27.9.09


തീവ്രവാദം: പുതിയ റിപ്പോര്‍ട്ടില്ലെന്ന്‌ ഐ.ബി.
Text Size:
ന്യൂഡല്‍ഹി: കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഇന്റലിജന്‍സ്‌ ബ്യൂറോയുടേതായി ഇന്നലെ ചില മാധ്യമങ്ങളില്‍വന്ന റിപ്പോര്‍ട്ട്‌ വ്യാജമെന്നു കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ. കേരളം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വളക്കൂറുള്ള മണ്ണാണെന്ന രീതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കാര്യങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്ന്‌ ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മള്‍ട്ടി ഏജന്‍സി സെന്ററിലെ ഉന്നതോദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ ഏജന്‍സികളുടെ പേരില്‍ നിക്ഷിപ്‌ത താത്‌പര്യക്കാരായ ചിലര്‍ മാധ്യമങ്ങളെ ഉപയോഗിച്ചു നടത്തുന്ന ഇത്തരം പ്രചാരവേലകള്‍ക്കു തങ്ങള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കേരളത്തിലേക്കു കണ്ടെയ്‌നറുകളില്‍കൂടി ആയുധങ്ങള്‍ കടത്തുന്നുണ്ടെന്നും ദുബായില്‍ ജോലിക്കെന്നു പറഞ്ഞ്‌ കേരളത്തില്‍നിന്നു ആളുകളെ കൊണ്ടു പോയി പാകിസ്‌താനില്‍ തീവ്രവാദ പരിശീലനം നല്‍കുന്നതായി 'ഇന്ത്യയിലെ ഇപ്പോഴത്തെ സുരക്ഷാ സ്‌ഥിതിഗതികള്‍' എന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്‌ ചില മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതു വാസ്‌തവമല്ലെന്നും വാര്‍ത്തകളില്‍ പറയുന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ട ചില പഴയ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലുള്ളതാണെന്നും ഐ.ബി. വൃത്തങ്ങള്‍ വ്യക്‌തമാക്കി. കേരളത്തില്‍ ഒറ്റപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യം ഐ.ബി. നിഷേധിക്കുന്നില്ല. ഇന്ത്യയിലെ ചില സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്നു കരുതുന്ന തടിയന്റവിട നസീറിനെ ഇപ്പോഴും അന്വേഷിക്കുന്നുണ്ട്‌. ഇയാളുമായി ബന്ധമുള്ളവര്‍ ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ നിരീക്ഷണത്തില്‍തന്നെയാണെന്നും ഉന്നതോദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തി. മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നതു പോലെ സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. സാധാരണ രീതിയില്‍ ഉണ്ടാകുന്ന രഹസ്യവിവര കൈമാറ്റം മാത്രമേ നടന്നിട്ടുള്ളൂ. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടു തവണയാണു തീവ്രവാദ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചത്‌. കാശ്‌്മീരില്‍നിന്ന്‌ ആര്‍.ഡി.എക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്‌തുക്കളും ആയുധങ്ങളുമായി ഒരു സംഘം ഡല്‍ഹിക്കു പുറപ്പെട്ടിട്ടുണ്ടെന്നതായിരുന്നു ഒന്ന്‌. ബംഗളുരുവിലെ ഐ ടി സ്‌ഥാപനങ്ങള്‍ക്കു നേരേ ആക്രമണം നടക്കുമെന്നും വിമാനങ്ങളില്‍ സ്‌ഫോടനം നടക്കുമെന്നുമുള്ള മുന്നറിയിപ്പുകളാണു രണ്ടു മാസത്തിനു മുമ്പു ലഭിച്ചത്‌. ഇതൊക്കെ വ്യാജമായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു. ഭാര്യക്കു നേരെ ആസിഡ്‌ ബള്‍ബ്‌ എറിഞ്ഞ ശേഷം ഒളിവില്‍ പോയ ഒരാളാണു ബംഗളുരുവില്‍ ആക്രമണമുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കിയത്‌. ഇയാളെ ഐ.ബിയും പോലീസും തെരഞ്ഞെുകൊണ്ടിരിക്കുകയാണ്‌. ഇതല്ലാതെ യാതൊരു വിധത്തിലുള്ള റിപ്പോര്‍ട്ടുകളും കേരളവുമായി ബന്ധപ്പെട്ട്‌ ഈയിടെ ഐ.ബി തയാറാക്കിയിട്ടില്ലെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്‌തമാക്കി. ദുബായിലേക്കു കേരളത്തില്‍നിന്ന്‌ ആളുകള്‍ പോകുന്നതിനെ തീവ്രവാദ പ്രവര്‍ത്തനവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ വ്യക്‌തമാക്കി. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്തേണ്ടതിനാലും കേരളത്തിന്റെ സമ്പദ്‌ വ്യവസ്‌ഥയെ ബാധിക്കുന്ന കാര്യമായതിനാലും ഉത്തരവാദരഹിതമായി ഇത്തരം റിപ്പോര്‍ട്ടുകള്‍ ഐ.ബി നല്‍കാറില്ല. ദുബായില്‍നിന്നു പാകിസ്‌താനിലേക്കു മലയാളികള്‍ തീവ്രവാദ പരിശീലനത്തിനു പോയിട്ടുണ്ടെന്നതു ശരിയാണ്‌. അത്‌ ഒറ്റപ്പെട്ട സംഭവം മാത്രമാണ്‌. നസീര്‍ മുഖേനെയാണ്‌ ഇതു നടന്നിട്ടുള്ളത്‌. അക്കാര്യങ്ങള്‍ ഐ.ബിയുടെ സുക്ഷ്‌മ നിരീക്ഷണത്തിലാണ്‌. സിമിക്കു കേരളത്തില്‍ ഇപ്പോഴും ശക്‌തമായ വേരോട്ടമുണ്ടെന്നും ശക്‌തമായ പിന്തുണ ലഭിക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നു സംസ്‌ഥാന ആഭ്യന്തരവകുപ്പുതന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്‌. ഒറ്റപ്പെട്ട ചില പോക്കറ്റുകളില്‍ സിമിയോട്‌ ആഭിമുഖ്യമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. ഇതിനെ ഗൗരവപൂര്‍വം കാണുന്നുമുണ്ട്‌. കേരളത്തില്‍ കൂടി കണ്ടെയ്‌നറുകളില്‍ വന്‍തോതില്‍ ആയുധക്കടത്ത്‌ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അതിശയോക്‌തിപരമാണ്‌. കേരളത്തിലെ പോലീസ്‌ വിഭാഗം അത്ര മോശമാണെന്നു തങ്ങള്‍ കരുതുന്നില്ലെന്നും ഐ.ബിയിലെ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി NEWS FROM MANGALAM DAILY

No comments: