യമാക്കിയ ചികിത്സയ്ക്ക് സമാനമായ ചികിത്സയാണ് ബാംഗ്ലൂരിലും നല്‍കുന്നത് . പുറം വേദനയോടൊപ്പം പ്രമേഹം മൂലമുള്ള അസുഖങ്ങളും ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത് . മഅദനി സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ആവശ്യമായ പഞ്ചകര്‍മ ചികിത്സ ബാംഗ്ലൂരില്‍ ലഭ്യമാക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ചികിത്സയ്ക്കായി ആയുര്‍വേദ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മെയ് 26ന് ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നെങ്കിലും നേരത്തേ ബുക്ക് ചെയ്യാത്തതിനാല്‍ മടങ്ങിപ്പോരുകയായിരുന്നു. മഅദനിയുടെ അഭിഭാഷകരെയോ ബന്ധുക്കളെയോ അറിയിക്കാതെയായിരുന്നു ചികത്സയ്ക്കായി കൊണ്ടുപോയത്. സുപ്രീംകോടതി ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതിന് തയ്യാറാകാത്തത് വിവാദത്തിനു വഴിവെച്ചിരുന്നു.
മലയാളി ദമ്പതിമാരായ ഡോ.മത്തായി ഐസക്കിന്റെയും ഡോ.സുജയുടെയും നേതൃത്വത്തിലുള്ള ആശുപത്രിയാണ് സൗഖ്യ ആസ്പത്രി. സാധാരണ 28 ദിവസം വരെ നീണ്ടു നില്‍ക്കുന്ന പഞ്ചകര്‍മ ചികിത്സയാണ് ഇവിടെ നിന്നു നല്‍കുന്നത്.മഅദനിയുടെ കണ്ണിലെ രക്ത ധമനികള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ടെന്നും കടുത്ത പ്രമേഹം മൂലം മഅദനിയുടെ കാഴ്ച മങ്ങുന്നതായുമാണ് അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. തുടര്‍ന്നാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കോടതി നിര്‍ദേശിച്ചത്. മഅദനിയുടെ ജാമ്യ ഹര്‍ജി ആഗസ്ത് മൂന്നിനാണ് സുപ്രീംകോടതി പരിഗണിക്കുന്നത്
ദേശീയപാതയിലെ കുഴിയില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ വാഴനട്ടു
തിരൂരങ്ങാടി: പൊട്ടിപ്പൊളിഞ്ഞ് കുഴികളായി മാറിയ ദേശീയപാത നന്നാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി പ്രവര്‍ത്തകര്‍ സമരംനടത്തി.
ദേശീയപാതയില കക്കാട്ട് കനത്ത മഴയില്‍ രൂപംകൊണ്ട കുഴിയില്‍ വാഴനട്ടായിരുന്നു പ്രതിഷേധം. പി.ഡി.പി കക്കാട് ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരത്തിന് തയ്യില്‍ മുഹമ്മദ്കുട്ടി, ഉസ്മാന്‍ കാച്ചടി, ഷഫീഖ് പാലൂക്കില്‍, സാബിത്ത് കക്കാട് എന്നിവര്‍ നേതൃത്വംനല്‍കി
മഅ്ദനിയെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
ബാംഗ്ലൂര്‍ : സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചകര്‍മ ചികിത്സക്കായി വൈറ്റ്ഫീല്‍ഡിലെ ആയുര്‍വേദ ആശുപത്രിയായ 'സൗഖ്യ'യില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകരെയും ബന്ധുക്കളെയും അനുവദിക്കാത്തത് വിവാദമാകുന്നു. ജൂണ്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകനും ബന്ധുവിനും അനുമതി നല്‍കണമെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടും സുരക്ഷാ ചുമതലയുള്ള ആംഡ് റിസര്‍വ് പൊലീസ് നിരസിച്ചു. കോടതി നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനും ചികിത്സാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുമാണ് കഴിഞ്ഞ ദിവസം മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.പി. ഉസ്മാനും ബന്ധു മുഹമ്മദ് റജീബും കാണാന്‍ ശ്രമിച്ചത്. കോടതി ഉത്തരവ് നല്‍കിയാലേ സന്ദര്‍ശനാനുമതി നല്‍കാനാകൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്.
മഅ്ദനിയെ സന്ദര്‍ശിക്കുന്നതില്‍നിന്ന് വിലക്കുന്നത് ജയില്‍ നിയമത്തിന്റെയും കോടതി ഉത്തരവിന്റെയും ലംഘനമാണെന്ന് അഡ്വ.പി. ഉസ്മാന്‍ പറഞ്ഞു. വിചാരണത്തടവുകാരെ ആഴ്ചയില്‍ രണ്ടു ദിവസം അടുത്ത ബന്ധുക്കള്‍ക്കും അഭിഭാഷകനും സന്ദര്‍ശിക്കാമെന്നും പഴവര്‍ഗങ്ങള്‍ നല്‍കാമെന്നുമാണ് ജയില്‍ നിയമം. ജയിലില്‍ ബന്ധുക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കണമെന്ന് കോടതി വിധിയുമുണ്ട്. മഅ്ദനി ആശുപത്രിയില്‍ ചികിത്സയിലാണെങ്കിലും വിചാരണത്തടവുകാരന്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ ജയില്‍ നിയമവും കോടതി ഉത്തരവും ആശുപത്രിയിലും ബാധകമാണ്
ശാക്തീകരണത്തിന് വേണ്ടി ശ്രമിക്കുന്നവരെ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുന്നു - പി.ഡി.പി.
