29.12.10

മഅദനിക്ക് നീതി ലഭിക്കാന്‍ പ്രക്ഷോഭത്തിനിറങ്ങും - മുസ്‌ലിം സംയുക്ത വേദി

തിരുവനന്തപുരം: മഅദനിക്ക് നീതി ലഭിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്ത വേദിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ തന്റെ നിരപരാധിത്വം മഅദനി വെളിപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും അദ്ദേഹത്തെ വേട്ടയാടുന്നതിനെതിരെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വൈരുധ്യത്തിന്റെ പേരില്‍ മിണ്ടാതിരിക്കുന്ന രാഷ്ട്രീയ-സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്ന് വേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, സെക്രട്ടറിമാരായ ഹാഫിസ് സുലൈമാന്‍ മൗലവി, മുഹമ്മദ് ബാദുഷ മന്നാനി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മനുഷ്യാവകാശ ധ്വംസനത്തിനെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വേദി ഭാരവാഹികള്‍ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളെ സമീപിക്കും. പ്രക്ഷോഭത്തിന് തുടക്കമിട്ട് ജനവരി രണ്ടിന് മഞ്ചേശ്വരത്ത് ഉദ്ദ്വാവരം ഷഹീദ് സദ്ദാം നഗറില്‍ പൊതുസമ്മേളനം ചേരും. തുടര്‍ന്ന് ജില്ലാ താലൂക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പദയാത്രകളും കാമ്പയിനുകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു

പി.ഡി.പി ധര്‍ണ നടത്തി തിരൂരങ്ങാടി: അബ്ദുള്‍നാസര്‍ മഅദനിക്ക് നീതിപൂര്‍വ്വകമായ വിചാരണ ഉറപ്പാക്കുക, എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കുക തുടങ്ങിയാ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്മാട്ട് സായാഹ്നധര്‍ണ നടത്തി. ധര്‍ണ്ണ പി.ഡി.പി. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡണ്ട്‌ വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. ഉസ്മാന്‍ കാച്ചടി, റസാക്ക് ഹാജി നന്നമ്പ്ര, ഷെഫീഖ്, അനസ് തെന്നല, ചെറക്കോട്ട് ഹംസ എന്നിവര്‍ പ്രസംഗിച്ചു. 

28.12.10

ഐ.എസ്.എഫ് മഅദനി മോചന കാമ്പയിന്‍ ജനുവരി ഒന്ന് മുതല്‍

മലപ്പുറം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ മോചനമാവശ്യപ്പെട്ട് ജില്ലാ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി.യുടെ വിദ്യാര്‍ഥി വിഭാഗമായ ഐ.എസ്.എഫ് മലപ്പുറം ജില്ലാ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം ജനവരി ഒന്നിന് പൊന്നാനിയില്‍ നടക്കും.

മഅദനിയുടെ മോചനമാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ജില്ലയില്‍ നിന്ന് 5000 പോസ്റ്റ് കാര്‍ഡുകള്‍ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും അയക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധസംഗമങ്ങള്‍ നടത്താനും ഫിബ്രരി മൂന്നിന് തിരൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തുവാനും തീരുമാനിച്ചു.

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഉദ്ഘാടനംചെയ്തു.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ കാച്ചടി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സെയ്ഫുദ്ദീന്‍ അനന്താവൂര്‍, പി.ഡി.പി. ജില്ലാ സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, അബ്ദുല്‍ഗഫൂര്‍ മിസ്ബാഹി, എന്‍.എ. സിദ്ദീഖ് താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, എം.എ. അഹമ്മദ് കബീര്‍,  ചെമ്പന്‍ ഗഫൂര്‍, റഹീം പൊന്നാനി, ഷിഹാബ് കരുവാന്‍കല്ല്, സനീര്‍ പുറങ്ങ്, ഷഫീക്ക് കാവുംപുറം, ഷാജഹാന്‍ പരവക്കല്‍, ജാഫര്‍ അലി ദാരിമി പുറത്തൂര്‍,
റഫീഖ് താനാളൂര്‍, അബ്ബാസ് പള്ളിക്കല്‍ബസാര്‍, അലി പൊന്നാനി, ബഷീര്‍ നാലാംകല്ല്, അജ്മല്‍ തവനൂര്‍, സിറാജ് പെരുവള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പി.ഡി.പി. ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ശാസ്താംകോട്ട: പി.ഡി.പി. ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജഹാന്‍ (പ്രസി.), അഷ്‌റഫ് (വര്‍ക്കിങ് പ്രസിഡന്റ്), ഷറഫ് കുറ്റിയില്‍ (വൈ. പ്രസി.), ഹമീദ് കല്ലുവിള (വൈ. പ്രസി.), അന്‍സര്‍ (സെക്രട്ടറി), ഷംനാദ്, ഷെമീര്‍ (ജോ. സെക്ര.), സജാദ് (ട്രഷ.). യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ അധ്യക്ഷത വഹിച്ചു

24.12.10


പി.ഡി.പി. നേതാക്കള്‍ ഗവര്‍ണര്‍ക്ക്‌ നിവേദനം നല്‍കി

തിരുവനന്തപുരം : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കേസ്സുകള്‍ കര്‍ണ്ണാടക പോലീസില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനായി ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി. ഗവര്‍ണര്‍ക്ക്‌ നിവേദനം നല്‍കി. കര്‍ണ്ണാടക പോലീസില്‍ നിന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയോടുള്ള സമീപനം നീതിപൂര്‍വ്വകമല്ലെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അദ്ധേഹത്തിന്റെ കാര്യത്തില്‍ നടക്കുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലിയും ജനറല്‍ സെക്രട്ടറി വര്‍ക്കല രാജുമാണ് ഗവര്‍ണറെ കണ്ടു നിവേദനം കൈമാറിയത്. 



പി.ഡി.പി. രാജ്ഭവന്‍ ധര്‍ണ നടത്തി

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് കര്‍ണാടകക്ക് പുറത്ത് വിചാരണ നടത്തുക, കേന്ദ്ര ഏജന്‍സിയെക്കൊണ്ട് ബാംഗ്ലൂര്‍ കേസ് പുനരന്വേഷണം നടത്തുക, മഅദനിക്ക് നീതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍സെക്രട്ടറി വര്‍ക്കല രാജിന്റെ അധ്യക്ഷതയില്‍ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി.



സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി, ജെ.എം.എഫ്. കണ്‍വീനര്‍ ഷബീര്‍ മൗലവി, കേരള മഹല്ല് ഇമാം ഐക്യവേദി ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, പി.ഡി.പി. സംസ്ഥാന ജില്ലാ നേതാക്കളായ മുഹമ്മദ് റജീബ്,യു.കെ.അബ്ദുല്‍ റഷീദ് മൗലവി, മാഹീന്‍ ബാദുഷ മൗലവി, സാബു കൊട്ടാരക്കര, അഡ്വ. മുട്ടം നാസര്‍, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, അഡ്വ. വള്ളിക്കുന്നം പ്രസാദ്, തോമസ് മാഞ്ഞൂരാന്‍, കെ.കെ. വീരാന്‍കുട്ടി, അഡ്വ. സത്യദേവ്, പിരപ്പന്‍കോട് അശോകന്‍, മൈലക്കാട് ഷാ, കാസര്‍കോട് ജില്ലാ പ്രസിഡണ്ട്‌ സുബൈര്‍ പടുപ്പ്, ഹബീബ് റഹ്മാന്‍, തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ പാച്ചിറ സലാഹുദീന്‍, നടയറ ജബ്ബാര്‍, പനവൂര്‍ ഹസന്‍, സൈക്കോ നസീര്‍, ബീമാപള്ളി ഷാഫി, പി.ഡി.പി.വനിതാ വിഭാഗം നേതാക്കളായ ശ്രീജ മോഹന്‍, സീന ഷാജഹാന്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ വി.കെ. തങ്കച്ചന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നിസാര്‍ മേത്തര്‍ എന്നിവര്‍ സംസാരിച്ചു.


22.12.10

അഡ്വ. ഷംസുദ്ധീന് നേരെ ഗുണ്ടാ ആക്രമണം

മലപ്പുറം : പി.ഡി.പി. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ഷംസുദ്ധീന് നേരെ ഒരു സംഘം ഗുണ്ടകള്‍ ആക്രമണം നടത്തി.ആക്രമണത്തില്‍ പരുക്കേറ്റ ഷംസുദ്ധീനെ മലപ്പുറം ഓര്‍ക്കിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പി.ഡി.പി.മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ആക്രമത്തില്‍ പ്രതിഷേധിച്ചു ഇന്ന് മൂന്നു മണിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത്‌ പ്രതിഷേധ പ്രകടനം നടക്കും. മലപ്പുറത്ത്‌ പി.ഡി.പി. നേതാക്കള്‍ക്ക് നേരെ ആക്രമണം പതിവ് സംഭവമാണ്. പി.ഡി.പി. വനിതാ വിഭാഗം നേതാവ് ശ്രീജാ മോഹന് നേരെയും സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു

21.12.10

കോണ്ഗ്രസ്സ് നിലപാട് സ്വാഗതാര്‍ഹം, തുടര്‍ നടപടികള്‍ വേണം : പി.ഡി.പി.

കൊച്ചി : വൈകിയെങ്കിലും സംഘ പരിവാര്‍ ഭീകരതയെ തുറന്നെതിര്‍ക്കാനും നിയമരമായും രാഷ്ട്രീയപരമായും നേരിടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്ലീനറി സമ്മേളന തീരുമാനം സ്വാഗതാര്‍ഹമാണെന്നും വിഷയത്തില്‍ തങ്ങളുടെ ആത്മാര്‍ഥത തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെയും നടപടികളിലൂടെയും തെളിയിക്കണമെന്നും പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു.


കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യ സുരക്ഷയെ ബാധിക്കുന്ന പല നിലപാടുകളും പ്രവര്‍ത്തനങ്ങളും നടത്തുകയും അധികാരം ലഭിച്ച സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ദ്രോഹിക്കുന്നതിനും മുന് പന്തിയില്‍ നില്‍ക്കുകയും ചെയ്ത സംഘപരിവാര്‍ ശക്തികളെ തുറന്നെതിര്‍ക്കുമെന്ന പ്ലീനറി സമ്മേളന തീരുമാനം സ്വാഗതാര്‍ഹാമാണ്. രാജ്യത്ത് പലയിടങ്ങളിലും നടന്ന കലാപങ്ങളില്‍ സംഘ പരിവാര്‍ ശക്തികളുടെ പങ്കാളിത്തം ഇതിനകം പുറത്തുവന്നതാണെന്നും ഇത് സംബന്ധമായി കൂടുതല്‍ അന്വേഷണം വേണമെന്നും പി.ഡി.പി. ആവശ്യപ്പെട്ടു. ബംഗ്ലൂര്‍ സ്ഫോടനം ഉള്‍പ്പെടെയുള്ള സ്ഫോടനങ്ങളെക്കുറിച്ച് നിശ്പക്ഷമായ അന്വേഷണം നടത്തി യദാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും അബ്ദുല്‍ നാസ്സര്‍ മഅദനിയുള്പ്പെടെയുള്ള നിരപരാധികളെ മോചിപ്പിക്കുകയും ചെയ്യണമെന്നും റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

19.12.10

പെട്രോളിയം വില വര്‍ദ്ധന പി.ഡി.പി. ട്രെയിന്‍ തടഞ്ഞു

കൊല്ലം:പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പി.ഡി.പി.കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.പി.ഡി.പി.ജില്ലാ പ്രസിഡന്റ്‌മൈലക്കാട്ഷായുടെ നേതൃത്വത്തിലാണ് സമരം നടന്നത്.

ഒരുവര്‍ഷത്തിനിടയ്ക്ക് 9 പ്രാവശ്യം പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പി.ഡി.പി. സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി, വൈസ് ചെയര്‍മാന്‍ യു.കെ.അബ്ദുല്‍ റഷീദ് മൗലവി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. വള്ളികുന്നം പ്രസാദ്, സാബു കൊട്ടാരക്കര, ജില്ലാ സെക്രട്ടറി ഷെമീര്‍ തേവലക്കര എന്നിവര്‍ സംസാരിച്ചു. 

17.12.10


സൂഫിയക്കെതിരായ കേസ് നിയമപരമായി നേരിടും പി.ഡി.പി.

കൊച്ചി:  കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്സില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ പത്നി സൂഫിയ മഅദനിക്കെതിരെ  എന്‍.ഐ.എ.സമര്‍പ്പിച്ച കുറ്റപത്രം അവാസ്തവവും കെട്ടിച്ചമച്ചതുമാണെന്നു പി.ഡി.പി. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി പ്രസ്താവനയില്‍ അറിയിച്ചു.

സൂഫിയക്കെതിരായി ചുമത്തപ്പെട്ട സംഘടനാ നിരോധന നിയമവും രാജ്യദ്രോഹ കുറ്റവും നിലനില്‍ക്കാത്തതാണ്. രാഷ്ട്രീയ ദുഷ്ടലാക്കോടെ കെട്ടിച്ചമച്ച ഈ കേസ്സിനെ പാര്‍ട്ടി നിയമപരമായി നേരിടുമെന്നും അഡ്വ. അക്ബര്‍ അലി പ്രസ്താവനയില്‍ അറിയിച്ചു.


മഅദനിയുടെ ജാമ്യാപേക്ഷ : ഒരാഴ്ചക്കകം അഭിപ്രായം അറിയിക്കണം കോടതി


ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഒരാഴ്ചക്കകം അഭിപ്രായം സമര്‍പ്പിക്കണമെന്ന് കര്‍ണാടക ഹൈകോടതി പ്രോസിക്യൂഷനോടാവശ്യപ്പെട്ടു. ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.ആനന്ദയാണ് പ്രോസിക്യുഷന് ഒരാഴ്ചത്തെ സമയം അനുവദിച്ചത്.

വെള്ളിയാഴ്ച മുതല്‍ ജനുവരി മൂന്നുവരെ കോടതിയുടെ അവധിക്കാലമായതിനാല്‍ അതിനുശേഷം തടസ്സവാദം സമര്‍പ്പിച്ചാല്‍ പോരേയെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ അടിയന്തര പ്രാധാന്യം പരിഗണിച്ച് നേരത്തേ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് മഅദനിക്കുവേണ്ടി ഹാജരായ അഡ്വ. പി.ഉസ്മാന്‍ അറിയിച്ചു. തുടര്‍ന്ന് ഒരാഴ്ചക്കകം തടസ്സവാദം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരെ മതിയായ തെളിവില്ലെന്ന വാദമാണ് ജാമ്യാപേക്ഷയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ആദ്യ രണ്ട് കുറ്റപത്രങ്ങളിലും പേരില്ലാതിരുന്ന മഅദനിയുടെ പേര് മൂന്നാമത്തെ കുറ്റപത്രത്തിലാണ് പരാമര്‍ശിക്കുന്നത്.
ആദ്യം മഅദനിക്കെതിരെ മൊഴി നല്‍കാതിരുന്ന സാക്ഷികള്‍ പിന്നീടുള്ള ചോദ്യംചെയ്യലിലാണ് മഅദനിക്കെതിരെ മൊഴി നല്‍കിയിട്ടുള്ളതെന്നും അപേക്ഷയില്‍ പറയുന്നു.

ആഗസ്റ്റ് 17ന് അറസ്റ്റ് ചെയ്ത മഅദനിയെ ഇതുവരെ ചോദ്യംചെയ്തിട്ടും തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മഅദനിക്കെതിരെ കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കേസ് വിചാരണ കോടതിക്ക് കൈമാറിയതിനാല്‍ ഇനി കസ്റ്റഡിയില്‍ വേക്കേണ്ട ആവശ്യമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

15.12.10

23ന് പി.ഡി.പി. രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തും

കൊല്ലം:പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്കെതിരെ ജയിലില്‍ നടക്കുന്ന മനുഷ്യാവകാശലംഘനം അവസാനിപ്പിക്കുക, കേസിന്റെ വിചാരണ കര്‍ണാടക സംസ്ഥാനത്തിനു വെളിയില്‍ നടത്തുക, കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്പിക്കുക എന്നിവയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 23ന് പി.ഡി.പി.രാജ്ഭവന്‍ ധര്‍ണ നടത്തുമെന്നു പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ അറിയിച്ചു. മഅദനിയോടു കാണിക്കുന്ന അനീതിക്കെതിരെ മുഖ്യമന്ത്രിയും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണമെന്നും സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


പി.ഡി.പി.കൊല്ലം ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ,സെക്രട്ടറി ഷമീര്‍ തേവലക്കര എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

13.12.10

മഅ്ദനി ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു


മഅ്ദനിയുടെ ജാമ്യപേക്ഷ സെപ്റ്റംബര്‍ 13ന് ബംഗളൂരു അഞ്ചാം അതിവേഗ സെഷന്‍സ് കോടതി തളളിയിരുന്നു. ഡിസംബര്‍ മൂന്നിനാണ് ബംഗളൂരു ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സ്‌ഫോടനക്കേസ് വിചാരണക്കായി സെഷന്‍സ് കോടതിക്ക് കൈമാറിയത്. വിചാരണ ഒരുമാസത്തിനകം തുടങ്ങുമെന്നാണറിയുന്നത്. അറസ്റ്റിലായ ശേഷം മഅ്ദനി 10 ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്


അബ്ദുല്‍ നാസ്സര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണം : ഓള്‍ ഇന്ത്യാ മില്ലി കൌണ്‍സില്‍


മഞ്ചേരി : കള്ളക്കേസ്സില്‍ പെടുത്തി ബംഗ്ലൂര്‍ ജയിലിലടച്ച പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ഓള്‍ ഇന്ത്യ മില്ലി കൌണ്‍സില്‍ പതിനാലാം ദേശീയ കണ്‍വെന്ഷന്‍ പ്രമേയത്തിലൂടെ കര്‍ണ്ണാടക സര്‍ക്കാരിനോടാവശ്യപ്പെട്ടു.ബംഗ്ലൂര്‍ സ്ഫോടനത്തിന്റെ പേരില്‍ വ്യാജ കേസ് ചുമത്തിയാണ് അദ്ദേഹത്തെ തുറുന്കിലടച്ചത്‌ .ആര്‍.എഎസ്.എസിന്റെയും ശ്രീരാമ സേനയുടെയും ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളെ സംരക്ഷിക്കാനും അഴിമതിയില്‍ മുങ്ങിയ ഭരണത്തിന്റെ കെടുകാര്യസ്ഥത മറച്ചുവെക്കാനുമാണ് കര്‍ണ്ണാടക സ്ഫോടനത്തിന്റെ പേരിലുള്ള മുസ്ലിം വേട്ട.മുമ്പ് ഇതുപോലെ കെട്ടിച്ചമച്ച കേസ്സില്‍ ഒമ്പത് വര്‍ഷക്കാലം കോയമ്പത്തൂര്‍ ജയിലില്‍ പീഡനമനുഭവിക്കേണ്ടി വന്ന അദ്ദേഹത്തിന് വേണ്ടി ഒടുവില്‍ കേരള നിയമസഭ പോലും ഐക്യത്തോടെ ആവശ്യപ്പെടുകയുണ്ടായി. നീണ്ട നിയമയുധതിനോടുവിലാണ് അദ്ധേഹത്തിന്റെ മോചനം സാധ്യമായത്. മുഴുവന്‍ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നേതാക്കളും മഅദനിയുടെ മോചനത്തിന് വേണ്ടി കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുതനമെന്നും മില്ലി കൌണ്‍സില്‍ ആവശ്യപ്പെട്ടു. 

10.12.10

അവസാന നിരപരാധിയും ജയില്‍ മോചിതനാകാതെ മനുഷ്യാവകാശ പോരാളികള്‍ തളരരുത് -എസ്.എ.ആര്‍. ഗീലാനി


കൊച്ചി: ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയുന്ന അവസാനത്തെ വ്യക്തിയും മോചിതനാകുന്നതുവരെ മനുഷ്യാവകാശ പോരാളികള്‍ തളരരുതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എസ്.എ.ആര്‍. ഗീലാനി. മനുഷ്യാവകാശപ്പോരാളികള്‍ തളര്‍ന്നാല്‍ മതേതരത്വത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും തളര്‍ന്നു എന്നാണ് അര്‍ഥം.
അതിനാല്‍, ഫാഷിസത്തിനെതിരെ പോരാടുന്നവര്‍ തളരാതെ മുന്നേറണം. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 'മഅ്ദനി നീതി നിഷേധത്തിന്റെ ഇര' എന്ന പ്രമേയവുമായി എറണാകുളത്ത് നടത്തിയ മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ദുന്നാസിര്‍ മഅ്ദനിയടക്കം രാജ്യത്ത് നിരവധി നിരപരാധികള്‍ ജയിലില്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പോരാട്ടങ്ങള്‍ കേരളത്തില്‍മാത്രം ഒതുക്കിനിര്‍ത്താതെ ദല്‍ഹിയടക്കം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍  മതേതരത്വ പാതയിലൂടെ സഞ്ചരിക്കുന്ന ദക്ഷിണേന്ത്യയും സമീപകാലത്തായി ഗുജറാത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നുവെന്നത് അസ്വസ്ഥതയുണ്ടാക്കുന്നു.
മഅ്ദനിയുടെ ജയില്‍വാസം ജനാധിപത്യ സംരക്ഷണത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നമാണ്. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ മഅ്ദനിയെ നിരപാരാധിയെന്നുകണ്ട് വിട്ടയച്ച അതേ സംവിധാനങ്ങള്‍തന്നെയാണ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് ബംഗളൂരു ജയിലില്‍ അടച്ചിരിക്കുന്നത്. കോയമ്പത്തൂര്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം പൊലീസ് കാവലില്‍ കഴിഞ്ഞ മഅ്ദനി സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന ആരോപണംതന്നെ നിയമ വ്യവസ്ഥകളെ നോക്കുകുത്തിയാക്കുന്നതിന് തുല്യമാണ്.
ജനങ്ങളില്‍ പരസ്‌പരം ഭയം കുത്തിവെക്കുന്ന പൊലീസിന്റെ ഇപ്പോഴത്തെ രീതി അപകടകരമാണ്. കുറ്റകൃത്യം നടന്നാല്‍, ബന്ധങ്ങളും മറ്റും അന്വേഷിച്ച് തെളിവുകളുണ്ടാക്കി ഒടുവില്‍ പ്രതികളെ കണ്ടെത്തുന്നതായിരുന്നു മുമ്പത്തെ രീതി. എന്നാല്‍, സംഭവമുണ്ടായാല്‍, ആദ്യം പ്രതികളാരെന്ന് നിശ്ചയിച്ച് പിന്നീട് അതിനനുസരിച്ച് തെളിവുകളും സാഹചര്യങ്ങളും സൃഷ്ടിക്കുന്ന രീതിയാണ് ഇപ്പോള്‍.
 തങ്ങള്‍ പ്രതികളെന്ന് പ്രഖ്യാപിക്കുന്നവരെ ഭീകരന്മാരായി മുദ്രകുത്താന്‍ എല്ലാവിധ മാധ്യമങ്ങളെയും അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. മാധ്യമങ്ങളില്‍ക്കൂടി കഥകള്‍ പടച്ചുവിടുകയാണ് പൊലീസ് ചെയ്യുന്നത്. അബ്ദുന്നാസിര്‍ മഅ്ദനി ഭീകര കൃത്യങ്ങളുടെ സിരാ കേന്ദ്രമാണെന്ന രൂപത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇതിന്റെ ഭാഗമാണ്. താനും ഇത്തരം മാധ്യമ പ്രചാരണങ്ങളുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷത വഹിച്ചു.
 കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മഅ്ദനി മോചിതനായപ്പോള്‍ ഇനി ഇന്ത്യയില്‍ ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാവില്ലെന്ന് വെറുതെയെങ്കിലും മോഹിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അതേ വ്യക്തിയെത്തന്നെ വീണ്ടും ഭരണകൂടം ജയിലിലടച്ചു. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരു ജയിലിലേക്ക് മാറിയെന്ന വ്യത്യാസം മാ്രതം. ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കുകയാണെന്ന് ഈയിടെ ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമായി.
 രാപ്പകല്‍ കാമറകളുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. സമൂഹം ജാഗ്രത്തായിരുന്നില്ലെങ്കില്‍, ഭരണകൂടത്തിന് അനഭിമതനായ ആരും ഭീകരവാദിയെന്ന് മുദ്രകുത്തി പീഡിപ്പിക്കപ്പെടാമെന്നതിന് തെളിവാണ് മഅ്ദനിയെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി. 1991 ന് ശേഷമുള്ള മുഴുവന്‍ സ്‌ഫോടന സംഭവങ്ങളിലും പുനരന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുനരന്വേഷണം നടത്തിയ സംഭവങ്ങളിലെല്ലാം ജയിലില്‍ കിടക്കുന്ന നിരപരാധികള്‍ മോചിപ്പിക്കപ്പെടുകയും യഥാര്‍ഥ പ്രതികള്‍ അകത്താവുകയും ചെയ്തിട്ടുണ്ട്. മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീര്‍ തുടങ്ങിയ സ്‌ഫോടന സംഭവങ്ങളിലെല്ലാം ഇത് വ്യക്തമായതാണ്. അങ്ങനെയാണ് കേണല്‍ പുരോഹിതും പ്രജ്ഞാ സിങും സ്വാമി അസിമാനന്ദയുമെല്ലാം കുടുങ്ങിയത്. 1991 ല്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചതുമുതലാണ് മൊസാദ് ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപകമാക്കിയതും ന്യൂനപക്ഷങ്ങള്‍ വ്യാപകമായി വേട്ടയാടപ്പെടാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ്, പേഴ്‌സണല്‍ ലോ ബോര്‍ഡംഗം അബ്ദുല്‍ ശുക്കൂര്‍ മൗലവി, പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ഡോ. നീലലോഹിതദാസന്‍ നാടാര്‍, ഐ.എന്‍.എല്‍ ട്രഷറര്‍  ഡോ.എ.എ അമീന്‍, ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍, കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി എന്നിവര്‍  സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.എ. സലിം സ്വാഗതവും മഅ്ദനി ഫോറം ജോ. കണ്‍വീനര്‍ പി. മുജീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

