11.8.12


ഈ മനുഷ്യനെ ഇനിയും എത്രനാള്‍ വേട്ടയാടും

ഈ മനുഷ്യനെ ഇനിയും  എത്രനാള്‍ വേട്ടയാടും
രാജ്യം സ്വാതന്ത്രൃത്തിന്റെ 65ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനി പാരതന്ത്രൃത്തിന്റെ രണ്ടാം അധ്യായത്തില്‍ രണ്ടാം വര്‍ഷത്തിലേക്ക് കാലൂന്നുകയാണ്. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തെ വിചാരണത്തടവിനുശേഷം കോടതി നിരപരാധിയാണെന്നുകണ്ട് വിട്ടയച്ച മഅ്ദനിയെ മൂന്നുവര്‍ഷത്തിനുശേഷം 2010 ആഗസ്റ്റ് 17ന് ബംഗളൂരു പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഇരുട്ടു കയറിയ വലതു കണ്ണും നിറംമങ്ങിയ ഇടതുകണ്ണുമായി തന്റെ പീഡനപര്‍വത്തെക്കുറിച്ച് മാധ്യമം ലേഖകന്‍ ഇനാമുറഹ്മാനുമായി മഅ്ദനി സംസാരിക്കുന്നു.....
പരപ്പന അഗ്രഹാര ജയിലില്‍ ജയില്‍ സൂപ്രണ്ടിന്റെ മുറിയുടെ തൊട്ടടുത്ത് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ വീല്‍ചെയറിന് തൊട്ടുരുമ്മി കൃത്രിമ കാലിനോട് കാല്‍ചേര്‍ത്തു വെച്ച് ആ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ ഏതാണ്ട് 18 വര്‍ഷങ്ങള്‍ക്കു മുമ്പ് സുല്‍ത്താന്‍ ബത്തേരി നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ഇടിമുഴക്കത്തോടെ പെയ്തിറങ്ങിയ വാക്കുകള്‍ ചെവിയില്‍ വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു. ഐ.എസ്.എസ് വിട്ട് പി.ഡി.പി രൂപവത്കരിച്ചതിനു ശേഷം നടത്തിയ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായായിരുന്നു സുല്‍ത്താന്‍ ബത്തേരിയെ ഇളക്കിമറിച്ച പ്രസംഗം അരങ്ങേറിയത്. വാക്കുകളുടെ മലവെള്ളപ്പാച്ചില്‍ ആസ്വദിക്കാനെത്തിയവരുടെ ഇടയിലേക്ക് ബ്ലാക്ക്യാറ്റുകളുടെയും അകമ്പടി വാഹനങ്ങളുടെയും പിറകിലായി അലങ്കരിച്ച വാഹനത്തില്‍ സദസ്സിനെ അഭിവാദ്യം ചെയ്തിറങ്ങി വന്ന മഅ്ദനിയുടെ ഗംഭീരരൂപം ഓര്‍മയില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. ആ മനുഷ്യനാണോ ഇപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ ശാന്തനായി സംസാരിക്കുന്നത്? ഇത്രയധികം അസുഖങ്ങളുള്ള മനുഷ്യന് തീര്‍ത്തും അക്ഷോഭ്യനായി, ആരോടും വിദ്വേഷമില്ലാതെ എങ്ങനെ ജീവിക്കാനാവുന്നു? ചോദ്യങ്ങളുടെ തിരയിളക്കമായിരുന്നു മനസ്സില്‍.
ഒരു കാലില്‍ ഹവായി ചെരുപ്പും മറുകാലില്‍ കൃത്രിമ കാലിന്റെ ഭാരവും പരുത്തിയുടെ ജുബ്ബയും സ്വര്‍ണ കരയുള്ള വെളുത്ത മുണ്ടും കറുത്ത തൊപ്പിയുമണിഞ്ഞ് വീല്‍ചെയറില്‍ മഅ്ദനിയിരിക്കുന്നു. ഇരുട്ടുകയറിയ വലതു കണ്ണും നിറംമങ്ങിയ ഇടതു കണ്ണുമായി. അനിശ്ചിതമായി നീളുന്ന തടവിനെക്കുറിച്ച്, പീഡന പര്‍വ്വത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങിയപ്പോള്‍ ഒരു കാര്യം ബോധ്യമായി. ഈ മനുഷ്യനെ തടവിലിട്ട് ഭരണകൂടത്തിന് പക തീര്‍ക്കാം, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍ത്തു ചിരിക്കാം. പക്ഷേ, തോല്‍പിക്കാനാവില്ല. ആ നിശ്ചയദാര്‍ഢ്യത്തിന് കാരിരുമ്പിന്റെ കരുത്തുണ്ട്. അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ ദൃഢതയുണ്ട്. കോയമ്പത്തൂരിലും ബംഗളൂരിലുമായി പതിനൊന്നര വര്‍ഷംനീണ്ട വിചാരണ തടവുകൊണ്ട് ആ വിശ്വാസത്തിന് തിളക്കം കൂടിയിട്ടേയുള്ളൂ. തടവറയില്‍ വ്രത വിശുദ്ധിയുമായി എല്ലാം ദൈവത്തിലര്‍പ്പിച്ച് കഴിയുന്ന മനുഷ്യനെ അല്ലെങ്കില്‍തന്നെ ആര്‍ക്കാണ് തോല്‍പിക്കാനാവുക?
2010 ആഗസ്റ്റ് 17നാണ് അന്‍വാര്‍ശ്ശേരിയില്‍നിന്ന് ബംഗളൂരു പൊലീസ് മഅ്ദനിയെ അറസ്റ്റുചെയ്തത്. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തെ വിചാരണ തടവിനുശേഷം നിരപരാധിയാണെന്ന് പറഞ്ഞ് കോടതി വിട്ടയച്ച് കൃത്യം മൂന്നു വര്‍ഷത്തിനു ശേഷം ബംഗളൂരു സ്ഫോടന കേസില്‍ വീണ്ടും പിടിയിലായത് കേവല യാദൃച്ഛികതയാണെന്ന് കരുതാനാവില്ല. 2008 ജൂലൈയില്‍ ബംഗളൂരു നഗരത്തില്‍ ഒമ്പതിടങ്ങളിലായി നടന്ന സ്ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. എങ്ങനെയാണ് താന്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും അതിനു പിന്നിലെ കളികളെന്താണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്. അതിലേക്ക് പിന്നീട് വരാം. കേസിന്റെ വിചാരണ തുടങ്ങിയപ്പോഴേക്കും രണ്ടു വര്‍ഷത്തെ തടവ് മഅ്ദനി അനുഭവിച്ചു കഴിഞ്ഞു. ഇനി വര്‍ഷങ്ങള്‍ നീളുന്ന വിചാരണ. ജാമ്യം കിട്ടുമോ എന്നുറപ്പില്ല. ഈ തടവ് ഇപ്പോഴൊന്നും അവസാനിക്കാന്‍ പോവുന്നതുമല്ല.
