അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ മഅദനിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടോടെ ഇവര്‍ ആസ്പത്രി വിട്ടു. ബുധനാഴ്ച ജാമ്യം അനുവദിച്ചെങ്കിലും വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജാമ്യം നടപ്പായത്. ഭര്‍ത്താവും പി.ഡി.പി. ചെയര്‍മാനുമായ അബ്ദുന്നാസര്‍ മഅദനിയും മക്കളും മറ്റു കുടുംബാംഗങ്ങളും മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിയിരുന്നു. ആസ്പത്രി വിട്ട സൂഫിയയെ ബന്ധുക്കളും പി.ഡി.പി. പ്രവര്‍ത്തകരും ചേര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
എറണാകുളം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സൂഫിയയെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോളജി, ഓര്‍ത്തോ, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഇവരെ പരിശോധിക്കുകയും എക്‌സ്‌റേ, സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. എന്നീ പരിശോധനകള്‍ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.
സൂഫിയയുടെ ജാമ്യം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ ജയിലധികൃതര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തി. ഒരു മണിക്കൂര്‍ കൊണ്ട് ബാക്കിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് സൂഫിയയെ വിട്ടത്. മഅദനിയും മക്കളായ സലാഹുദ്ദീന്‍, ഉമര്‍ എന്നിവരും മറ്റു കുടുംബാംഗങ്ങളും സൂഫിയയെ കാണാനെത്തി. മഅദനിയെ കണ്ടപാടെ വിങ്ങിപ്പൊട്ടിയ സൂഫിയയെ അദ്ദേഹം ആശ്വസിപ്പിച്ചു. അടച്ചിട്ട മുറിയില്‍ അര മണിക്കൂറോളം സൂഫിയയും മഅദനിയും മക്കള്‍ക്കൊപ്പം ചെലവഴിച്ചു. പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തില്‍ ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും ആസ്പത്രിയിലെത്തിയിരുന്നു.
വീല്‍ചെയറില്‍ സഞ്ചരിച്ച മഅദനിക്ക് മുന്‍പിലായി നടന്നാണ് സൂഫിയ അഞ്ചാം നിലയിലുള്ള മുറിയില്‍ നിന്ന് പുറത്തിറങ്ങിയത്. ആസ്പത്രിക്കു പുറത്തും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളുമടക്കം നിരവധി പേര്‍ നില്‍പ്പുണ്ടായിരുന്നു. സൂഫിയയെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ നിന്ന് കൊണ്ടുവന്ന ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോയി. മഅദനിയും മക്കളും കാറില്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.