ഷാഹിനക്കെതിരായ കേസ്: ദേശീയ മനുഷ്യാവകാശ കമീഷന് പരാതി


ന്യൂദല്‍ഹി: പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ പൊലീസ് ചാര്‍ജ് ചെയ്ത കേസുകളുടെ യഥാര്‍ഥ വസ്തുത പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ തെഹല്‍ക ലേഖിക കെ.കെ ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് സ്വീകരിച്ച പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് പരാതി.
അറിയപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തകയെ ബോധപൂര്‍വം കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണകൂടം അനുവദിച്ചു നല്‍കിയ മാധ്യമ സ്വാതന്ത്ര്യത്തിനുതന്നെ വിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. കെ.കെ. ഷാഹിനക്കും കൂടെയുണ്ടായിരുന്ന നാലു പേര്‍ക്കുമെതിരെയുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കുക. പൊലീസ് പീഡനത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുക എന്നീ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചു.
വെങ്കിടേഷ് രാമകൃഷ്ണന്‍, നിവേദിത മേനോന്‍, സച്ചിന്‍ നാരായണ്‍, ജെന്നി റൊവേന, രാധാകൃഷ്ണന്‍, എം.സി.എ നാസര്‍, കെ. അഷ്‌റഫ്, അനില്‍ വര്‍ഗീസ് എന്നിവരടങ്ങിയ സംഘമാണ് കെ.ജി ബാലകൃഷ്ണനു മുമ്പാകെ നിവേദനം സമര്‍പ്പിച്ചത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെ.ജി ബാലകൃഷ്ണന്‍ സംഘത്തിന് ഉറപ്പു നല്‍കി.

മഅ‌ദനിയുടെ ജയില്‍ വാസം ബി.ജെ.പിയുടെ രാഷ്ട്രീയ ആവശ്യം: ഭാസുരേന്ദ്ര ബാബു

കാസര്‍കോട്‌: ഗുജറാത്ത്‌ ആഭ്യന്തരമന്ത്രി അമീത്‌ ഷായുടെ കൊലപാതകക്കേസിലെ അറസ്റ്റോടെ ഇമേജ്‌ നഷ്ടപ്പെട്ട ബി.ജെ.പിയുടെ രാഷ്ടീയ ആവശ്യമായിരുന്നു മുസ്ലിം പണ്ഡിതനും രാഷ്ട്രീയ നേതാവുമായ അബ്ദുന്നാസര്‍ മഅദനിയുടെ ജയില്‍വാസമെന്ന്‌ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. ജസ്റ്റിസ്‌ ഫോര്‍ മഅ‌ദനി ഫോറം കാസര്‍കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യവകാശ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമാവിഷ്‌കാര സ്വാതന്ത്ര്യത്തിന്‌ വേണ്ടി സംസാരിക്കുന്ന വലിയ പത്രങ്ങള്‍ കടുത്ത പക്ഷപാതിത്വവും അനീതിയുമാണ്‌ മഅ‌ദനിയുടെ മനുഷ്യവകാശ വിഷയത്തിലെടുക്കുന്നത്‌. മഅ‌ദനിയുടെ കുടുംബം തീവ്രവാദ കേന്ദ്രമാണെന്ന പ്രചാരണവും ഒരു പ്രത്യേക സമുദായത്തെ തീവ്രവാദഛായ കൊടുത്ത്‌ അവരുമായി ബന്ധപ്പെടുന്നവരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന മാധ്യമങ്ങള്‍ വിചാരണ ചെയ്യപ്പെടും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ്‌ ഫോര്‍ മഅ‌ദനി ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എച്ച്‌. ഷഹീര്‍ മൗലവി അധ്യക്ഷത വഹിച്ചു. പീഡിത പാര്‍ശ്വവല്‍കൃത സമൂഹത്തിനെതിരെ നമ്മുടെ രാജ്യത്തെ ഭരണകൂട ഭീകരത വര്‍ദ്ധിപ്പിക്കുന്നതായി എച്ച്‌. ഷഹീര്‍ മൗലവി അഭിപ്രായപ്പെട്ടു.
എസ്‌.വൈ.എസ്‌ ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, പി.ഡി.പി സിക്രട്ടറി സുബൈര്‍ സ്വബാഹി, ജമാഅത്ത്‌ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സി.എ മൊയ്‌തീന്‍കുഞ്ഞി, നാഷണല്‍ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ അസീസ്‌ കടപ്പുറം, ബി.എസ്‌.പി സംസ്ഥാന സെക്രട്ടറി വി. രവീന്ദ്രന്‍, എന്‍.എല്‍.യു സെക്രട്ടറി സി.എം.എ ജലീല്‍, സോളിഡാരിറ്റി പ്രസിഡണ്ട്‌ വി.പി. അഷ്‌റഫ്‌, അജിത്‌ കുമാര്‍ ആസാദ്‌, സൈഫുദ്ദീന്‍ മാക്കോട്‌, കെ.എച്ച്‌. മുഹമ്മദ്‌, വി.കെ.പി മുഹമ്മദ്‌, എസ്‌.എം. ബഷീര്‍ കുഞ്ചത്തൂര്‍, മൊയ്‌തു ബേക്കല്‍ കുന്നില്‍, എം.എം.കെ സിദ്ദിഖ്‌, ഉബൈദുല്ല കടവത്ത്‌, ഹമീദ്‌ കുണിയ, ഹമീദ്‌ മൊഗ്രാല്‍, സാദിഖ്‌ മൂലടുക്കം, ടി.എം.സി. സിയാദ്‌ അലി, ഐ.എസ്‌. സക്കീര്‍ ഹുസൈന്‍, ബി.എം. ഹമീദ്‌, ഹമീദ്‌ സീസണ്‍, അബ്ദുറഹ്‌മാന്‍ തെരുവത്ത്‌, യൂനുസ്‌ തളങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ പടുപ്പ്‌ സ്വാഗതവും കണ്‍വീനര്‍ ഷഫീക്ക്‌ നസറുല്ല നന്ദിയും പറഞ്ഞു.

7.12.10

മഅ്ദനി കേസ് അന്വേഷിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കണം -സാംസ്‌കാരിക പ്രവര്‍ത്തകര്‍

മഅ്ദനി കേസ് അന്വേഷിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കണം -സാംസ്‌കാരിക പ്രവര്‍ത്തകര്‍

ന്യൂദല്‍ഹി: മഅ്ദനി കേസ് നിഷ്പക്ഷമായി അന്വേഷിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് ന്യൂദല്‍ഹിയില്‍ വിവിധ സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടനകളും കര്‍ണാടക ഭവന് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ ആവശ്യപ്പെട്ടു. 'തെഹല്‍ക' ലേഖിക ഷാഹിനക്കെതിരായ കര്‍ണാടക പൊലീസ് നടപടിയുടെ വെളിച്ചത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതിപൂര്‍വമായ വിചാരണ ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രചാരണങ്ങളുടെ ഭാഗമാക്കി പൊലീസിനെ മാറ്റുന്നത് നീതീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു.
 കേരളത്തിലെ ഷാഹിനക്കെതിരായ കേസ് മാത്രമായി പ്രശ്‌നത്തെ കാണരുതെന്നും ദേശീയ തലത്തില്‍ വളരുന്ന വര്‍ഗീയതയുടെ ഭാഗമാണിതെന്നും ധര്‍ണയില്‍ സംസാരിച്ച ഡോ. ജി. അരുണിമ പറഞ്ഞു. പൊലീസിന്റെ വാദങ്ങള്‍ വെല്ലുവിളിക്കാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും പൊലീസിന്റെ കെട്ടുകഥകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കാന്‍ പത്രലേഖകര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ജനാധിപത്യത്തിന് നിലനില്‍പില്ലെന്നും ഡോ.നിവേദിത മേനോന്‍ ഓര്‍മിപ്പിച്ചു.
പ്രഫ. എ.കെ. രാമകൃഷ്ണന്‍, ശ്രീരേഖ, സച്ചിന്‍ നാരായണന്‍ എന്നിവരും സംസാരിച്ചു. ജെന്നി റൊവേന, ഹാനി ബാബു, അശ്‌റഫ്. കെ, ബിന്ദു മേനോന്‍, അനില്‍ തായത്ത് വര്‍ഗീസ്, യാസര്‍ അറഫാത്ത് എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
കെ.കെ ഷാഹിനക്കെതിരായ കേസുകള്‍ പിന്‍വലിക്കുക,  കര്‍ണാടക പൊലീസിന്റെ പീഡനങ്ങള്‍ക്കെതിരെ നിഷ്പക്ഷ അന്വേഷണം നടത്തുക, മഅ്ദനി കേസ് നിഷ്പക്ഷമായി അന്വേഷിക്കാന്‍ പത്രപ്രവര്‍ത്തകകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക, മഅ്ദനിക്ക് നീതിപൂര്‍വമായ വിചാരണ ഉറപ്പുവരുത്തുക എന്നീ നാല് ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം റെസിഡന്റ് കമീഷണര്‍ക്ക് കൈമാറിയാണ് ധര്‍ണ അവസാനിപ്പിച്ചത്.

6.12.10

പി.ഡി.പി.യെ തകര്ക്കാമെന്നതു വ്യാമോഹം മാത്രം : അഡ്വ. അക്ബര്‍ അലി 

കൊച്ചി : സാമ്രാജ്യത്വത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ പോരാടാനുള്ള ആര്‍ജ്ജവം പി.ഡി.പി. ക്ക് നഷ്ടപെട്ടിട്ടില്ലെന്നും അത്തരം വ്യാമോഹങ്ങള്‍ അസ്ഥാനത്താണെന്നും പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അല്‍ പ്രസ്താവിച്ചു. പി.ഡി.പി. സംസ്ഥാന തല പ്രതിനിധി സംഗമ ത്തില്‍ ആദ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.  പ്രസ്ഥാനത്തിന്റെ കരുത്തും ശക്തിയും സാധാരണ പ്രവര്‍ത്തകരാണ്.സാമാജ്യത്വത്തിനെതിരെയും ഫാസിസതിനെതിരെയും നീതിക്കുവെണ്ടിയുമുള്ള പോരാട്ടത്തിലെ നായകനാണ് അബ്ദുല്‍ നാസ്സര്‍ മഅദനി.അദ്ദേഹത്തിന് പിന്നില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും വര്‍ക്കിംഗ് ചെയര്‍മാന്‍ പറഞ്ഞു.

പി.ഡി.പി. ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി  പ്രതിനിധികളുടെ അറിവിലെക്കയച്ച 22 പേജുകളുള്ള  കത്ത് സെക്രട്ടറി മുഹമ്മദ്‌ റജീബ് വായിച്ചു കേള്‍പ്പിച്ചു. പാര്‍ട്ടി ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ വീണു പോകാതെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പാര്‍ട്ടി ആദര്‍ശങ്ങള്‍ക്കു കരുത്തു പകരാന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും   കത്തില്‍ ചെയര്‍മാന്‍ ഉത്ബോധിപ്പിച്ചു. ഡിസംബര്‍ ആറ് വഞ്ചനാ ദിനമായി ആചരിക്കാനും ചെയര്‍മാന്റെ മോചനം ആവശ്യപ്പെട്ടു 26 നു രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു.

ട്രഷറര്‍ അജിത്കുമാര്‍ ആസാദ്, വൈസ് ചെയര്‍മാന്‍ യു.കെ. അബ്ദുല്‍ റഷീദ് മോലവി, സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, മാഹിന്‍ ബാദുഷ മൌലവി, അഡ്വ. വള്ളികുന്നം പ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. മുട്ടം നാസ്സര്‍,  തോമസ്‌ മാഞ്ഞൂരാന്‍, കെ.കെ. വീരാന്‍ കുട്ടി, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. ഷമീര്‍ പയ്യനങ്ങാടി, വുമണ്സ് ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ഭാരവാഹികളായ ശ്രീജ മോഹന്‍, സീന കായംകുളം എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി സ്വാഗതവും, എറണാകുളം ജില്ലാ സെക്രട്ടറി വി.എം. മാര്സന്‍ നന്ദിയും പറഞ്ഞു. 

ബാബരി വഞ്ചനാ ദിനം


വീണ്ടുമൊരു ബാബരി ദിനം കൂടി കടന്നു പോവുകയാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദ് ഒരു പറ്റം മദം പൊട്ടിയ മത വെറിയന്മാര്‍ ഭരണകൂട ഒത്താശയൊടെ തകര്‍ത്തെറിഞ്ഞിട്ട് 18 വര്‍ഷം പിന്നിടുകയാണ്. രാജ്യത്തു നടന്ന സാമുദായിക കലാപങ്ങളുമായി ബന്ധപെട്ട് നിരവധി ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു രാജ്യത്തിന്റെ എല്ലാ വിധ സൈനിക സന്നാഹങ്ങളും സാക്ഷി നില്‍ക്കെ വര്‍ഷങ്ങളായി ഒരു മത വിഭാഗം ആരാധിച്ചുപോന്നിരുന്ന ഒരു ആരാധനാലയം തകര്‍ത്തെറിയുമ്പോള്‍ ഖ്യാതിയുള്ള രാജ്യത്തിന്റെ സൈനിക വിഭാഗം ഒരു ലാത്തി ചാര്‍ജ്ജോ, ടിയര്‍ഗ്യാസ് പ്രയോഗമോ നടത്താതെ മൌനം പാലിച്ചു എന്നതു ലജ്ജാവഹമായ ഒരു ഓര്‍മ്മയായി നിലനില്‍ക്കുന്നു.

ലോകത്തിലെ എറ്റവും വലിയ മതേതര സ്വഭാവം നിലനില്ക്കുന്ന രാജ്യത്തിന്റെ മതേതര സ്വഭാവവും അഭിമാനവും ഒരുകൂട്ടം വര്‍ഗീയ കോമരങ്ങള്‍ തകര്‍ത്തെറിയുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മാളത്തില്‍ ഒളിക്കുകയായിരുന്നു.എല്ലാവിധ അതിക്രമങ്ങളും കാട്ടികൂട്ടിയ മത വെറിയന്മാരെ സുരക്ഷിതമായും വേഗത്തിലും വീട്ടിലെത്തിക്കാന്‍ പ്രത്യകമായി ട്രയിന്‍ അനുവദിച്ചു അന്നു രാജ്യം ഭരിച്ചവര്‍!


രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കാള രാത്രികളാണ് ബാബറി തകര്‍ന്ന നാളുകള്‍ സമ്മാനിച്ചത്. തങ്ങളുടെ ആരാധനാലയം തകര്‍ക്കപെട്ട വേദനയില്‍ കഴിയുന്നവരെ ഇന്ത്യയുടെ വ്യാവസായിക നഗരത്തിലുള്‍പ്പെടെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും അതിക്രൂരമായി വേട്ടയാടപെട്ടു.നിരവധി സ്ത്രീകള്‍ പിച്ചി ചീന്തപ്പെട്ടു.അനവധിയാളുകള്‍ ജീവനോടെ ചുട്ടരിക്കപ്പെട്ടു.അതുവരെ പരസ്പരം സൌഹാര്‍ദ്ദത്തിലും സഹവര്‍ത്തിത്വത്തിലും കഴിഞ്ഞിരുന്നവര്‍ പരസ്പരം കൊലവിളി നടത്തി.മാപ്പു പറയലും പ്രഖ്യാപനങ്ങളും മുറ പൊലെ നടന്നു. കൊണ്‍ഗ്രസ്സ് പരസ്യമായി രാജ്യത്തൊടു മാപ്പു പറഞ്ഞു. പക്ഷെ ജനങ്ങളുടെ കയ്യില്‍ പൊടിയിടാനുള്ള പതിവു വിദ്യകള്‍ മാത്രമായിരുന്നു അതൊക്കെയെന്നു പിന്നീടു കാലം തെളിയിച്ചു.മസ്ജിദ് പുനര്‍ നിര്‍മ്മിക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നുള്ള പ്രഖ്യാപങ്ങള്‍ ഇന്നും പ്രഖ്യാപനങ്ങളില്‍ മാത്രം. പതിനെട്ടു വര്‍ഷം പിന്നിട്ടിട്ടും,സംഘ്-പരിവാര്‍ നേതാക്കളുടെ വ്യക്തമായ പങ്കു വെളിപ്പെടുത്തുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടു വന്നിട്ടും,മൌനത്തിലാണു രാജ്യത്തെ എറ്റവും വലിയ മതേതര പാര്‍ട്ടി എന്നതു തീര്ത്തും ദുഃഖകരമാണ്.

രാജ്യത്തു മത ന്യൂനപക്ഷങ്ങളുടെ,പ്രത്യേകിച്ചും മുസ്ലിംകളുടെ ഇടയില്‍ തീവ്രവാദത്തിന്റെ അലയൊലികള്‍ കണ്ടു തുടങ്ങിയതു ബാബരിയുടെ പതനത്തോടെയാണു. അസംതൃപ്തരായ നിരവധി ചെറുപ്പക്കാര്‍ ജനാധിപത്യത്തിന്റെ വഴി വിട്ടു തീവ്രവാദത്തിന്റെ വഴി തേടിയതു ബാബരി സംഭവത്തിനു ശേഷമാണ്. മുസ്ലിം ലീഗില്‍ നിന്നു ഒരു പ്രബല വിഭാഗം ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ നെത്രത്വത്തില്‍ വിട്ടുപോവുകയും ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്കുകയും ചെയതതിനു കാരണവും ബാബരി മസ്ജിദ് സംഭവമായിരുന്നു. ദലിതുകളുടെയും, മുസ്ലിംകളുടെയും ഉന്നതി ലക്ഷ്യം വെച്ചു രൂപീക്രിതമായ പി.ഡി.പി.യുടെ രൂപീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നും ബാബരി തകര്‍ച്ചയായിരുന്നു. ബാബരി മസ്ജിദ് വിഷയം എറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതു കേരളത്തിലാണ്. അതിനു പ്രധാന കാരണം പി.ഡി.പി.യും അബ്ദുല്‍ നാസ്സര്‍ മദനിയും നടത്തിയ ശക്തമായ പോരാട്ടങ്ങളാണ്. ബാബരി വിഷയത്തില്‍ എറ്റവും ആത്മാര്‍തമായ സമീപനം സ്വീകരിച്ച പാര്‍ട്ടി പി.ഡി.പി.മാത്രമായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്. ബാബരി തകര്‍ച്ചക്കു ശേഷം ആദ്യമായി പ്രതിഷേധ സൂചകമായി അയോധ്യയിലേക്കു മാര്‍ച്ചു സംഘടിപ്പിച്ച രാഷ്ട്രീയ പ്രസ്ഥാനം പി.ഡി.പി.യാണ്.

നീതി പൂര്‍വ്വകമായ വിധി പ്രതീക്ഷിച്ചു നിയമ പോരാട്ടത്തിനിറങ്ങിയ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ബാബറി കേസ്സിലെ അലഹബാദ് കോടതി വിധി തീര്‍ത്തും നിരാശാജനകമായിരുന്നു.വിധി അനുകൂലമല്ലാതിരുന്നിട്ടും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ട് പരമോന്നത കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മുസ്ലിം സംഘടനകള്‍. ന്യായമായും നീതി പുലരും എന്ന പ്രതീക്ഷയോടെ. നമുക്കും അങ്ങിനെ പ്രത്യാശിക്കാം.

എം.എം.

കൊച്ചി : സൂഫിയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

കൊച്ചി : ബംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനു നേരെ കര്‍ണ്ണാടക സര്‍ക്കാര്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌   അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ  പത്നി സൂഫിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് നിവേദനം നല്‍കി.

4.12.10

വിമതര്‍ കാണിച്ചത് കര്‍ണാടക പൊലീസിനേക്കാള്‍ വലിയ ക്രൂരത-മഅ്ദനി

ബംഗളൂരു: തന്നെ ജയിലിലടച്ച് രണ്ടാഴ്ച തികയും മുമ്പ് പാര്‍ട്ടിയില്‍ വിമത പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിച്ചവര്‍ വ്യാജ മൊഴികളുടെ അടിസ്ഥാനത്തില്‍ തന്നെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച കര്‍ണാടക പൊലീസിനേക്കാളും വലിയ ക്രൂരതയാണ് കാണിച്ചതെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി. പരപ്പന അഗ്രഹാര ജയിലില്‍നിന്ന് പാര്‍ട്ടി സി.എ.സി. അംഗം അഡ്വ.കാഞ്ഞിരമറ്റം സിറാജ് മുഖേന പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ചെയര്‍മാന്‍  പാര്‍ട്ടിയില്‍ ചിലര്‍ നടത്തുന്ന വിമത പ്രവര്‍ത്തനങ്ങളില്‍ തനിക്കുള്ള ശക്തമായ അമര്‍ഷം പ്രകടിപ്പിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആരെയെങ്കിലും കൂടെ നിര്‍ത്താനുള്ള അവസാനത്തെ അടവായി മഅദനിയുടെ മോചനത്തിനായി സമരം നടത്തുമെന്ന് പറയുന്നവര്‍ താന്‍ ജയിലിലായ ഉടന്‍ 'മഅദനിയില്ലാത്ത' പാര്‍ട്ടിയുണ്ടാക്കി സ്വന്തം ഭാവി സുരക്ഷിതരാക്കാന്‍ ശ്രമിച്ചവരാണ്. മറ്റ് പാര്‍ട്ടികളില്‍ ലയിച്ച് മുന്നണി പ്രവേശം സാധ്യമാക്കാനാണ് ചിലര്‍ വിമത പ്രവര്‍ത്തനം തുടങ്ങിയത്.

ഇവരുടെ സമരത്തിലൂടെ മോചിതനാകുന്നതിനേക്കാള്‍ ഭേദം ജയിലില്‍ അന്ത്യം സംഭവിക്കുന്നതാണ്. ജയിലിലടക്കപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടമായത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കുക എന്ന പ്രഖ്യാപിത നയത്തില്‍നിന്ന് വ്യതിചലിക്കാതെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന ഏതൊരാളിനെയും ചെയര്‍മാനാക്കാന്‍ പൂര്‍ണ സമ്മതമാണെന്ന് മഅ്ദനി പ്രസ്താവനയില്‍ പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി അഴിച്ചുപണിയുന്നതിനെക്കുറിച്ചും വിമതര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ചും അഭിപ്രായം അറിയുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലനിന്നുമുള്ള ഭാരവാഹികളുടെ സ്‌പെഷല്‍ പ്രതിനിധി കണ്‍വെന്‍ഷന്‍ ഞായറാഴ്ച രാവിലെ 10ന് എറണാകുളം സാസ് ടവറില്‍ വിളിച്ചിട്ടുണ്ട്. 'മഅദനിയില്ലാത്ത പി.ഡി.പി' എന്ന ആശയവുമായി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഒന്നുരണ്ട് പേരൊഴികെ മുഴുവന്‍ പാര്‍ട്ടി നേതാക്കളെയും ഒരുമിച്ചുകൊണ്ടുപോകണമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയിലുള്ള ആഗ്രഹം.

