28.1.10

കോടതികള്‍ നടപ്പാക്കുന്നത് രണ്ട് നീതി - മഅദനി

കോഴിക്കോട്: രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കുന്ന നടപടിയാണ് കോടതികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും പീഡിതര്‍ക്ക് കോടതിപോലും ആശ്രയമാവുന്നില്ലെന്നും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു.


കേരള മഹല്ല് ഇമാം ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധറാലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രണ്ട് നീതി നടപ്പാക്കുന്ന കോടതികളുടെ സമീപനം രാജ്യത്ത് അപകടം സൃഷ്ടിക്കും. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ച 2005 മുതല്‍ ലഭിച്ചതില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും പുതിയ തെളിവോ മൊഴിയോ ലഭിച്ചിട്ടല്ല സൂഫിയ മഅദനിയെ പ്രതിയാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കേരള മഹല്ല് ഇമാം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുള്‍ സലീം മൗലവി അധ്യക്ഷത വഹിച്ചു. സാമ്രാജ്യത്വ അജന്‍ഡ നടപ്പാക്കാന്‍ എന്‍.ഐ.എ.യെ ഉപയോഗിച്ച് മുസ്‌ലിം നേതാക്കളെയും സമുദായത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയെ കരുതിയിരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സുന്നി ജമാഅത്ത് പ്രസിഡന്റ് പാണക്കാട് സയ്യിദ് ജബാറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, സി.എച്ച്. അബ്ദുള്‍ അസീസ് മൗലവി, സി. മുഹമ്മദ് സലീം സുല്ലമി, പി. അബ്ദുള്‍ ഹമീദ്, കെ. ജി.എ. ഹമീദ്, വി.എച്ച്. അലിയാര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. കേരള മഹല്ല് ഇമാം ഐക്യവേദി സെക്രട്ടറി ജാഫര്‍ അലി ദാരിമി സ്വാഗതം പറഞ്ഞു.


No comments: