ലീഗ് ആത്മപരിശോധന നടത്താന്‍ തയ്യാറാവണം -പി.ഡി.പി
പത്തനംതിട്ട:അഞ്ചാമത്തെ മന്ത്രിക്കായുള്ള അവകാശവാദത്തെകുറിച്ച് മുസ്‌ലിംലീഗ് ആത്മപരിശോധന നടത്തണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. അഞ്ചാം മന്ത്രി ലീഗിന്റെ ആവശ്യമാണ്. സമുദായത്തിന്റെയല്ല. ഇതിന്റെപേരില്‍ ചിലര്‍ തീവ്രഹൈന്ദവവികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നുണ്ട്.
ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയുടെ വലതു കണ്ണിന്റെ കാഴ്ച ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്നാണ് അറിഞ്ഞത്. അദ്ദേഹത്തെ ചൊവ്വാഴ്ച നാരായണനേത്രാലയത്തില്‍ പരിശോധനയ്ക്ക്‌കൊണ്ടു പോകുന്നുണ്ട്. മഅദനിയുടെ ആരോഗ്യനില മനസ്സിലാക്കാന്‍ മന്ത്രിതലസമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കണം. ചികിത്സയ്ക്കായി ഇടക്കാല ജാമ്യം കിട്ടാന്‍ ആവശ്യമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
മഅദനിക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ശക്തമാക്കുന്നതിനുവേണ്ടിയുള്ള തുടര്‍പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ പി.ഡി.പി സംസ്ഥാനപ്രതിനിധി സമ്മേളനം 11ന് ആലപ്പുഴ ടൗണ്‍ഹാളില്‍ (ഇന്‍തിഫാദ നഗര്‍) നടക്കും.നിയോജക മണ്ഡലം, ജില്ലാ, സംസ്ഥാന തലത്തിലെയും പോഷക സംഘടനകളില്‍ നിന്നുമായി 1200 പ്രതിനിധികള്‍ സംബന്ധിക്കും. ചര്ച്ചാ ക്ലാസ്സുകള്‍, ആനുകാലിക രാഷ്ട്രീയ വിഷയാവലോകനം, സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിനാവശ്യമായ രൂപരേഖ തയ്യാറാക്കല്‍, മഅദനിക്ക് നീതി തേടിയുള്ള തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കല്‍ തുടങ്ങിയവയാണ് പ്രതിനിധി സമ്മേളനത്തിലെ പ്രധാന അജണ്ട.
'മഅദനിയുടെ ജീവന്‍ രക്ഷിക്കുക' എന്നാവശ്യപ്പെട്ടു ഏപ്രില്‍ 30ന് കൊല്ലം പീരങ്കിമൈതാനിയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന മനുഷ്യാവകാശ മഹാസംഗമവും നടത്തും. പാര്‍ട്ടിയുടെ പത്തൊന്‍പതാം ജന്മവാര്‍ഷികദിനമായ ഏപ്രില്‍ 14ന് പതാകാദിനമായി ആചരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് മഅദനിയുടെ ജന്മഗ്രഹമായ 'തോട്ടുവാല്‍ മന്‍സിലില്‍' മഅദനി ഐക്യദാര്‍ട്യ സംഘമം സംഘടിപ്പിക്കും. മുന്‍ മന്ത്രി എം.എ.ബേബി, ഡോക്ടര്‍ സെബാസ്ട്യന്‍ പോള്‍, ടി.ആരിഫലി, മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.
ഏപ്രില്‍ പതിനൊന്നു മുതല്‍ മൂന്നു മാസക്കാലം നീണ്ടു നില്‍ക്കുന്ന അംഗത്വ പ്രചാരണം സംഘടിപ്പിക്കും. പി.ഡി.പി. ഭാരവാഹികളായ ഹബീബ് റഹ്മാന്‍, പത്തനംതിട്ട റഷീദ്, പി.ഡി.പി. റസാഖ് മണ്ണടി, അന്‍സിം, സലിം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.