മഅദനി വിഷയം : ഇടപെടാമെന്ന വാക്ക് മുഖ്യമന്ത്രി പാലിക്കണം -പി.ഡി.പി

തൊടുപുഴ: മഅദ്‌നിക്കെതിരായ ജയിലിലെ ക്രൂരത പ്രമുഖ നേതാക്കള്‍ നേരില്‍ക്കണ്ട് ബോധ്യപ്പെട്ടിരിക്കെ, മനുഷ്യാവകാശ ലംഘനമുണ്ടെങ്കില്‍ ഇടപെടുമെന്ന വാക്ക് പാലിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅ്ദനിക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, കേസന്വേഷണം ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കുക, കര്‍ണാടകക്ക് പുറത്ത് വിചാരണ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്താനും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

അബ്ദുന്നാസിര്‍ മഅദനിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന പ്രതിനിധി സമ്മേളനം ഈ മാസം അഞ്ചിന് രാവിലെ 10 ന് എറണാകുളം മാസ് ഓഡിറ്റോറിയത്തില്‍  ‍ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബറലിയുടെ അധ്യക്ഷതയില്‍ ചേരും.

 കേന്ദ്ര സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും ദുരിതബാധിതര്‍ക്ക് സമ്പൂര്‍ണ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് ഉടന്‍ നടപ്പാക്കണമെന്നും സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.

പി.ഡി.പി. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

തിരൂര്‍: ആലത്തിയൂര്‍ - കൊടക്കല്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി തിരുനാവായ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടക്കല്‍ ജങ്ഷന്‍ ഉപരോധിച്ചു. സൈതാലിക്കുട്ടി, ഷാജി എടക്കുളം, റഹീസ് പല്ലാര്‍, വഹാബ്, കുഞ്ഞിപ്പ താഴത്തറ എന്നിവര്‍ പ്രസംഗിച്ചു. ഉപരോധത്തിന് സുലൈമാന്‍ ബീരാഞ്ചിറ, എന്‍.വി. അബൂബക്കര്‍ ഹാജി, കെ.പി. നസറുദ്ദീന്‍, സൈഫുദ്ദീന്‍ എന്നിവര്‍ നേതൃത്വംനല്‍കി

അറ്റകുറ്റപ്പണി അനുവദിക്കില്ല- പി.ഡി.പി
പൊന്നാനി: പുതുപെന്നാനി മുതല്‍ കുറ്റിപ്പുറം വരെയുള്ള എടപ്പാള്‍ ചമ്രവട്ടം ജങ്ഷന്‍ റോഡും പുനര്‍നിര്‍മിച്ച് റീടാര്‍ ചെയ്യണമെന്ന് പി.ഡി.പി യോഗം ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടത്താനാണ് നീക്കമെങ്കില്‍ എന്തു വിലകൊടുത്തും തടയുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. മുല്ലശ്ശേരി ബഷീര്‍ അധ്യക്ഷതവഹിച്ചു. ജാഫര്‍അലി ദാരിമി ഉദ്ഘാടനംചെയ്തു. എം.എ. അഹമ്മദ്കബീര്‍, ടി.വി. കുഞ്ഞിമുഹമ്മദ്, കെ.വി. ജലാല്‍, പി. അലി, താഹ, ടി.വി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

ഷാഹിനക്കെതിരായ കേസ്; ദല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച്

ന്യൂദല്‍ഹി: മഅ്ദനി കേസിലെ സാക്ഷികളെ ഇന്റര്‍വ്യു ചെയ്ത് സത്യം പുറത്തുകൊണ്ടു വരാന്‍ ശ്രമിച്ച തെഹല്‍ക ലേഖികയെ കള്ളക്കേസില്‍ കുടുക്കിയ കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരെ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. കേരള ഹൗസില്‍നിന്ന് കര്‍ണാടക ഭവനിലേക്ക് നീങ്ങിയ മാര്‍ച്ച് ജന്തര്‍ മന്ദിറില്‍ പൊലീസ് തടഞ്ഞു.
മഅ്ദനിയുടെ സാക്ഷികളെ പോയി കണ്ട് ഇന്റര്‍വ്യു ചെയ്യാന്‍ 'തെഹല്‍ക'യാണ് ഷാഹിനയെ നിയോഗിച്ചതെന്നും സ്വന്തം കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ഭാഗമായി ഇന്റര്‍വ്യൂ ചെയ്തതിന് പൊലീസ് അവരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത തെഹല്‍ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി പറഞ്ഞു. നന്നേ ചുരുങ്ങിയത് ഷാഹിനയെ പത്രസ്ഥാപനം പറഞ്ഞയച്ചതാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും കര്‍ണാടക പൊലീസ് കാണിക്കേണ്ടിയിരുന്നെന്ന് ഷോമ ഓര്‍മിപ്പിച്ചു.
മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ സ്വാധീനിക്കുന്നത് പോലെ അപകടകരമാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ ഭരണകൂടം വേട്ടയാടുന്നതെന്ന് ഫ്രണ്ട്‌ലൈന്‍, ഹിന്ദു ഡപ്യൂട്ടി എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.
ന്യൂദല്‍ഹി പ്രസ് ക്ലബ് നിര്‍വാഹക സമിതി അംഗം ജോമി തോമസ്, സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ പി. കരുണാകരന്‍ എം.പി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എം.പി, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ദല്‍ഹി ഘടകം പ്രസിഡന്റ് വി.ബി. പരമേശ്വരന്‍, സെക്രട്ടറി കെ. രാധാകൃഷ്ണന്‍, ദല്‍ഹി യൂനിയന്‍ ഓഫ് ജേണലിസ്റ്റ് പ്രസിഡന്റ് എസ്.കെ. പാണ്ഡെ, ഹസനുല്‍ ബന്ന എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ നിന്നുള്ള എം.പിമാരായ ടി.എന്‍. സീമ, പി. രാജീവന്‍, എം.ബി. രാജേഷ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഇന്ത്യാവിഷന്‍ ബ്യൂറോ ചീഫ് മനോജ് മേനോന്‍, ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശം, ചന്ദ്രിക ബ്യൂറോ ചീഫ് മലയില്‍ മുഹമ്മദ് കുട്ടി, മാധ്യമം ചീഫ് റിപ്പോര്‍ട്ടര്‍ എം.സി.എ. നാസര്‍, അമൃത ചാനല്‍ മേഖലാ ചീഫ് കെ. മധു, ദീപിക ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍, കേരള കൗമുദി ബ്യൂറോ ചീഫ് കിരണ്‍ ബാബു, മംഗളം ബ്യൂറോ ചീഫ് ഡി. ധനസുമോദ്, പ്രശാന്ത് (ദേശാഭിമാനി), തോമസ് ഡൊമിനിക് (മലയാള മനോരമ)  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബംഗളൂരു സ്‌ഫോടന കേസ് വിചാരണ സെഷന്‍സ് കോടതിക്ക് കൈമാറി
2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പര േകസ് വിചാരണക്കായി സെഷന്‍സ് കോടതിക്ക് കൈമാറി. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ 32 പ്രതികളുള്ള കേസിന്റെ വിചാരണ ഒരു മാസത്തിനകം ആരംഭിക്കും. വിചാരണക്കുള്ള സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആര്‍. അശോക് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
സ്‌ഫോടന പരമ്പര കേസില്‍ ഇതുവരെ അറസ്റ്റിലായ 19 പ്രതികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വിചാരണ നടപടികള്‍ തുടങ്ങാമെന്ന് കേസന്വേഷിക്കുന്ന ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് വിചാരണ കോടതിക്ക് കൈമാറിയത്.
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ 14 പ്രതികളെയും
ഗുജറാത്ത് ജയിലിലുള്ള അബ്ദുല്‍ സത്താര്‍ എന്ന സൈനുദ്ദീന്‍, മകന്‍  ഷറഫുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍ എന്നിവരെയും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഹാജരാക്കിയത്. കോഴിക്കോട് ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കുന്നതിന് കേരളത്തിലേക്ക് കൊണ്ടുപോയിരുന്ന ഒന്നാം പ്രതി തടിയന്റവിട നസീറിനെയും 19ാം പ്രതി ഷഫാസിനെയും നേരിട്ട് കോടതിയില്‍ ഹാജരാക്കി. ഇതിനുശേഷമാണ് കേസ് വിചാരണക്കായി കൈമാറിയത്.
ഇതുവരെ പിടിയിലായ 19 പ്രതികളുടെയും പിടികിട്ടാനുള്ളതും കശ്മീരില്‍ കൊല്ലപ്പെട്ടവരുമായ മറ്റ് 13 പ്രതികളുടെയും പേരിലുള്ള കുറ്റപത്രങ്ങള്‍ രണ്ടായി വിഭജിച്ചു. 19 പേരുടെ പേരിലുള്ള കുറ്റപത്രമാണ് വിചാരണ കോടതിയിലേക്ക് കൈമാറിയത്. മറ്റ് പ്രതികളെ പിടികൂടുന്നതിനനുസരിച്ച് ഇവരുടെ പേരിലുള്ള കേസും വിചാരണ കോടതിക്ക് കൈമാറും.
കേസ് വിചാരണ കോടതിക്ക് കൈമാറിയ സാഹചര്യത്തില്‍ പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയില്ല. കേസ് ഫയലുകള്‍ എത്തിയശേഷം പ്രതികളെ ഹാജരാക്കുന്നതിന് വിചാരണ കോടതി ബോഡി വാറന്റ് പുറപ്പെടുവിക്കും. തുടര്‍ന്ന് വിചാരണ നടപടികള്‍ ആരംഭിക്കും.

3.12.10

മഅ‌ദനിയുടെ മോചനമാവശ്യപ്പെട്ട്‌ പി.ഡി.പി. നിരന്തര ജനകീയ പ്രക്ഷോഭമാരംഭിക്കും-വര്‍ക്കലരാജ്‌

ജനകീയ മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅ‌ദനിയുടെ മോചനമാവശ്യപ്പെട്ട്‌ പി.ഡി.പി നിരന്തര പ്രക്ഷോഭമാരംഭിക്കുമെന്നു പാര്‍ട്ടിയുടെ സംസ്‌ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി സ്വാമി വര്‍ക്കല രാജ്‌ പ്രസ്‌താവിച്ചു.മഅ‌ദനിയുടെ രണ്ടാം അറസ്‌്റ്റിനു പിന്നാലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, എന്‍ഡോ സള്‍ഫാന്‍ കീടനാശിനി രാജ്യത്തു പൂര്‍ണമായും നിരോധിക്കുക്‌എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുപി.ഡി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മലപ്പുറം ദൂരദര്‍ശന്‍ ഓഫീസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ‌ദനി മോചന സമരങ്ങള്‍ക്കു രൂപം നല്‍കുന്നതിനുവേണ്ടി ഡിസംബര്‍ അഞ്ചിനു എറണാകുളം മാസ്‌ ഓഡിറ്റോറിയത്തില്‍ ഉച്ചയ്‌ക്കു രണ്ടിനു പഞ്ചായത്ത്‌, വാര്‍ഡ്‌ ഭാരവാഹികളെ ഉള്‍പ്പെടുത്തി സംസ്‌ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ബാപ്പു പുത്തനത്താണി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി സുബൈര്‍ സ്വബാഹി മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന സെക്രട്ടറിയേറ്റംഗം യൂസുഫ്‌ പാന്ത്ര, ഐ.എസ്‌.എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ സമീര്‍ പയ്യനങ്ങാടി, പി.സി.എഫ്‌ ജിദ്ദ ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍, ഗഫൂര്‍ മൗലവി,ജില്ലാ സെക്രട്ടറി അഡ്വ. കെ ഷംസുദ്ദീന്‍, ജില്ലാ പ്രസിഡന്റ്‌ നൗഷാദ്‌ മംഗലശേരി പ്രസംഗിച്ചു.


പാര്‍ട്ടിയുടെ ജില്ലാ ഓഫീസ്‌ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചിന്‌ സെക്രട്ടറിയേറ്റംഗം എം മൊയ്‌തുണ്ണിഹാജി, ജില്ലാ വര്‍ക്കിംഗ്‌ സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ അലി കാടാമ്പുഴ, ശശി പൂവന്‍ചിന, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ ജാഫറലി ദാരിമി, അസീസ്‌ വെളിയങ്കോട്‌, നാസര്‍ വെള്ളുവങ്ങാട്‌, പി.ടി.യു.സി ജില്ലാ സെക്രട്ടറി എം.എ അഹമ്മദ്‌ കബീര്‍, സരോജിനി രവി, കല്ലിങ്ങല്‍ മൂസ നേതൃത്വം നല്‍കി.

ഷാഹിനക്കെതിരായ കേസ്: അടിയന്തര നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം


തിരുവനന്തപുരം: വാര്‍ത്താസംബന്ധമായി കേസിലെ സാക്ഷികളോട് സംസാരിച്ചതിന്റെ പേരില്‍ തെഹല്‍ക വാരികയുടെ ലേഖിക കെ.കെ. ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. രാജ്യത്താകെയുള്ള മാധ്യമപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പ്രശ്‌നമെന്ന നിലയില്‍ വിഷയം ഗൗരവത്തോടെ കാണണമെന്നും കര്‍ണാടക മുഖ്യമന്ത്രിയെ നടപടിക്ക് പ്രേരിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഅ്ദനിയെ കുടകില്‍ വെച്ച് കണ്ടു എന്ന് കര്‍ണാടക പൊലീസ് അവകാശപ്പെടുന്ന സാക്ഷികളില്‍ രണ്ട് പേരുമായി സംസാരിച്ച് വാര്‍ത്ത തയാറാക്കുകയാണ് ഷാഹിന ചെയ്തത്. മഅ്ദനി കുടകില്‍ എത്തിയിരുന്നു എന്ന പൊലീസ് അവകാശ വാദം അടിസ്ഥാനരഹിതമാണെന്നാണ് അവരുടെ അന്വേഷണത്തില്‍ വ്യക്തമായത്. കെ.കെ. യോഗാനന്ദ്, റഫീഖ് ബാപ്പട്ടി എന്നിവര്‍ മഅ്ദനിയെ കുടകില്‍ വെച്ച് കണ്ടിരുന്നില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയത്. ഇവരുമായി സംസാരിക്കുന്ന ഘട്ടത്തില്‍ ഷാഹിനക്കെതിരെ കര്‍ണാടക പൊലീസിന്റെ ഭീഷണിയുണ്ടായി. സ്ഥലത്തെത്തിയ സി.ഐ നിങ്ങള്‍ തീവ്രവാദിയാണെന്ന് സംശയിക്കുന്നുവെന്ന് ഷാഹിനയോട് പറഞ്ഞു. പിന്നീട് ഐ.പി.സിയിലെ 506 വകുപ്പ് പ്രകാരം സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കര്‍ണാടക പൊലീസിന്റെ നടപടി മാധ്യമ സ്വതന്ത്ര്യത്തിന്‍മേലുള്ള  കടന്നുകയറ്റമാണ്.
വ്യക്തിയുടെ ജാതി, മതം, ദേശം, വര്‍ണം എന്നിവ നോക്കി പ്രവൃത്തിയെ കൈകാര്യം ചെയ്യുന്ന അവസ്ഥയും ഇതിലുണ്ട്. ഷാഹിന മുസ്‌ലിമായതിനാല്‍ മുസ്‌ലിം സമുദായത്തില്‍പെട്ട ഒരാളുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അന്വേഷണം നടത്തുന്നത് കുറ്റകരമായി കാണുന്ന അവസ്ഥ ഉണ്ടായതായി ആശങ്കപ്പെടുന്നതായും അവര്‍ പറഞ്ഞു.
ബി.ആര്‍.പി ഭാസ്‌കര്‍, എസ്. ജയചന്ദ്രന്‍ നായര്‍, എന്‍.ആര്‍.എസ് ബാബു, ശശികുമാര്‍, പോള്‍ സക്കറിയ, എം.പി. അച്യുതന്‍ എം.പി, എന്‍. മാധവന്‍കുട്ടി, സെബാസ്റ്റിയന്‍ പോള്‍, എസ്.ആര്‍. ശക്തിധരന്‍, നീലന്‍, എന്‍.പി. രാജേന്ദ്രന്‍, കെ.പി. മോഹനന്‍, വി.എം. ഇബ്രാഹിം, എന്‍.പി.ചന്ദ്രശേഖരന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, എന്‍.പി. ചേക്കുട്ടി, എം.ജി. രാധാകൃഷ്ണന്‍, എന്‍. പത്മനാഭന്‍, സി. ഗൗരിദാസന്‍ നായര്‍, മനോഹരന്‍ മോറായി, കെ.സി. രാജഗോപാല്‍, എം.എം. സുബൈര്‍ എന്നിവര്‍ ഒപ്പിട്ട കത്താണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.