ബംഗളൂരുവിലെ തടവറ കഴിഞ്ഞാല്‍ വീണ്ടും കാരാഗൃഹങ്ങള്‍ കാത്തിരിപ്പുണ്ട്. അതിന്റെ തിരക്കഥകള്‍ എവിടെയൊക്കെയോ എഴുതപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം അദ്ദേഹത്തിനറിയാം. എന്നാലും ഈ മനുഷ്യന് കുലുക്കമില്ല. കാരണം, പതിനൊന്നര വര്‍ഷത്തെ ജയില്‍ വാസംകൊണ്ട് മഅ്ദനി നേടിയത് എന്തും ക്ഷമിക്കാനുള്ള കരുത്താണ്. അതിനുമുന്നില്‍ തടവറകള്‍ തലകുനിച്ചു പോകും.
ജയില്‍ സൂപ്രണ്ടിന്റെ മുറിയോട് ചേര്‍ന്നാണ് ഫോട്ടോസ്റ്റാറ്റ് സംവിധാനമുള്ളത്. അതിനു തൊട്ടടുത്തായി കമ്പ്യൂട്ടര്‍ മുറിയാണ്. ഇടക്കിടെ കോപ്പിയെടുക്കാന്‍ വന്നുപോകുന്ന തടവുപുള്ളികള്‍ക്കും കമ്പ്യൂട്ടര്‍ മുറിയിലേക്ക് കയറിപ്പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമിടയിലിരുന്ന് ഭാവഭേദങ്ങളില്ലാതെ മഅ്ദനി പറഞ്ഞു തുടങ്ങി. സംസാരിക്കുമ്പോള്‍ അദ്ദേഹത്തോട് പരമാവധി ചേര്‍ന്നിരിക്കാന്‍ കൂടെവന്ന പി.ഡി.പി ജനറല്‍ സെക്രട്ടറി റജീബ് ആവശ്യപ്പെട്ടു. എതിര്‍വശത്തിരിക്കുന്നയാളുടെ മുഖം അല്‍പമെങ്കിലും കാണാനാണ് അതെന്ന് പിന്നീടാണ് പിടികിട്ടിയത്.
രക്തംപൊടിയുന്ന ആ വാക്കുകളെ ഇങ്ങനെ പകര്‍ത്താം: ഐ.എസ്.എസ് രൂപവത്കരിച്ച കാലത്തുണ്ടായെന്നു പറയുന്ന സാമുദായിക ധ്രുവീകരണത്തിന്റെ എത്രയോ ഇരട്ടിയാണ് കേരളീയ സമൂഹത്തില്‍ ചിലരുടെ പ്രവര്‍ത്തനം മൂലം അടുത്ത കാലത്തുണ്ടായത്. എന്നെപ്പോലുള്ളവര്‍ക്കെതിരെ നഗ്നമായ നീതിനിഷേധം നടക്കുമ്പോഴും നിസ്സംഗതയുടെ മൂടുപടമണിയുന്നവര്‍ ഈ ഗതി വരുമ്പോള്‍ മാത്രമേ കണ്ണുതുറക്കുകയുള്ളൂ. കാരണം, ഭീകരതയുടെ പേരില്‍ വേട്ടയാടപ്പെടുന്നവരുടെ പട്ടിക എന്നില്‍ അവസാനിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. തല്‍ക്കാലം തൊപ്പിയും താടിയുമായി നാലാളറിയുന്ന ലക്ഷണമൊത്ത തീവ്രവാദിയായി ഞാനുണ്ടെങ്കിലും ഈ നിരയിലേക്ക് വരാനിരിക്കുന്നവര്‍ ഇനിയുമുണ്ടെന്ന് തിരിച്ചറിയാതെ പോവുന്നത് ആപത്താണ്.
കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ടത് സാഹചര്യങ്ങളുടെ സമ്മര്‍ദംകൊണ്ടോ യാദൃച്ഛികമോ ആയിട്ടാണ് കരുതുന്നത്. എന്നാല്‍, ബംഗളൂരു സ്ഫോടനത്തില്‍ പിടിയിലായത് വെറുതേയല്ല. കൃത്യമായ ആസൂത്രണവും നേരത്തേ തയാറാക്കിയ തിരക്കഥയും അതിനു പിന്നിലുണ്ട്. തടവറ സമ്മാനിച്ചത് ഒരുപിടി അസുഖങ്ങളും തീരാവേദനയുമാണെങ്കിലും ആരോടും പരാതിയില്ല. ജയില്‍ജീവിതത്തിലെ ഏകാന്തത അകറ്റിയിരുന്നത് പുസ്തകങ്ങളുടെ കൂട്ടുകൊണ്ടായിരുന്നു. കണ്ണില്‍ ഇരുട്ടുകയറിയതിനാല്‍ അത് നഷ്ടമായി എന്നതാണ് ഏറ്റവും വലിയ വേദന.
നോമ്പുകാലത്ത് ഖുര്‍ആന്‍ മുഴുവന്‍ വായിച്ചുതീര്‍ക്കുന്ന പതിവുണ്ടായിരുന്നു. കോയമ്പത്തൂരില്‍ എല്ലാ വര്‍ഷവും അതു സാധിച്ചിരുന്നു. എന്നാല്‍, കാഴ്ചയുടെ തകരാര്‍ കാരണം ഇത്തവണ അതിനും വയ്യ. ഖുര്‍ആനിലൂടെ കടന്നുപോകാത്തൊരു നോമ്പ് അനുഭവിച്ചു തീര്‍ക്കണമെന്ന് ദൈവ നിശ്ചയമുണ്ടാകും. അത് തടയാനാവില്ലല്ലോ.
ജയിലിലെത്തി അധികം വൈകാതെ വീണ്ടും പ്രമേഹം മൂര്‍ച്ഛിച്ചു. ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റോളജിയില്‍ പ്രവേശിച്ചപ്പോഴാണ് വലതു കണ്ണിനെ റെറ്റിനോപ്പതി ബാധിച്ചതായും രണ്ടാഴ്ചക്കുള്ളില്‍ ലേസര്‍ ചികിത്സ തുടങ്ങണമെന്നും അറിയിച്ചത്. പരിശോധനാ റിപ്പോര്‍ട്ട് ജയില്‍ അധികൃതര്‍ക്ക് ഡോക്ടര്‍മാര്‍ കൈമാറിയിരുന്നു. എന്നാല്‍, വിവരം അവര്‍ മറച്ചുവെച്ചു. ആറുമാസം കഴിഞ്ഞ് പ്രമേഹം മൂര്‍ച്ഛിച്ചപ്പോഴാണ് വീണ്ടും ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയിലാണ് ലേസര്‍ പരിശോധനകൊണ്ട് കാര്യമില്ലെന്ന് വ്യക്തമായത്. അപ്പോഴേക്കും കാഴ്ച മങ്ങി തുടങ്ങിയിരുന്നു.
പിന്നീട് എന്റെ നിര്‍ബന്ധംകൊണ്ടാണ് നാരായണ നേത്രാലയയില്‍ പ്രവേശിപ്പിച്ചത്. അതും സ്വന്തം ചെലവില്‍. അവിടെവെച്ച് ലേസര്‍ ചികിത്സ നടത്തി. കാലം തെറ്റി ചെയ്ത ചികിത്സ കാരണം കണ്ണിന്റെ ഞരമ്പുകള്‍പൊട്ടി രക്തം കട്ടപിടിച്ചു. വലതു കണ്ണിന്റെ വെളിച്ചം ഏറക്കുറെ പൂര്‍ണമായി നഷ്ടപ്പെടുന്നത് വേദനയോടെ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഇടതു കണ്ണടച്ചാല്‍ കറുത്തവൃത്തം മാത്രമാണ് തെളിയുന്നത്.
തടവറയിലെ ഇരുട്ടുപോലെ. മങ്ങിത്തുടങ്ങിയ ഇടതു കണ്ണിന്റെ കാഴ്ച ഏതാണ്ട് 75 ശതമാനം നഷ്ടമായി. പരിചയമുള്ളവരെ അടുത്തു കണ്ടാല്‍ തിരിച്ചറിയാമെന്നുമാത്രം. സഹ തടവുകാരെ കണ്ടിട്ട് ചിരിക്കുകപോലും ചെയ്യാതെ പോകുന്നതായി പലരും പരാതി പറയാന്‍ തുടങ്ങിയിരിക്കുന്നു. തിരിച്ചറിയാത്തതുകൊണ്ടാണ് പുഞ്ചിരിക്കാത്തതെന്ന് അവര്‍ക്കറിയില്ലല്ലോ.
ജയിലില്‍ കാണാന്‍ വരുന്നവരിലുമുണ്ട് ഈ പരാതി. മൂന്നു മാസംമുമ്പ് ഭാര്യ സൂഫിയ വന്നപ്പോള്‍ കണ്ണിന്റെ പരിശോധന റിപ്പോര്‍ട്ടുകള്‍ കൊടുത്തയച്ചിരുന്നു. എറണാകുളത്തെ ഗിരിധര്‍ ആശുപത്രിയില്‍ അതു കാണിച്ചപ്പോള്‍ കാലംതെറ്റി ലേസര്‍ ചികിത്സ ചെയ്തതിന്റെ ഫലമാണ് കാഴ്ച നഷ്ടമായതെന്നായിരുന്നു പറഞ്ഞത്. മുറിച്ചു മാറ്റിയ വലതു കാലിന് മുകളില്‍ ഇപ്പോള്‍ മരവിപ്പാണ്. തൊട്ടാല്‍ അറിയാത്ത മരവിപ്പ്. ഇടുപ്പിനും നട്ടെല്ലിനും കഠിനമായ വേദന. കിഡ്നിയുടെ പ്രവര്‍ത്തനവും ശരിയായ രീതിയിലല്ല. പലപ്പോഴും കാലില്‍ നീരുവന്നു വീര്‍ക്കുന്നു. കോയമ്പത്തൂരില്‍ 2006ലും 2007ലും ഓരോ മാസം വീതം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ചികിത്സ ലഭിച്ചിരുന്നു. ഇവിടെ ജയില്‍ ആശുപത്രിയില്‍ ഒരു ഫിസിഷ്യന്‍ മാത്രമാണുള്ളത്. പരിമിതമായ സൗകര്യങ്ങളും. സുപ്രീംകോടതിയില്‍ ജാമ്യം നിഷേധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അഭിഭാഷകന്‍ സുശീല്‍കുമാര്‍ മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ ലഭ്യമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ആവശ്യപ്രകാരമായിരുന്നില്ല ഇത്. ജാമ്യം കിട്ടാത്തതിന്റെ നിരാശയില്‍ അദ്ദേഹത്തിന് അപ്പോള്‍ തോന്നിയ ഒരാശയമായിരുന്നു അത്.
എന്നാല്‍, അതില്‍ പിടിച്ചുകയറിയ കര്‍ണാടക സര്‍ക്കാര്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ ശാഖ ബംഗളൂരുവിലുണ്ടെന്നും അവിടെ ചികിത്സ ലഭ്യമാക്കാമെന്നും അറിയിച്ചു. അത് കോടതി അംഗീകരിക്കുകയും ചെയ്തു. അത്യാവശ്യം കഷായങ്ങളും മരുന്നുമായി ഒ.പി വിഭാഗം മാത്രം പ്രവര്‍ത്തിക്കുന്ന ചെറിയൊരു ശാഖ മാത്രമാണതെന്ന് അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്.
എന്റെ രോഗവിവരങ്ങള്‍ ഇത്രയും വിശദമായി പറഞ്ഞത് ആരുടെയും അനുകമ്പ പിടിച്ചു പറ്റാനല്ല. പ്രാര്‍ഥനക്ക് ഉത്തരംകിട്ടുന്ന ഈ വിശുദ്ധമാസത്തില്‍ ഇതു വായിക്കുന്ന ആയിരങ്ങളുടെ പ്രാര്‍ഥനകളുണ്ടാവുമെന്ന പ്രതീക്ഷയിലാണ്. ജയിലില്‍ അനുഭവിക്കുന്ന ചെറിയ ചെറിയ പീഡനങ്ങള്‍ പരലോകത്ത് രക്ഷക്ക് കാരണമാവാന്‍ വേണ്ടിയാണ് റമദാന്റെ അവസാന ദിനങ്ങളില്‍ നിങ്ങള്‍ പ്രാര്‍ഥിക്കേണ്ടത്. അതുണ്ടാവുമെന്ന് കരുതുന്നു. എല്ലാ പ്രതിസന്ധിഘട്ടത്തിലും കൂടെ നില്‍ക്കുന്നവര്‍ക്ക്, സഹായിക്കുന്നവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി -മഅ്ദനി പറഞ്ഞു.
(തുടരും)

പ്രതിചേര്‍ക്കലിനു പിന്നിലെ തിരക്കഥ

ബംഗളൂരു സ്ഫോടനത്തില്‍ എങ്ങനെയാണ് മഅ്ദനി പ്രതിചേര്‍ക്കപ്പെടുന്നത്?
ഈ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി. കൃത്യമായ തിരക്കഥയനുസരിച്ച് നടന്ന നീക്കത്തിലാണ് അറസ്റ്റുണ്ടായത്. കുറ്റപത്രവും സാക്ഷികളും നേരത്തേ തയാറായിരുന്നു. കുടകിലെ മടിക്കേരിയില്‍ തടിയന്‍റവിട നസീറിന്‍െറ ഇഞ്ചിത്തോട്ടത്തില്‍ നടന്ന ഗൂഢാലോചനാ ക്യാമ്പില്‍ പങ്കെടുത്തുവെന്നതാണ് ഒന്നാമത്തെ കുറ്റം. ഇതിന് രണ്ടു സാക്ഷികളെ സൃഷ്ടിച്ചു. ഇഞ്ചിത്തോട്ടത്തിലെ നസീറിന്‍െറ ജീവനക്കാരനായിരുന്ന റഫീഖാണ് ഒന്നാം സാക്ഷി. ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രഭാകരനാണ് രണ്ടാം സാക്ഷി. റഫീഖിന്‍െറത് ചട്ടം 164 അനുസരിച്ചുള്ള മൊഴിയാണ്. മജിസ്ട്രേറ്റിനു മുന്നില്‍ സ്വമേധയാ നല്‍കുന്ന സാക്ഷിമൊഴിയാണ് 164 സ്റ്റേറ്റ്മെന്‍റ്. കേസിലെ ഏറ്റവും ശക്തമായ തെളിവാണിത്. ഈ മൊഴി തിരുത്താനാവില്ല. ഇതെല്ലാം തയാറാക്കി ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ പഴുതുകളുമടച്ചായിരുന്നു അന്വേഷണസംഘത്തിന്‍െറ നീക്കം. സുപ്രീംകോടതിയില്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്‍െറ ബെഞ്ചില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കു വരുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പാണ് അറസ്റ്റുണ്ടാവുന്നത്. അറസ്റ്റു നടന്നാല്‍ പിന്നെ മുന്‍കൂര്‍ ജാമ്യത്തിന് പ്രസക്തിയില്ലല്ലോ. കൃത്യമായ ആസൂത്രണത്തോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ഓരോ ചുവടും വെച്ചതെന്നതിന് ഇതില്‍കൂടുതല്‍ തെളിവുകള്‍ വേണ്ട.
2010 ആഗസ്റ്റ് 17ന് അറസ്റ്റുചെയ്ത് 10 ദിവസമാണ് ബംഗളൂരുവിലെ മഡിവാളയിലുള്ള രഹസ്യ കേന്ദ്രത്തില്‍ കസ്റ്റഡിയില്‍ വെച്ചത്. 10 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഫോടനത്തെക്കുറിച്ച് അരമണിക്കൂര്‍ പോലും ചോദിച്ചില്ല. അവിടെയുണ്ടായിരുന്ന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത് ഉസാമ ബിന്‍ലാദിനുമായുള്ള ബന്ധവും വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിലുള്ള പങ്കുമായിരുന്നു. കര്‍ണാടകയില്‍ 3000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടോയെന്നും ചോദ്യംവന്നു. ബംഗളൂരു സ്ഫോടനത്തെക്കുറിച്ച് അവരും ഒന്നും ചോദിച്ചില്ല. എന്തു കുറ്റത്തിനാണ് തന്നെ പിടിച്ചുകൊണ്ടുവന്നതെന്ന ചോദ്യത്തിന് കര്‍ണാടക പൊലീസ് വ്യക്തമായ ഒരുത്തരവും നല്‍കിയില്ല. തുടര്‍ച്ചയായി ചോദിച്ചപ്പോഴാണ് മടിക്കേരിയിലെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് നസീര്‍ മൊഴി നല്‍കിയതായി പറയുന്നത്. ഇതു പറയുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ നസീറുള്‍പ്പെടെ എല്ലാ പ്രതികളുമുണ്ടായിരുന്നു. നസീറിനെ വിളിപ്പിക്കണമെന്നും ഈ സ്ഫോടനത്തില്‍ പരോക്ഷമായോ പ്രത്യക്ഷമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് എന്‍െറ മുന്നില്‍ വന്ന് അയാള്‍ പറഞ്ഞാല്‍ എന്തു ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍, ഒമ്പതു ദിവസവും അതുണ്ടായില്ല. ഒമ്പതാം ദിവസം രാത്രിയാണ് എല്ലാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നസീറിനെ എന്‍െറ മുന്നില്‍ കൊണ്ടുവന്നത്. കേസുമായി എനിക്കുള്ള ബന്ധം എന്താണെന്ന് ഞാനയാളോട് പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നസീര്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. ‘രാഷ്ട്രീയം വിടാന്‍ നിങ്ങളോട് പലതവണ ആവശ്യപ്പെട്ടിരുന്നില്ലേ? നിങ്ങളത് കേട്ടില്ല. പിന്നെന്തിനാണ് നിങ്ങള്‍ക്കെതിരെ മൊഴി നല്‍കുന്നത്? നിങ്ങളോട് കൂടുതലായി ഒന്നും പറയാനുമില്ല’ -ഇതായിരുന്നു നസീറിന്‍െറ പരുഷമായ മറുപടി. മലയാളം അറിയുന്ന ഉദ്യോഗസ്ഥന്‍െറ സാന്നിധ്യത്തിലായിരുന്നു ഇത്. ഇതോടെ നസീര്‍ എനിക്കെതിരെ മൊഴിനല്‍കിയെന്ന കെട്ടുകഥ പൊളിഞ്ഞു.
ഇനിയും എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍, പൂര്‍വ ജന്മത്തില്‍ ചെയ്ത പാപത്തിന്‍െറ ശിക്ഷയാണ് താങ്കള്‍ അനുഭവിക്കുന്നതെന്നായിരുന്നു സംഘത്തിലുള്ള ഉന്നത ഉദ്യോഗസ്ഥന്‍െറ മറുപടി! ഓരോ സൃഷ്ടിക്കുമുള്ള അന്നം ദൈവം ഒരുക്കിവെച്ചിരിക്കുന്നത് എവിടെയാണെങ്കിലും അയാള്‍ അവിടെയെത്തുമെന്നും അത് അലംഘനീയമായ ദൈവവിധിയാണെന്നും അതുകൊണ്ടാണ് ബംഗളൂരു ജയിലിലെത്തിയതെന്നും അദ്ദേഹത്തിന് മറുപടിയും നല്‍കി. പിന്നീട് വന്‍ പൊലീസ് സന്നാഹത്തോടെ കുടകില്‍ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴാണ് മടിക്കേരി ആദ്യമായി കാണുന്നത്. നസീര്‍ ക്യാമ്പ് നടത്തിയത് ഇവിടെയാണെന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കാണിച്ചുതന്നത്. താന്‍ പങ്കെടുത്ത് ഗൂഢാലോചന നടത്തിയെന്ന് പറയുന്ന ക്യാമ്പായിരുന്നു അത്. തെളിവെടുപ്പിനായി കൊണ്ടുപോയ പൊലീസുകാര്‍ പ്രതിക്ക് സംഭവസ്ഥലം കാണിച്ചുകൊടുക്കുന്ന തമാശയാണ് അവിടെ അരങ്ങേറിയത്. ഇതിനുവേണ്ടി ഇത്രയൂം ദൂരം എന്നെ കൊണ്ടുവരണമായിരുന്നോ എന്ന ചോദ്യത്തിനും പൊലീസ് മൗനം പാലിച്ചു. ഞാനുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും നസീര്‍ മൊഴി നല്‍കിയെന്ന കഥതന്നെ കൃത്യമായ ഗൂഢാലോചനയാണ് -കോയമ്പത്തൂര്‍ പ്രസ് ക്ളബിന് സമീപത്തെ ടെലിഫോണ്‍ ബൂത്തില്‍ സ്ഫോടക വസ്തു വെച്ച കേസിലും ബംഗളൂരു സ്ഫോടന കേസിലും സൂഫിയയുടെ കേസിലുമൊക്ക നസീറുമായാണ് ബന്ധം.
കേരളത്തിന് പുറത്ത് ഇത്തരം ഗൂഢാലോചനകള്‍ നടക്കുന്നത് മനസ്സിലാവും. എന്നാല്‍, കേരളത്തില്‍ ഈ രീതിയിലുള്ള ഗൂഢാലോചനകള്‍ ഉണ്ടാവുന്നു എന്നത് വിസ്മയകരമാണ്. ഇത്തരത്തില്‍ ഒരു സംഭവം നടന്നുവെന്ന് ഈയിടെയാണ് അറിഞ്ഞത്. ഏറെ വേദനിപ്പിക്കുന്നതായിരുന്നു ആ അറിവ്. ഏതോ ഒരു ജ്വല്ലറിയുടമയില്‍നിന്ന് നസീറിന്‍െറ സംഘം സ്വര്‍ണം കവര്‍ന്ന സംഭവം അടുത്തിടെയാണല്ലോ പുറത്തുവന്നത്. കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഈ സ്വര്‍ണം കേസ് നടത്താനായി എന്‍െറ കുടുംബത്തെ ഏല്‍പിച്ചുവെന്ന് പറയണമെന്ന് നസീറിനെ നിര്‍ബന്ധിച്ചത് കേരളത്തിലെ രണ്ട് എസ്.പിമാരാണ്! അവരുടെ പേര് പറയുന്നില്ല. നസീറിന്‍െറ അഭിഭാഷകന്‍ ബി.എ ആളൂരാണ് എന്നോടിത് പറഞ്ഞത്. പിന്നീട് പ്രത്യേക കോടതിയില്‍വെച്ച് നസീറിനെ കണ്ടുമുട്ടിയപ്പോള്‍ പൊലീസുകാര്‍ നിര്‍ബന്ധിച്ചിരുന്നതായി അയാളും പറഞ്ഞു. എന്നെ വിടാന്‍ ഭരണകൂടത്തിന് ഭാവമില്ലെന്നതിന്‍െറ വ്യക്തമായ സൂചനയാണിത്. ബംഗളൂരു സ്ഫോടനത്തില്‍ ഒന്നാംപ്രതിയാക്കിയിരുന്നത് സമീര്‍ ഭാഗ്യവാഡി എന്ന ചെറുപ്പക്കാരനെയായിരുന്നു. സ്ഫോടനം നടത്തിയത് ഇന്ത്യന്‍ മുജാഹിദീന്‍െറ നേതാവ് തൗകീറുമായി ചേര്‍ന്നാണെന്ന് അയാള്‍ സമ്മതിച്ചതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അയാള്‍ക്കെതിരെ നിരവധി സാക്ഷിമൊഴികളുണ്ടായിരുന്നു. ഇതു കൂടാതെ നാര്‍കോ അനാലിസിസിന് വിധേയനാക്കിയ സമീര്‍ സ്ഫോടനത്തില്‍ തനിക്കും തൗകീറിനും പങ്കുള്ളതായി പറഞ്ഞതായും പൊലീസ് രേഖകളുണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
സാക്ഷിമൊഴികളും നാര്‍കോ പരിശോധനാ റിപ്പോര്‍ട്ടും അതനുസരിച്ചുള്ള കുറ്റപത്രവും എല്ലാമുണ്ടായിട്ടും അതൊന്നും തെളിവായി അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി സ്വീകരിച്ചത്. കോടതി വെറുതേ വിട്ടതോടെ സമീര്‍ ഭാഗ്യവാഡി ഒന്നാം പ്രതിയല്ലാതായി. പിന്നീട് നസീര്‍ ഒന്നാം പ്രതിയാകുന്നതാണ് കണ്ടത്. (കോടതി വെറുതേ വിട്ടെങ്കിലും ബംഗളൂരു സ്വദേശിയായ സമീര്‍ ഭാഗ്യവാഡിയെ ഗുജറാത്ത് സ്ഫോടനത്തില്‍ ബന്ധമുണ്ടെന്നാരോപിച്ച് അവിടത്തെ ജയിലിലേക്ക് മാറ്റുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തത്). കുടകില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന കുറ്റം മാത്രമാണ് എനിക്കെതിരെയുള്ളത്. അതിന്‍െറ സ്ഥിതിയെന്താണെന്ന് നേരത്തേ പറഞ്ഞല്ലോ. എന്നിട്ടും ജാമ്യം നല്‍കാതെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം, ഞാന്‍ പുറത്തിറങ്ങരുതെന്ന് ആരൊക്കെയോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കേസില്‍ ജാമ്യം നേടി പുറത്തുവന്നാലും അവര്‍ എന്നെ തേടിയെത്തും. കോയമ്പത്തൂര്‍ പ്രസ് ക്ളബിന് സമീപത്തെ ബൂത്തില്‍ സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് വെച്ചു എന്ന കേസ് അതിലൊന്ന് മാത്രമാണ്.
(തുടരും)

ഐ.സി.യുവില്‍നിന്ന് ‘സാക്ഷി’മൊഴി

ബംഗളൂരു സ്ഫോടനത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കെടുത്തു, കോയമ്പത്തൂര്‍ പ്രസ്ക്ളബിനു സമീപത്തെ ബൂത്തില്‍ സ്ഫോടകവസ്തു അടങ്ങിയ ബാഗ് വെക്കാന്‍ ഗൂഢാലോചന നടത്തി, കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതികളിലൊരാളെ പാകിസ്താനില്‍ ഐ.എസ്.ഐ പരിശീലനത്തിനയച്ചു, ഐ.എസ്.എസ് നിരോധിച്ചതിനുശേഷവും അന്‍വാര്‍ശേരിയില്‍ യോഗം ചേര്‍ന്നു എന്നിവയാണ് മഅ്ദനിക്കെതിരെയുള്ളവയില്‍ എണ്ണംപറഞ്ഞ കേസുകള്‍. ഇതില്‍ കോഴിക്കോട്, കോയമ്പത്തൂര്‍, എറണാകുളം കോടതികളുടെ വാറന്‍റ് ബംഗളൂരു ജയില്‍ സൂപ്രണ്ടിന്‍െറ മേശപ്പുറത്തുണ്ട്.
ബംഗളൂരു കേസുകളിലെ സാക്ഷിപ്പട്ടികയിലുള്ളവരില്‍ ഐ.സി.യുവില്‍ കിടന്നവര്‍ വരെയുണ്ട് എന്നതാണ് വിചിത്രം. ബംഗളൂരു സ്ഫോടന കേസില്‍ മഅ്ദനി പങ്കെടുത്തുവെന്ന് ആരോപിക്കുന്ന ഗൂഢാലോചനകള്‍ നടന്നുവെന്ന് പറയുന്നത് കുടകിലെ മടിക്കേരിയില്‍ നസീറിന്‍െറ ഇഞ്ചിത്തോട്ടത്തിലും മഅ്ദനിയുടെ എറണാകുളത്തുള്ള വാടക വീട്ടിലുമാണ്. ഈ രണ്ടു ഗൂഢാലോചനകളിലും രണ്ടുവീതം സാക്ഷികളാണുള്ളത്. എറണാകുളത്ത് മഅ്ദനിയുടെ വീട്ടില്‍വെച്ച് ഒന്നാം പ്രതി നസീര്‍, 12ാം പ്രതി അബ്ദുറഹീം എന്നിവരുമായി ചേര്‍ന്നാണ് ആദ്യ ഗൂഢാലോചന നടക്കുന്നത്. ഇതിന് മജീദ്, ജോസ് വര്‍ഗീസ് എന്നിവരാണ് സാക്ഷികള്‍. മഅ്ദനി താമസിക്കുന്ന വീടിന്‍െറ ഉടമസ്ഥയുടെ സഹോദരനാണ് ജോസ് വര്‍ഗീസ്. വാടക വാങ്ങാന്‍ വന്നപ്പോള്‍ ഇവര്‍ സംസാരിക്കുകയായിരുന്നെന്നും ‘ബാംഗ്ളൂര്‍ സ്ഫോടനം’ എന്നു പറയുന്നതായി കേട്ടുവെന്നും ജോസ് വര്‍ഗീസ് പറഞ്ഞുവെന്നാണ് മൊഴി. രണ്ടാം സാക്ഷി മജീദിന്‍െറ മൊഴിയാണ് ‘ഒന്നാന്തരം.’ 11.12.2009ലാണ് മജീദ് സാക്ഷിമൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നത്. 16.12.2009ല്‍ ഈ സാക്ഷി ഇഹലോകവാസം വെടിഞ്ഞു. കാന്‍സര്‍ ബാധിച്ചായിരുന്നു മരണം. രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായ മജീദിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നത് 4.12.2009ല്‍. മരണം വരെ അദ്ദേഹം ഐ.സി.യുവിലായിരുന്നു. മരണത്തോട് മല്ലടിച്ച് ഐ.സി.യുവില്‍ കിടന്ന മജീദാണ് മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് എറണാകുളത്തുനിന്ന് നൂറുകണക്കിന് കി.മീറ്റര്‍ യാത്രചെയ്ത് കണ്ണൂരിലെത്തി മൊഴി നല്‍കുന്നത്! എങ്ങനെയുണ്ട് പൊലീസ് തിരക്കഥ?
തടിയന്‍റവിട നസീറിനും സാബിറിനും അന്‍വാര്‍ശേരിയില്‍ അഭയം നല്‍കാന്‍ മഅ്ദനി ആവശ്യപ്പെട്ടുവെന്ന് സഹോദരന്‍ ജമാല്‍ മുഹമ്മദ് സാക്ഷിമൊഴി നല്‍കിയതായും കുറ്റപത്രത്തിലുണ്ട്. തങ്ങളെ അന്വേഷണ ഉദ്യോഗസ്ഥരാരും സമീപിച്ചിട്ടില്ലെന്നും ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ലെന്നും കാണിച്ച് ജോസ് വര്‍ഗീസും ജമാല്‍ മുഹമ്മദും നല്‍കിയ സ്വകാര്യ ഹരജി എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ്. കുടകിലെ സാക്ഷികളിലൊരാളായ ഇഞ്ചിത്തോട്ടത്തിലെ ജീവനക്കാരന്‍ റഫീഖാണ് രണ്ടാമത്തെ കഥയിലെ വില്ലന്‍. ക്യാമ്പ് നടന്നുവെന്ന് പറയുന്ന ദിവസം നോമ്പുതുറ സമയത്ത് വെളുത്ത അംബാസഡര്‍ കാറില്‍ കാലില്ലാത്ത ഒരാള്‍ വന്നിറങ്ങിയെന്നും ഇയാളാരാണെന്ന് ചോദിച്ചപ്പോള്‍ മഅ്ദനിയാണെന്ന് നസീര്‍ പറഞ്ഞുവെന്നുമാണ് റഫീഖ് മജിസ്ട്രേറ്റിനു മുന്നില്‍ സ്വമേധയാ നല്‍കിയ മൊഴി. കേരളത്തില്‍നിന്ന് കുടകിലേക്ക് കുടിയേറിയ റഫീഖിന് മഅ്ദനിയെ മനസ്സിലായില്ലേ എന്നൊന്നും ചോദിക്കരുത്. മറ്റൊരു സാക്ഷിയായ പ്രഭാകരനും പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെയൊക്കെത്തന്നെയാണ്. 2007 ആഗസ്റ്റ് ഒന്നിന് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതുമുതല്‍ ബി കാറ്റഗറി സുരക്ഷയുള്ളയാളാണ് മഅ്ദനി. രണ്ടു ഗണ്‍മാന്മാര്‍ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരിക്കും. എവിടെയാണോ മഅ്ദനി താമസിക്കുന്നത് അവിടെ സായുധരായ അഞ്ചു പൊലീസുകാര്‍ സുരക്ഷക്കുണ്ടായിരിക്കണം. എല്ലാ ദിവസവും രാത്രി അദ്ദേഹം പിറ്റേന്ന് സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും തിരുവനന്തപുരത്തെ ഐ.ബി ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് സന്ദേശം അയച്ചിരിക്കണം. മഅ്ദനി സഞ്ചരിക്കുന്ന വാഹനത്തില്‍പോലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരിക്കും. ഈ രീതിയില്‍ സുരക്ഷയുള്ളയാള്‍ എങ്ങനെയാണ് ആരുമറിയാതെ കുടകിലെത്തിയത്? ഇന്‍റലിജന്‍സ് എ.ഡി.ജി.പി ഓഫിസ് വിവരാവകാശനിയമപ്രകാരം നല്‍കിയ രേഖയില്‍ ജയില്‍മോചിതനായശേഷം മഅ്ദനി സംസ്ഥാനത്തിനു പുറത്ത് നാലു തവണ മാത്രമേ യാത്ര നടത്തിയിട്ടുള്ളൂ എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് വിമാനമാര്‍ഗം പോയി കാസര്‍കോട്ടേക്ക് വരുകയും ഗെസ്റ്റ് ഹൗസില്‍ തങ്ങി മംഗലാപുരം വഴി മടങ്ങുകയും ചെയ്തു എന്നതാണ് ഇതില്‍ ആദ്യത്തേത്. മംഗലാപുരത്ത് അദ്ദേഹത്തിന് കര്‍ണാടക പൊലീസ് സുരക്ഷ നല്‍കിയിരുന്നു. രണ്ടാമത്തേത് ഹജ്ജിനും മൂന്നാമത്തേത് ഉംറക്കുമുള്ള യാത്രയാണ്. ഈജിപ്തിലേക്ക് മുംബൈ വഴി നടത്തിയ യാത്രയാണ് ഒടുവിലത്തേത്. മുംബൈയില്‍ മഹാരാഷ്ട്ര പൊലീസായിരുന്നു സുരക്ഷ നല്‍കിയിരുന്നത്. ഇതെല്ലാം ഇന്‍റലിജന്‍സ് രേഖയിലുണ്ട്. ഈ മഅ്ദനിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കുടകില്‍ പോയി എന്നു പറയുന്നത്.
31ാം പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മഅ്ദനിക്കെതിരെ കുറ്റപത്രത്തില്‍ ഇതിനേക്കാള്‍ ‘കിടിലന്‍’ ആരോപണങ്ങളാണുള്ളത്. നസീറുമായി ഗൂഢാലോചന നടത്തി, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍, ബംഗളൂരു സ്ഫോടന കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കല്‍ എന്നിവയാണ് അതില്‍ ചിലത്. നൂരിഷ ത്വരീഖത്തിന്‍െറ അനുയായി, പ്രതികളെ ഇതില്‍ ചേരാന്‍ പ്രേരിപ്പിച്ചു, മുസ്ലിം യുവാക്കളെ രാജ്യത്തിനെതിരെ യുദ്ധംചെയ്യാന്‍ പ്രേരിപ്പിക്കാന്‍വേണ്ടി നസീറിന് ഹസനുല്‍ ബന്നയുടെ ആത്മകഥയും സയ്യിദ് ഖുത്തുബിന്‍െറ വഴിയടയാളങ്ങള്‍ എന്ന പുസ്തകങ്ങളും നല്‍കി തുടങ്ങി വമ്പന്‍ കുറ്റങ്ങള്‍ വേറെയും. പുറമെ പുതിയ പുതിയ ‘രേഖകളും തെളിവുകളും’ സമര്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതാണ് 32 പ്രതികളുള്ള ബംഗളൂരു കേസിന്‍െറ കിടപ്പ്. ഒമ്പതു പേര്‍ ഇനിയും പിടിയിലാവാനുണ്ട്. നസീര്‍, സെയ്നുദ്ദീന്‍, സര്‍ഫറാസ് നവാസ്, സെയ്നുദ്ദീന്‍െറ മകന്‍ ശറഫുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍, മനാഫ്, മുജീബ്, സകരിയ്യ, ബദറുദ്ദീന്‍, ഫൈസല്‍, അബ്ദുല്‍ ജലീല്‍, അബ്ദുറഹീം, ഫയാസ്, മുഹമ്മദ് യാസീന്‍, ഉമര്‍ ഫാറൂഖ്, ഇബ്രാഹീം മൗലവി, ശഫാസ്, ശറഫുദ്ദീന്‍, താജുദ്ദീന്‍, അബ്ദുല്‍ ഖാദര്‍, സാബിര്‍, മഅ്ദനി എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. അയ്യൂബ്, സലീം, റിയാസ് ഭട്കല്‍, ഒമാന്‍ പൗരന്മാരായ വാലി, ജാഹിദ്, പാക് പൗരന്‍ അലി ഈസ, സമീര്‍, സലീം എന്നിവരെയാണ് പിടികൂടാനുള്ളത്. നാലു വര്‍ഷത്തിനുശേഷം ആഗസ്റ്റ് 27ന് കേസിന്‍െറ വിചാരണ തുടങ്ങാനിരിക്കുന്നു. വര്‍ഷങ്ങള്‍ നീളുന്ന വിചാരണ കഴിഞ്ഞ് പുറത്തിറങ്ങാന്‍ മഅ്ദനിക്ക് ആയുസ്സ് ബാക്കിയുണ്ടായാലും കോയമ്പത്തൂര്‍, എറണാകുളം, കോഴിക്കോട് കേസുകള്‍ പിന്നെയും ബാക്കിയാണ്. 
(തുടരും)

കേസുകള്‍, കുരുക്കുകള്‍

കോഴിക്കോട് കെ.എസ്.ആര്‍. ടി.സി ബസ്സ്റ്റാന്‍ഡില്‍വെച്ച് കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതി ഊമ ബാബുവിനെ പിടികൂടുന്നതോടെയാണ് ബംഗളൂരു കോടതിയില്‍ വാറന്‍റ് വന്നുകിടക്കുന്ന കോഴിക്കോട് കേസിന്‍െറ തുടക്കം. 1998ലാണ് സംഭവം നടക്കുന്നത്. ഊമ ബാബുവിനെ ചോദ്യംചെയ്ത പൊലീസിന് കോഴിക്കോട് നല്ലളം സ്വദേശി അശ്റഫ്, തിരൂര്‍ സ്വദേശി സുബൈര്‍ എന്നിവരാണ് സംരക്ഷണം നല്‍കിയതെന്ന വിവരം ലഭിക്കുന്നു. ’98 മാര്‍ച്ചില്‍ കോഴിക്കോട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നു. ഊമ ബാബുവിന് തോക്ക് സംഘടിപ്പിച്ചുനല്‍കിയതിന് അയ്യപ്പന്‍ എന്നൊരാളും പിടിയിലാവുന്നു. അശ്റഫില്‍നിന്ന് കണ്ടെടുത്ത പാസ്പോര്‍ട്ടില്‍ ബാങ്കോക്കില്‍ പോയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ പാകിസ്താനില്‍ ഐ.എസ്.ഐ പരിശീലനത്തിന് പോകാനാണ് ബാങ്കോക് സന്ദര്‍ശിച്ചതെന്നും മഅ്ദനിയാണ് തന്നെ പറഞ്ഞയച്ചതെന്നും അശ്റഫ് ‘മൊഴി’ നല്‍കുന്നു. അതോടെ സംഭവം ക്ളീന്‍! മഅ്ദനിയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പിന്നെ താമസമുണ്ടായില്ല. രാജ്യദ്രോഹം, രാജ്യത്തിനെതിരെ യുദ്ധംചെയ്യാന്‍ പരിശീലനത്തിനയച്ചു, ആയുധനിയമം തുടങ്ങിയ വകുപ്പുകള്‍ പിറകെവന്നു. അശ്റഫ്, സുബൈര്‍, അയ്യപ്പന്‍, മഅ്ദനി, ഹാരിസ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം കോയമ്പത്തൂര്‍ കേസിലും പ്രതികളായിരുന്നു. സമാനസ്വഭാവമുള്ള കേസുകളായിരുന്നിട്ടും എല്ലാവരും നിരപരാധികളാണെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. കോഴിക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന് മഅ്ദനിയുള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍, 12 വര്‍ഷത്തിനുശേഷവും കേസ് തീര്‍ന്നിട്ടില്ല. കോയമ്പത്തൂര്‍ ജയിലിലായിരുന്നതിനാല്‍ കേസ് പരിഗണിച്ചപ്പോഴൊന്നും കോടതിയില്‍ ഹാജരാവാന്‍ കഴിഞ്ഞില്ല. പലപ്പോഴും വാറന്‍റുള്ള വിവരംപോലും മഅ്ദനി അറിയാതെ പോയി. സ്വാഭാവികമായും പ്രതിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കോടതി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു.
ഐ.എസ്.എസ് നിരോധിച്ചശേഷം ’93 ജനുവരിയിലാണ് മഅ്ദനി ആദ്യ തടവ് അനുഭവിക്കുന്നത്. മൂന്നു മാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കിടന്നു. ജയില്‍മോചിതനായശേഷമാണ് പി.ഡി.പി രൂപവത്കരിക്കുന്നത്. ’92ല്‍ മുതലക്കുളം മൈതാനിയില്‍ നടത്തിയ പ്രസംഗത്തിന്‍െറ പേരില്‍ കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 1996ല്‍ വാറന്‍റ് പുറപ്പെടുവിക്കുന്നതോടെയാണ് മഅ്ദനിയുടെ മേല്‍ യഥാര്‍ഥ കുരുക്ക് മുറുകുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞ് ’98ലാണ് അദ്ദേഹത്തെ കണ്ണൂര്‍ ജയിലില്‍ റിമാന്‍റ് ചെയ്യുന്നത്. ഇതു മൂന്നുമാസം നീണ്ടു. അപ്പോഴേക്കും കോയമ്പത്തൂര്‍ കേസിലെ തിരക്കഥ തയാറായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅ്ദനിയെ കോയമ്പത്തൂര്‍ പൊലീസ് കൊണ്ടുപോവുകയും ചെയ്തു.
ഐ.എസ്.എസ് നിരോധിച്ചതിനുശേഷം 1992 ഡിസംബര്‍ 13ന് അന്‍വാര്‍ശേരിയില്‍ മഅ്ദനിയും മറ്റു 17 പേരും യോഗം ചേര്‍ന്നെന്നാരോപിച്ച് കൊല്ലം ശാസ്താംകോട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബംഗളൂരു ജയിലിലെത്തിയിരിക്കുന്ന രണ്ടാമത്തെ വാറന്‍റ്. ആയുധനിയമം, സ്ഫോടക വസ്തു നിയമം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍, അന്‍വാര്‍ശേരിയിലെ വിദ്യാര്‍ഥികള്‍ എന്നിവരും കേസില്‍ പ്രതികളാണ്. റിവോള്‍വര്‍, മൂന്നു തിരകള്‍, വെടിമരുന്ന് എന്നിവ അന്‍വാര്‍ശേരിയില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് രേഖയിലുണ്ട്. കൊല്ലം സെഷന്‍സ് കോടതിയായിരുന്നു കേസ് തുടക്കത്തില്‍ പരിഗണിച്ചിരുന്നത്. പിന്നീടാണ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. കേസില്‍ മഅ്ദനി ജാമ്യമെടുത്തെങ്കിലും വിചാരണവേളയില്‍ കോയമ്പത്തൂരിലായിരുന്നതിനാല്‍ ഹാജരാവാന്‍ കഴിയാതെ പോയി. ഈ കേസിലാണ് നീണ്ട 20 വര്‍ഷത്തിനുശേഷം പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്.
മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍ സൂഫിയ സന്ദര്‍ശിച്ചപ്പോള്‍ അധികൃതര്‍ അപമര്യാദയായി പെരുമാറിയതിന് പകരംചോദിക്കാന്‍ കോയമ്പത്തൂര്‍ പ്രസ്ക്ളബിന് സമീപത്തെ ബൂത്തില്‍ ടൈമറോടുകൂടിയ സ്ഫോടകവസ്തുക്കള്‍ നിറച്ച ബാഗ് കൊണ്ടുവെച്ചുവെന്നതാണ് മൂന്നാമത്തേതും ഏറ്റവും അപകടകരവുമായ കേസ്. 2002ലാണ് സംഭവം നടക്കുന്നത്. കാക്കനാട് സ്വദേശി ശബീര്‍, തിക്കോടി നൗഷാദ് എന്നിവരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പിടികൂടുന്നത്. ദേശസുരക്ഷാ നിയമം അനുസരിച്ച് ഇവരെ ഒരു വര്‍ഷം തടവിലിട്ടു. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചു. കേസിലെ നാലാം പ്രതിയായ കണ്ണൂര്‍ സ്വദേശി ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ പിടിയിലായതോടെയാണ് നസീര്‍ ഈ കേസില്‍ വരുന്നത്. പിന്നീട് നസീര്‍ മൂന്നാം പ്രതിയാവുന്നതാണ് കണ്ടത്. നസീര്‍ വന്നതോടെ മഅ്ദനിയിലേക്കുള്ള വഴി തെളിഞ്ഞു. അദ്ദേഹം അഞ്ചാം പ്രതിയായി. മഅ്ദനി ആവശ്യപ്പെട്ടപ്രകാരമാണ് സ്ഫോടക വസ്തുക്കള്‍ വെച്ചതെന്നായി കേസ്. ഇവരെ കൂടാതെ സാബിര്‍ എന്ന പ്രതികൂടിയുണ്ട്. ഇയാള്‍ ഒളിവിലാണ്. കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന് പ്രതികളുമായി പ്രസ്ക്ളബില്‍ സ്ഫോടകവസ്തു വെക്കാന്‍ മഅ്ദനി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ 10 വര്‍ഷത്തിനുശേഷം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അതും ബംഗളൂരു സ്ഫോടന കേസില്‍ ജയിലിലായതിനുശേഷം. നസീറിന്‍െറ മൊഴിയാണ് ഈ കേസിലും മഅ്ദനിക്കെതിരെയുള്ളത്.
മുഴുസമയ സെക്യൂരിറ്റിയുള്ള കോയമ്പത്തൂര്‍ സെല്ലിലിരുന്നാണ് മഅ്ദനി ഫോണില്‍ ഗൂഢാലോചന നടത്തുന്നത്! ഇതൊക്കെയും വിശ്വസിച്ചേ മതിയാകൂ. കാരണം, സംഗതി രാജ്യദ്രോഹ കുറ്റമാണ്. അന്വേഷണം ഇപ്പോഴും മുറക്കു നടക്കുകയാണ്. ഇതാണ് മൂന്നാമത്തെ വാറന്‍റായി കിടക്കുന്ന കേസ്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന ചെറു കേസുകള്‍ വേറെയുമുണ്ട്. പി.ഡി.പി രൂപവത്കരിച്ചശേഷവും അതിനു മുമ്പും നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് ഈ കേസുകളത്രയും. 23 കേസുകളാണ് ആകെയുണ്ടായിരുന്നത്. അവയില്‍ പലതും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വാറന്‍റായി കിടന്നു. കൊല്ലം ജില്ലയില്‍ മാത്രം 13 കേസുകളുണ്ടായിരുന്നു. കരുനാഗപ്പള്ളി കോടതിയിലായിരുന്നു ഇതില്‍ ഏഴെണ്ണം. ഇവയെല്ലാം പ്രാഥമിക വാദം കേട്ടതിനുശേഷം കോടതി തള്ളി. മഅ്ദനി ഹൈകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ബാക്കി കേസുകളെല്ലാം എറണാകുളത്തേക്ക് മാറ്റി. ആറു കേസുകള്‍ വാദംകേട്ടശേഷം കോടതി തള്ളി. 10 കേസുകള്‍ ബാക്കിയുണ്ട്.
ബംഗളൂരു കേസിന്‍െറ വിചാരണ നടക്കുന്ന സന്ദര്‍ഭത്തിലാണ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസുകളില്‍ മഅ്ദനി പ്രതിയാകുന്നതും വാറന്‍റ് വരുന്നതുമെന്നത് ശ്രദ്ധേയമാണ്. വിവിധ കോടതികള്‍ ഹാജരാക്കാനാവശ്യപ്പെട്ട ഒരു പ്രതിയോട് വിചാരണ കോടതിക്കുള്ള സമീപനം ഊഹിക്കാവുന്നതേയുള്ളൂ. ജാമ്യത്തിനാണെങ്കില്‍ താങ്കള്‍ വാദിക്കേണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനായ സുശീല്‍ കുമാറിനോടുപോലും പറയുന്ന ജഡ്ജിമാരുള്ള നാടാണിത്. ഒരു കാര്യം തീര്‍ച്ച, ബംഗളൂരുവില്‍ നിന്നിറങ്ങിയാലും ഈ മനുഷ്യനെ വീണ്ടും കോയമ്പത്തൂര്‍ ജയില്‍കവാടം കാത്തിരിപ്പുണ്ട്. അതിനു പിറകെ ഗുജറാത്തും വന്നേക്കാം. വേറെയും കേസുകള്‍ കാത്തിരിപ്പുണ്ടാവാം. നമുക്ക് കാതോര്‍ത്തിരിക്കാം, കൂടുതല്‍ ഞെട്ടിപ്പിക്കുന്ന കേസുകള്‍ക്കായി.
(അവസാനിച്ചു).

കടപ്പാട് മാധ്യമം ദിനപത്രം 

No comments: