മഅ്ദനിയുടെ മോചനത്തിന് ഹാജിമാര്‍ പ്രാര്‍ഥിക്കണം- മുസ്ലിം പണ്ഡിതന്മാര്‍
അന്വാര് കള്‍ചരല്‍ ഫോറം ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച
വാര്‍ത്ത സമ്മേളത്തില്‍ ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം നേതാക്കളും അന്വാര് കള്‍ചരല്‍ ഫോറം ജിദ്ദ നേതാക്കളും
വാര്‍ത്ത സമ്മേളത്തില്‍ ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം നേതാക്കളും അന്വാര് കള്‍ചരല്‍ ഫോറം ജിദ്ദ നേതാക്കളും
ജിദ്ദ: കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ രണ്ട് വര്‍ഷത്തിലധികമായി വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്കു നീതിയുക്തമായ വിചാരണ ലഭ്യമാവാന്‍ ഹാജിമാരും പ്രവാസി മലയാളികളും പ്രാര്‍ഥിക്കുകയും ഇടപെടുകയും ചെയ്യണമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന് നേതൃത്വം കൊടുക്കുന്ന കേരളത്തില്‍ നിന്നെത്തിയ പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാര്യങ്ങളാണ് മഅ്ദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നതെന്ന് നേതാക്കള്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒമ്പതര വര്‍ഷത്തെ വിചാരണത്തടവില്‍ നിന്നു മോചിതനായ ശേഷം അദ്ദേഹത്തിന്‍െറ ഓരോ ചലനവും നാലു പൊലീസുകാര്‍ രേഖപ്പെടുത്തിയിരുന്നു.
ആ രേഖകള്‍ പരിശോധിച്ചാല്‍ തന്നെ അദ്ദേഹത്തിനെതിരെ ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയായിരുന്നു എന്ന് വ്യക്തമാണ്. കര്‍ണാടകയില്‍ മുസ്ലിംകള്‍ അകാരണമായി പീഡിപ്പിക്കപ്പെടുന്നു. കോടതിയില്‍ വാദിക്കാന്‍ വക്കീലന്മാരെ പോലും കിട്ടുന്നില്ല.
വോട്ട് ചോര്‍ച്ച ഭയന്ന് കേരളത്തിലെ യു.ഡി.എഫും എല്‍.ഡി.എഫും മഅ്ദനിയുടെ കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ സംഭവ വികാസങ്ങളില്‍ ഏറെ സ്വാധീനമുള്ള പ്രവാസി മലയാളിസമൂഹം മഅ്ദനിയുടെ മോചനത്തിനായി ശക്തമായി ഇടപെടണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. കേരള നിയമസഭ ഒരു പ്രമേയം പോലും പാസ്സാക്കാന്‍ മുന്നോട്ടു വരുന്നില്ല. ബോംബാക്രമണത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട്, പ്രമേഹരോഗം മുര്‍ഛിച്ച് മറ്റു പല രോഗങ്ങള്‍ കൊണ്ടും വിഷമതകള്‍ അനുഭവിക്കുന്ന അദ്ദേഹത്തിന് തക്ക സമയത്ത് ചികില്‍സ ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കാഴച് ശക്തി ഏതാണ്ട് നഷ്ടപ്പെട്ടിരിക്കുകയാണ്. സാമാന്യനീതി എന്ന നിലയില്‍ ചികില്‍സക്കു വേണ്ടിയുള്ള ജാമ്യം ലഭിക്കേണ്ടതാണ്. അഗ്രഹാര ജയിലിനു പുറത്തുള്ള സ്പെഷല്‍ കോടതിയില്‍ വിചാരണ തുടങ്ങിയിട്ടുണ്ടെങ്കിലും വളരെ മന്ദഗതിയിലാണ് അത് നടക്കുന്നത്. ബി.ജെ.പി.സര്‍ക്കാറാണ് അവിടെ ഭരിക്കുന്നതെന്നതിനാല്‍ നീതിയുക്തമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
ഈ കടുത്ത പ്രതികൂല സാഹചര്യത്തില്‍ അദ്ദേഹത്തിന് നീതിയുക്തമായ വിചാരണ ലഭ്യമാവാന്‍ ഹാജിമാരും പ്രവാസി മലയാളികളും പ്രാര്‍ഥിക്കുകയും ഇടപെടുകയും ചെയ്യണമെന്ന് ഫോറത്തെ നയിക്കുന്ന പണ്ഡിത നേതൃത്വം അഭ്യര്‍ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ഫോറം കണ്‍വീനര്‍മാരായ അബ്ദുശുക്കൂര്‍ മൗലവി, പാനിപ്ര ഇബ്രാഹീം മൗലവി, കടുവയില്‍ മന്‍സൂറുദ്ദീന്‍ റഷാദി, സുബൈര്‍ മൗലവി വണ്ടിപ്പെരിയാര്‍, മുനീര്‍ ഷാ തണ്ടാശ്ശേരി, അനീസ് അഴീക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
മഅ്ദനിയുടെ ജാമ്യാപേക്ഷ
ഒക്ടോബര്‍ 16ലേക്ക് മാറ്റി
ബംഗളൂരു: വിചാരണ തടവില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈകോടതി ഒക്ടോബര്‍ 16ലേക്ക് മാറ്റി. ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് എച്ച്.എന്‍. നാഗമോഹന്‍ ദാസ് കൂടുതല്‍ വാദം കേള്‍ക്കാനായാണ് ഹരജി മാറ്റിയത്. മഅ്ദനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതേതുടര്‍ന്നാണ് കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി മാറ്റിയത്.
മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. മഅ്ദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രവി വര്‍മകുമാറും കര്‍ണാടകക്കുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ ചന്ദ്രമൗലിയും ഹാജരായി. നേരത്തേ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മഅ്ദനി ഹൈകോടതിയെ സമീപിച്ചത്.