തൃശ്ശൂര്‍ : പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്നവരെ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുന്ന പ്രവണതകള്‍ ഭരണകൂടങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതായി പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ അലങ്കാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പി.ഡി.പി. മധ്യ മേഖലാ നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും റജീബ് ആവശ്യപ്പെട്ടു. കോടതികളുടെയും പൌരസമൂഹതിന്റെയും നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകളും ഉണ്ടായിട്ടും നിഷേധാത്മക സമീപനം തുടരുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വതിനെ തിരുത്താന്‍ കഴിയുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും നേതൃത്വം നല്‍കണം.
അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്തിക്കുന്നവരെയും സംഘടനകളെയും ഉള്‍പ്പെടുത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പി.ഡി.പി. നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി 'ബിനായക് സെന്‍ മുതല്‍ മഅദനി വരെ' എന്നാ ശീര്‍ഷകത്തില്‍ സംസ്ഥാന മൂന്നു മേഖലകളില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചു സെമിനാറുകള്‍ സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി മധ്യ മേഖലാ സെമിനാര്‍ ജൂലെ 15 നു എറണാകുളം ടൌണ്‍ ഹാളില്‍ നടക്കും. നേതൃ സംഘമത്തില്‍ പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം തോമസ് മാഞ്ഞൂരാന്‍ അധ്യക്ഷത വഹിച്ചു. സി.എ.സി.കെ.ഇ. അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. സി.എ.സി. അംഗങ്ങളായ ടി.എ.മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, മുഹമ്മദ് സിയാവുദ്ദീന്‍, എം.എസ.നൌഷാദ്, തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് തെരുവത്ത് ഉമ്മര്‍ ഹാജി, ജനറല്‍ സെക്രട്ടറി കടലായി സലിം മൌലവി എന്നിവര്‍ സംസാരിച്ചു. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലകളിലെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മഅദനിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കണം- പണ്ഡിത സംഗമം
ശാസ്താംകോട്ട: തന്റെ ശബ്ദംകൊണ്ടും നിലപാടുകള്‍കൊണ്ടും ശ്രദ്ധേയനായ ഇസ്‌ലാമിക പണ്ഡിതന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനെതിരെ രാഷ്ട്രീയ-വിഭാഗീയ ചിന്തകള്‍ക്കതീതമായി പ്രതിഷേധിക്കേണ്ടത് ഏതൊരു പൗരന്റെയും ബാധ്യതയാണെന്ന് പണ്ഡിതസമ്മേളനം ആഹ്വാനം ചെയ്തു. കേരള മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ അന്‍വാര്‍ശ്ശേരിയിലാണ് പണ്ഡിതസമ്മേളനം നടന്നത്.
രോഗപീഡയാല്‍ ബുദ്ധിമുട്ടുന്ന, പരസഹായം ഇല്ലാതെ ഒരടി ചലിക്കാന്‍ കഴിയാത്ത മഅദനിക്ക് പൗരാവകാശം നിഷേധിക്കപ്പെടുന്നത് പൊതുസമൂഹം ഇനിയും നോക്കിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മദനിക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും അദ്ദേഹത്തിന് നീതി ലഭിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്തവേദിയുടെ നേതൃത്വത്തില്‍ ജൂലായില്‍ കളക്ടറേറ്റ് മാര്‍ച്ചുകളും രാജ് ഭവന്‍മാര്‍ച്ചും നടത്താന്‍ യോഗം തീരുമാനിച്ചു.
ദക്ഷിണകേരള ജം ഇയ്യത്തുല്‍ ഉലമ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി അധ്യക്ഷത വഹിച്ചു. വൈ.എം.ഹനീഫാ മൗലവി, മൗലവി സലീമുല്‍ ഹാദി, മൗലവി നവാസ് മന്നാനി, വിഴിഞ്ഞം സിദ്ദിഖ് ബാഖവി, ജഅഫര്‍ അലി ദാരിമി, ഹുസൈന്‍ മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍, വി. എച്ച്. അലിയാര്‍ മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, ബാദുഷാ മന്നാനി, അബ്ദുല്‍ ഗഫൂര്‍ മൗലവി, അബ്ദുല്‍ മജീദ് അമാനി തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
പൌരനെ മാവോവാദിയായി ചിത്രീകരിച്ചു റിപ്പോര്‍ട്ട് നല്‍കിയത് അപലപനീയം
കോട്ടക്കല്‍ : മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.യു.സി.എല്‍. പ്രസിഡണ്ട് അഡ്വ.പി.എ.പൌരനെ മാവോവാദിയായി ചിത്രീകരിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നു ഇന്ത്യന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ (ഐ.എസ്.എഫ്.) മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ശബ്ടിക്കുന്നവരെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങണമെന്നും പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഐ.എസ്.എഫ്.ആവശ്യപ്പെട്ടു.
ഐ.എസ്.എഫ്.മലപ്പുറം ജില്ലാ പ്രസിഡണ്ട് ഉസ്മാന്‍ കാച്ചടി ആദ്യക്ഷത വഹിച്ചു. റഹീം പൊന്നാനി, റഫീഖ് താനാളൂര്‍, ഷാജഹാന്‍ പരവയ്ക്കള്‍, സൈഫുദ്ധീന്‍ അനന്താവൂര്‍, ശിഹാബ് കരുവാന്കല്ല്, അജ്മല്‍ തവനൂര്‍, ചെമ്പന്‍ ഗഫൂര്‍, ജാഫര്‍ അലി പുറത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment