23.6.11

മഅദനിയുടെ മോചനം ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കും : മുസ്ലിം സംയുക്ത വേദി

കൊല്ലം: കര്‍ണാടക ജയിലില്‍ കഴിയുന്ന മഅദനിക്ക് നീതിയും മനുഷ്യാവകാശങ്ങളും ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്‌ലിം സംയുക്തവേദിയുടെ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിസ്സാരപ്രശ്‌നങ്ങള്‍ക്കുപോലും വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന ഇടതു-വലതു മുന്നണി നേതാക്കളും സാഹിത്യ-സാംസ്‌കാരിക പ്രമുഖരും ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിസ്സംഗത അപമാനകരമാണെന്നും അവര്‍ പറഞ്ഞു.
മഅദനി വിഷയത്തില്‍ കേരളീയ മനഃസാക്ഷി ഉണര്‍ത്തുന്നതിന് വ്യാപകമായ പ്രചാരണ കാമ്പെയിനുകളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 14ന് അന്‍വാര്‍ശ്ശേരിയില്‍ പണ്ഡിതസംഗമം നടത്തും. കൂടാതെ ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും ജൂലായ് അവസാനവാരം രാജ് ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും. മഅദനി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങിയ ജനപ്രതിനിധികളെയും സാമൂഹിക-സാംസ്‌കാരിക നായകന്മാരെയും സമീപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
 
പത്രസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് അമാനി നദ്‌വി, ചേലക്കുളം അബ്ദുള്‍ ഹമീദ് മൗലവി, യു.കെ.അബ്ദുല്‍ റഷീദ് മൗലവി, മൈലക്കാട് ഷാ, അഹമ്മദ് കബീര്‍ അമാനി തുടങ്ങിയവര്‍ പങ്കെടുത്തു.

No comments: